ചണ്ഡീഗഡ്: ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്‌സിനെ സ്വന്തം തട്ടകത്തില്‍ എട്ടു വിക്കറ്റിനു നാണംകെടുത്തി ഐപിഎല്‍ ഫൈനലിലേക്കു കുതിച്ചിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂലു. തീപാറുമെന്നു പ്രതീക്ഷിക്കപ്പെട്ട പോരില്‍ പക്ഷെ തീപാറിയത് ആര്‍സിബി ബൗളര്‍മാരുടെ കൈകളില്‍ നിന്നായിരുന്നു. തീപ്പൊരി ബൗളിങുമായി അവര്‍ കളംവാണപ്പോള്‍ പഞ്ചാബ് അക്ഷരാര്‍ഥത്തില്‍ ചാരമായി മാറി.
വെറും 102 റണ്‍സിന്റെ ചെറിയ ലക്ഷ്യം മാത്രമാണ് ആദ്യ ക്വാളിഫയറില്‍ ആര്‍സിബിക്കു നല്‍കാന്‍ പഞ്ചാബ് ബാറ്റിങ് നിരയ്ക്കായത്. മുന്‍ മല്‍സരങ്ങളില്‍ വലിയ ടോട്ടലുകള്‍ കുറിച്ചിട്ടുള്ള പഞ്ചാബ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകരുകയായിരുന്നു. 102 റണ്‍സെന്ന ആര്‍സിബി വളരെ അനായാസം മറികടന്നു. വെറും 10 ഓവറില്‍ രണ്ടു വിക്കറ്റിനു അവര്‍ ജയവും ജൂണ്‍ മൂന്നിനുള്ള കലാശപ്പോരിനും ടിക്കറ്റ് വാങ്ങുകയായിരുന്നു.
വിരാട് കോലി (12) പെട്ടെന്നു മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ ഫില്‍ സാള്‍ട്ട്- മായങ്ക് അഗര്‍വാള്‍ ജോടി 54 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ആര്‍സിബി ജയമുറപ്പിച്ചു. 27 ബോളില്‍ ആറു ഫോറും മൂന്നു സിക്‌സറുമടക്കം പുറത്താവാതെ 56 റണ്‍സെടുത്ത സാള്‍ട്ടാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍.

നാണംകെട്ട തോല്‍വിയേറ്റു വാങ്ങേണ്ടി വന്നെങ്കിലും പഞ്ചാബ് പുറത്തായിട്ടില്ല. ഫൈനലിലെത്താന്‍ അവര്‍ക്കു മുന്നില്‍ ഒരവസരം കൂടിയുണ്ട്. ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള എലിമിനേറ്ററിലെ വിജയികളുമായി രണ്ടാം ക്വാളിഫയറാണ് ഇനി പഞ്ചാബിനു മുന്നിലുള്ളത്. അതില്‍ ജയിച്ചാല്‍ പഞ്ചാബിനു ആര്‍സിബിയുമായുള്ള ഫൈനലിനു യോഗ്യത നേടാം.
ബാറ്റിങ് ദുരന്തം
ആര്‍സിബിക്കെതിരേ ശരിക്കും പഞ്ചാബ് കിങ്‌സിന്റെ ബാറ്റിങ് ദുരന്തം തന്നെയാണ് സ്വന്തം തട്ടകത്തില്‍ കണ്ടത്. വെറും മൂന്നു പേര്‍ മാത്രമേ അവരുടെ ബാറ്റിങ് ലൈനപ്പില്‍ രണ്ടക്കം കടന്നുള്ളൂ. ഇതിലാവട്ടെ 20ന് മുകളില്‍ നേടിയത് ഒരാള്‍ മാത്രം. 26 റണ്‍സെടുത്ത ഓസീസ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസാണ് അവരുടെ ടോപ്‌സ്‌കോറര്‍. 17 ബോളില്‍ രണ്ടു വീതം ഫോറും സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
18 റണ്‍സ് വീതമെടുത്ത പ്രഭ്‌സിമ്രന്‍ സിങും അസ്മത്തുള്ള ഒമര്‍സായിയുമാണ് രണടക്കത്തിലെത്തിയ മറ്റു കളിക്കാര്‍. പവര്‍പ്ലേയില്‍ തന്നെ പഞ്ചാബിന്റെ പോക്ക് എങ്ങോട്ടാണെന്നു വ്യക്തമായിരുന്നു. നാലു വിക്കറ്റുകളാണ് അവര്‍ ആറോവറില്‍ കളഞ്ഞുകുളിച്ചത്. നേടാനായത്് 48 റണ്‍സ് മാത്രം. പ്രിയാന്‍ഷ് ആര്യ (7), പ്രഭ്‌സിമ്രന്‍ സിങ് (18), നായകന്‍ ശ്രേയസ് അയ്യര്‍ (2), ജോഷ് ഇംഗ്ലിസ് (4) എന്നിവരാണ് പുറത്തായത്.
പവര്‍പ്ലേയ്ക്കു ശേഷം നല്ലൊരു കൂട്ടുകെട്ടുണ്ടാക്കി പഞ്ചാബ് കളിയിലേക്കു തിരികെ വരുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. മധ്യ ഓവറുകളിലും അവരുടെ വിക്കറ്റുകള്‍ വീണു കൊണ്ടേയിരുന്നു. പിച്ചും സാഹചര്യവും നോക്കാതെ അമിത അഗ്രസീവ് ശൈലിയില്‍ ബാറ്റ് ചെയ്ത് പഞ്ചാബ് ബാറ്റര്‍മാര്‍ വിക്കറ്റുകള്‍ കളഞ്ഞു കുളിക്കുന്നത് തുടര്‍ന്നു.

നാലിനു 48ല്‍ നിന്നും 11 ഓവറാവുമ്പോഴേക്കും അവര്‍ എട്ടിനു 78ലേക്കും കൂപ്പുകുത്തി. ഇതോടെ അവര്‍ 100 പോലും കടക്കുമോയെന്നും സംശയിച്ചു. എന്നാല്‍ അസ്മത്തുള്ള ടീമിനെ 100 കടത്തുകയായിരുന്നു. ഒടുവില്‍ 14.1 വെറും 101ന് ടീം കൂടാരവും കയറി. മൂന്നു വിക്കറ്റുകള്‍ വീതം പിഴുത ജോഷ് ഹേസല്‍വുഡും സുയാഷ് ശര്‍മയുമാണ് പഞ്ചാബിന്റെ അന്തകരായത്. യഷ് ദയാല്‍ രണ്ടു വിക്കറ്റുകളും നേടി.
ടോസിനു ശേഷം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു നായകന്‍ രജത് പാട്ടിധാര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റത്തോടെയാണ് പഞ്ചാബ് ഇറങ്ങിയത്. മാര്‍ക്കോ യാന്‍സനു പകരം അസ്മത്തുള്ള ഒമാര്‍സായ് ടീമിലേക്കു വന്നു.
മറുഭാഗത്തു ആര്‍സിബിയിലും മാറ്റമുണ്ടായിരുന്നു. പരിക്കില്‍ നിന്നും മുക്തനായി നായകന്‍ പാട്ടിധാര്‍ തിരിച്ചെത്തിയതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നുവാന്‍ തുഷാരയ്ക്കു പകരം തകര്‍പ്പന്‍ ഫോമിലുള്ള ജോഷ് ഹേസല്‍വുഡും ആര്‍സിബിയിലേക്കു മടങ്ങിയെത്തി.
പ്ലെയിങ് ഇലവന്‍
പഞ്ചാബ് കിങ്‌സ്- പ്രഭ്‌സിമ്രാന്‍ സിംഗ്, പ്രിയാന്‍ഷ് ആര്യ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, അസ്മത്തുള്ള ഒമര്‍സായി, ഹര്‍പ്രീത് ബ്രാര്‍, അര്‍ഷ്ദീപ് സിങ്, വിജയ്കുമാര്‍ വൈശാഖ്.
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു- വിരാട് കോലി, ഫില്‍ സാള്‍ട്ട്, രജത് പാട്ടിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ.