ബെംഗളൂരു: മഴയ്ക്കു പിന്നാലെ ചിന്നസ്വാമിയില്‍ പഞ്ചാബ് ബൗളര്‍മാരും അഴിഞ്ഞാടിയപ്പോള്‍ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു സീസണിലെ മൂന്നാം തോല്‍വി. മഴയെ തുടര്‍ന്നു 14 ഓവര്‍ വീതമായി വെട്ടിക്കുറിച്ച പോരാട്ടത്തില്‍ അഞ്ചു വിക്കറ്റിന്റെ മിന്നും വിജയമാണ് ശ്രേയസ് അയ്യരും സംഘവും സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിയെ 14 ഓവറില്‍ 95 റണ്‍സിലൊതുക്കിയരപ്പോള്‍ തന്നെ പഞ്ചാബിനു വിജയമുറപ്പായിരുന്നു. റണ്‍ചേസില്‍ അല്‍പ്പമൊന്നു പതറിയെങ്കിലും 12.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് വിജയത്തിലേക്കു കുതിച്ചെത്തുകയും ചെയ്തു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പോയിന്റ് പട്ടികയില്‍ പഞ്ചാബ് രണ്ടാം സ്ഥാനത്തേക്കും ഉയര്‍ന്നിരിക്കുകയാണ്.

ഹീറോയായി വദേര
96 റണ്‍സിന്റെ വിജയലക്ഷ്യം പഞ്ചാബ് കിങ്‌സിനു അത്ര എളുപ്പമായിരുന്നില്ല. തുടക്കത്തില്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്ത ആര്‍സിബി റണ്‍ചേസ് ദുഷ്‌കരമാക്കി. ഇതിനിടെ വിക്കറ്റുകളും വീണു കൊണ്ടിരുന്നു. പ്രഭ്‌സിമ്രന്‍ സിങ് (16), പ്രിയാന്‍ഷ് ആര്യ (13), നായകന്‍ ശ്രേയസ് അയ്യര്‍ (7), ജോഷ് ഇംഗ്ലിസ് (14), ശശാങ്ക് സിങ് (1) എന്നിവരെല്ലാം പുറത്തായെങ്കിലും നെഹാല്‍ വദേര (33*) പഞ്ചാബിന്റെ ഹീറോയായി.
വെറും 19 ബോളിലാണ് മൂന്നു വീതം ഫോറും സിക്‌സറുമടക്കം വദേര മല്‍സരം പഞ്ചാബിനു അനുകൂലാക്കിയത്. ആര്‍സിബിക്കായി ജോഷ് ഹേസല്‍വുഡ് മൂന്നും ഭുവനേശ്വര്‍ കുമാര്‍ രണ്ടും വിക്കറ്റുകളെടുത്തു.
മാനംകാത്തത് ഡേവിഡ്
സ്വന്തം കാണികള്‍ക്കു മുന്നില്‍ സീസണിലെ ആദ്യ വിജയം ലക്ഷ്യമിട്ടിറങ്ങിയ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ചതിച്ചത് ബാറ്റിങ് ലൈനപ്പാണ്. അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സാണ് 14 ഓവറില്‍ ആര്‍സിബിക്കു നേടാനായത്. ഒരു ഘട്ടത്തില്‍ 65 റണ്‍സ് പോലും നേടില്ലെന്നു കരുതിയ ആര്‍സിബി ടോട്ടല്‍ 95ലെത്തിച്ചത് ടിം ഡേവിഡിന്റെ ഫിഫ്റ്റിയാണ്.
26 ബോളില്‍ അഞ്ചു ഫോറും മൂന്നു സിക്‌സറുമടക്കം അദ്ദേഹം പുറത്താവാതെ നിന്നു. ഡേവിഡിന്റെ കന്നി ഐപിഎല്‍ ഫിഫ്റ്റി കൂടിയാണിത്. ഡേവിഡിനെക്കൂടാതെ ക്യാപ്റ്റന്‍ രജസ് പാട്ടിധാറാണ് (23) രണ്ടക്കം കടന്ന മറ്റൊരു ആര്‍സിബി താരം. പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്, മാര്‍ക്കോ യാന്‍സന്‍, യുസ്വേന്ദ്ര ചഹല്‍, ഹര്‍പ്രീത് ബ്രാര്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളെടുത്തു.
14 ഓവര്‍ വീതമായി വെട്ടിക്കുറച്ച മല്‍സരത്തില്‍ ടോസിനു ശേഷം പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 7.30നു തുടങ്ങേണ്ടിയിരുന്ന കളി മഴയെ തുടര്‍ന്നു രണ്ടു മണിക്കൂറിലേറെ വൈകിയാണ് ആരംഭിച്ചത്. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് പഞ്ചാബ് ഇറങ്ങിയത്. ഗ്ലെന്‍ മാക്‌സ്വെല്ലിനു പകരം മാര്‍ക്കസ് സ്റ്റോയ്‌നിസ് ടീമിലേക്കു വന്നു. സ്പിന്നര്‍ ഹര്‍പ്രീത് ബ്രാറും ടീമിലേക്കു എത്തി.

പോരാട്ടം ഇതുവരെ
പുതിയ നായകനായി രജത് പാട്ടിധാര്‍ വന്നതോടെ ഈ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ സമയവും തെളിഞ്ഞിരിക്കുകയാണ്. ബാറ്റിങിലും ബൗളിങിലും ഒരുപോലെ മികവ് പുലര്‍ത്താന്‍ അവര്‍ക്കായിട്ടുണ്ട്. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ അവരുടെ തട്ടകത്തില്‍ ഏഴു വിക്കറ്റിനു തകര്‍ത്തുകൊണ്ടാണ് അവര്‍ തുടങ്ങിയത്.
പഴയ ആര്‍സിബിയല്ല തങ്ങളെന്നും ഇത്തവണ കന്നിക്കിരീടത്തിനായി ഒരുങ്ങിത്തന്നെയാണ് വന്നിരിക്കുന്നതെന്നും ഈ കളിയില്‍ അവര്‍ എതിരാളികള്‍ക്കും മുന്നറിയിപ്പ് നല്‍കി. രണ്ടാമങ്കത്തില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും അവര്‍ നിലം തൊടീച്ചില്ല. ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ 50 റണ്‍സിനു ചെന്നൈയെ ആര്‍സിബി തീര്‍ക്കുകയായിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്ത്രില്‍ അവര്‍ ചെപ്പോക്കില്‍ ജയിച്ചതും ഇതാദ്യമാണ്.
പക്ഷെ മൂന്നാം റൗണ്ടില്‍ ആര്‍സിബിക്കു ഹാട്രിക്ക് വിജയം ലഭിച്ചില്ല. ഗുജറാത്ത് ടൈറ്റന്‍സിനോടു എട്ടു വിക്കറ്റിന്റെ കനത്ത പരാജയമാണ് അവര്‍ക്കു നേരിടേണ്ടി വന്നത്. ഈ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് നാലാമത്തെ കളിയില്‍ ആര്‍സിബി ശക്തമായി തിരിച്ചുവന്നു. അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനെ ത്രില്ലറില്‍ 12 റണ്‍സിനാണ് അവര്‍ വീഴ്ത്തിയത്.
അഞ്ചാമത്തെ മല്‍സരത്തില്‍ ആര്‍സിബിക്കു വിജയമാവര്‍ത്തിക്കാനായില്ല. ബാറ്റിങ് നിര നിറം മങ്ങിയപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു ആറു വിക്കറ്റിനാണ് അവര്‍ തോല്‍വി സമ്മതിച്ചത്. എന്നാല്‍ അവസാന കളിയില്‍ ആര്‍സിബി വിജയവഴിയില്‍ തിരിച്ചെത്തി. രാജസ്ഥാന്‍ റോയല്‍സിനെ ഒമ്പതു വിക്കറ്റിനു പാട്ടിധാറും സംഘവും വാരിക്കളയുകയായിരുന്നു.
അതേസമയം, പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു കീഴില്‍ പഞ്ചാബ് കിങ്‌സും ഗംഭീര പ്രകടനമാണ് നടത്തുന്നത്. സീസണിലെ കിരീട ഫേവറിറ്റുകളിലൊന്നായി അവര്‍ ഇതിനകം മാറിക്കഴിഞ്ഞു. ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ജയിച്ചാണ് പഞ്ചാബ് സീസണിനു തുടക്കമിട്ടത്. റണ്‍മഴ കണ്ട ആദ്യ കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 11 റണ്‍സിനായിരുന്നു പഞ്ചാബിന്റെ വിജയം.
രണ്ടാമത്തെ കളിയില്‍ റിഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അവര്‍ നിഷ്പ്രഭരാക്കി. എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. പക്ഷെ അവരുടെ ഹാട്രിക്ക് വിജയം രാജസ്ഥാന്‍ റോയല്‍സ് തടഞ്ഞു. 50 റണ്‍സിന്റെ കനത്ത പരാജയമാണ് ശ്രേയസിനും സംഘത്തിനും നേരിട്ടത്.
നാലാ റൗണ്ടില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 18 റണ്‍സിനു തകര്‍ത്ത് പഞ്ചാബ് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി. പക്ഷെ അടുത്ത കളിയില്‍ അവര്‍ വീണ്ടും തോല്‍വിയിയിലേക്കു വീണു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു എട്ടു വിക്കറ്റിനാണ് പഞ്ചാബ് പഞ്ചറായത്. അവസാന കളിയില്‍ ജയവുമായി അവര്‍ വീണ്ടും താളം വീണ്ടെുത്തിരിക്കുകയയാണ്. 111 റണ്‍സ് മാത്രം പിറന്ന കളിയില്‍ അതു പ്രതിരോധിച്ചാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ പഞ്ചാബ് സ്തബ്ധരാക്കിയത്.
ഇന്നത്തെ കളിയിലെ 11
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു- ഫില്‍ സാള്‍ട്ട്, വിരാട് കോലി, രജത് പാട്ടിധാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, യാഷ് ദയാല്‍, സുയാഷ് ശര്‍മ.
പഞ്ചാബ് കിങ്‌സ്-പ്രിയാന്‍ഷ് ആര്യ, പ്രഭ്സിമ്രാന്‍ സിംഗ്, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയിനിസ്, ശശാങ്ക് സിംഗ്, മാര്‍ക്കോ യാന്‍സെന്‍, ഹര്‍പ്രീത് ബ്രാര്‍, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിംഗ്.