For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: കൊടുങ്കാറ്റായി ഷെപ്പേര്‍ഡ്!! ഹീറോയായി ദയാലും; ത്രില്ലറില്‍ ആര്‍സിബി നേടി

ബെംഗളൂരു: ഐപിഎല്‍ പ്ലേഓഫ് പ്രതീക്ഷ അസ്മിച്ചിട്ടും ആശ്വാസ ജയം പോലുമില്ലാതെ വീണ്ടും വീണ്ടും തോല്‍വികളിലേക്കു കൂപ്പുകുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അവസാനത്തെ ബോളിലേക്കു നീണ്ട ത്രില്ലറില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു രണ്ടു റണ്‍സിന്റെ പരാജയമാണ് ചെന്നൈക്കു നേരിട്ടത്. ഇതോടെ 16 പോയിന്റുമായി പ്ലേഓഫ് ബെര്‍ത്തും ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ് ആര്‍സിബി.

214 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ചെന്നൈക്കു മുന്നില്‍ ആര്‍സിബി വച്ചത്. ഈ ടോട്ടലിലേക്കു അവസാന ബോള്‍ വരെ സിഎസ്‌കെ വീറോടെ പൊരുതിയെങ്കിലും അഞ്ചു വിക്കറ്റിനു 211 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.

കൗമാര താരം ആയുഷ് മാത്രെയും (94) രവീന്ദ്ര ജഡേജയും (77*) അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിച്ചെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല. 48 ബോളില്‍ ഒമ്പതു ഫോറും അഞ്ചു സിക്‌സറുമുള്‍പ്പെട്ടതാണ് മാത്രെയുടെ ഇന്നിങ്‌സ്. ജഡേജ 45 ബോളില്‍ എട്ടു ഫോറും രണ്ടു സിക്‌സറുമടിച്ചു.

RCB

യഷ് ദയാലെറിഞ്ഞ അവസാന ഓവറില്‍ ചെന്നൈയ്ക്കു ജയിക്കാന്‍ 15 റണ്‍സാണ് ജഡേജയും നായകന്‍ എംഎസ് ധോണിയുമായിരുന്നു. ആദ്യ രണ്ടു ബോളില്‍ രണ്ടു സിംഗിള്‍ മാത്രമേ ദയാല്‍ വിട്ടുകൊടുത്തുള്ളൂ. അടുത്ത ബോളില്‍ ധോണിയെ അദ്ദേഹം വിക്കറ്റിനു മുന്നില്‍ കുരുക്കി.

തുടര്‍ന്ന് ശിവം ദുബെ ക്രീസില്‍. ജയിക്കാന്‍ മൂന്നു ബോളില്‍ വേണ്ടത് 13. ആദ്യ ബോളില്‍ തന്നെ ദുബെയുടെ സിക്‌സര്‍. ഇതു നോ ബോളുമായിരുന്നു. മൂന്നു ബോളില്‍ ജയിക്കാന്‍ വെറും ആറു റണ്‍സ് മതിയായിരുന്നു. പക്ഷെ മൂന്നു സിംഗിള്‍ മാത്രമേ ദയാല്‍ നല്‍കിയുള്ളൂ.

മൂന്നാം വിക്കറ്റില്‍ മാത്രെ- ജഡേജ സഖ്യം ചേര്‍ന്നെടുത്ത 112 റണ്‍സാണ് ചെന്നൈയെ ജയത്തിനിരികെ വരെയെത്തിച്ചത്. പക്ഷെ മാത്രെയും ഡെവാള്‍ഡ് ബ്രെവിസും (0) അടുത്തടുത്ത ബോളില്‍ പുറത്തായത് ചെന്നൈയുടെ വിജയപ്രതീക്ഷയെ ബാധിക്കുകയായിരുന്നു. ആര്‍സിബിക്കായി ലുംഗി എന്‍ഗിഡി മൂന്നു വിക്കറ്റുകളെടുത്തു.

തകര്‍പ്പന്‍ തുടക്കം, പിന്നെ ഷെപ്പേര്‍ഡ് ഷോ

സ്വന്തം കാണികള്‍ക്കു മുന്നില്‍ തകര്‍ത്തടിച്ച റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു ടീം അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 213 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. വിരാട് കോലി (62), ജേത്തബ് ബെതെല്‍ (55), റൊമാരിയോ ഷെപ്പേര്‍ഡ് (53*) എന്നിവരുടെ അഗ്രസീവ് ഫിഫ്റ്റികളാണ് ആര്‍സിബിയെ ശക്തമായ നിലയിലെത്തിച്ചത്.

തകര്‍പ്പന്‍ തുടക്കമാണ് കോലി- ബെതെല്‍ ജോടി ആര്‍സിബിക്കു നല്‍കിയത്. ഒാപ്പണിങ് വിക്കറ്റില്‍ ഇരുവരും 97 റണ്‍സ് വാരിക്കൂട്ടി. വെറും 59 ബോളുകളിലാണിത്. ഈ സീസണില്‍ ആര്‍സിബിയുടെ ഓപ്പണിങ് വിക്കറ്റിലെ ഏറ്റവും മികച്ച സ്‌കോര്‍ കൂടിയാണിത്. 33 ബോളില്‍ എട്ടു ഫോറും ഫോറും രണ്ടു സിക്‌സറുമടക്കം 55 റണ്‍സെടുത്ത ബെതെലിനെ പുറത്താക്കി മതീശ പതിരാനയാണ് ചെന്നൈക്കു കാത്തിരുന്ന ബ്രേക്ക്ത്രൂ സമ്മാനിച്ചത്.

ബെതെല്‍ മടങ്ങിയെങ്കിലും കോലി അഗ്രസീവ് ബാറ്റിങ് തുടര്‍ന്നു. പക്ഷെ അധികനേരം അദ്ദേഹത്തെ സിഎസ്‌കെ തുടരാന്‍ അനുവദിച്ചില്ല. ടീം ടോട്ടല്‍ 121ല്‍ വച്ച് കോലി വീണു. സാം കറെനയിരുന്നു വിക്കറ്റ്. 33 ബോളില്‍ അഞ്ചു വീതം ഫോറും സിക്‌സറുമടങ്ങുന്ന തീപ്പൊരി ബാറ്റിങാണ് കോലി കാഴ്ചവച്ചത്. അദ്ദേഹം മടങ്ങിയ ശേഷം ആര്‍സിബിയുടെ റണ്ണൊഴുക്കും മുറിഞ്ഞു. പിന്നീട് എത്തിയവരെല്ലാം റണ്ണെടുക്കാന്‍ പാടുപെട്ടു.

SHEPERD

ദേവ്ദത്ത് പടിക്കല്‍ (17), ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍ (11), ജിതേഷ് ശര്‍മ (7) എന്നിവരെല്ലാം വരിവരിയായി മടങ്ങിയതോടെ ആര്‍സിബി ശരിക്കും വഴിമുട്ടി. 18 ഓവര്‍ കഴിയുമ്പോള്‍ ആര്‍സിബി അഞ്ചിനു 159 റണ്‍സെന്ന നിലയിലായിരുന്നു.

ഇതോടെ 190 റണ്‍സ് പോലും അവര്‍ എത്തുമോയെന്നു സംശയമായിരുന്നു. എന്നാല്‍ ഖലീല്‍ അഹമ്മദിന്റെ 19ാം ഓവറില്‍ റണ്‍മഴയാണ് കണ്ടത്. 33 റണ്‍സാണ് ഓവറില്‍ പിറന്നത്. 6, 6, 4, 6, 6 (നോ ബോള്‍), 0, 4 എന്നിങ്ങനെയാണ് ഈ ഓവറില്‍ ഷെപ്പേര്‍ഡ് കൊടുങ്കാറ്റായി മാറിയത്.

അവസാന ഓവറില്‍ പതിരാനയും ഷെപ്പേര്‍ഡിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. രണ്ടു വീതം ഫോറും സിക്‌സറുമടക്കം 21 റണ്‍സാണ് ഷെപ്പോര്‍ഡ് ഈ ഓവറില്‍ അടിച്ചെടുത്തത്. അവസാന ബോളിലെ സിക്‌സറോടെ ഷെപ്പേര്‍ഡ് തന്റെ ഫിഫ്റ്റിയും പൂര്‍ത്തിയാക്കി.

വെറും 14 ബോളുകളില്‍ നിന്നാണിത്. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയെന്ന റെക്കോര്‍ഡിനൊപ്പവും ഷെപ്പേര്‍ഡ് എത്തി. അഞ്ചിനു 159ല്‍ നിന്നാണ് വെറും രണ്ടോവര്‍ കൊണ്ട് ഷെപ്പോര്‍ഡ് ടീം ടോട്ടല്‍ 213 റണ്‍സിലെത്തിച്ചത്.

ടോസിനു ശേഷം സിഎസ്‌കെ നായകന്‍ എംഎസ് ധോണി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് ചെന്നൈ ഇറങ്ങിയത്. മറുഭാഗത്ത് ആര്‍സിബി ഒരു മാറ്റം വരുത്തി. ജോഷ് ഹേസല്‍വുഡിനു പകരം ലുംഗി എന്‍ഗിഡി ടീമിലേക്കു വന്നു.

പോരാട്ടം ഇതുവരെ

മികച്ച രീതിയിലാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഈ സീസണ്‍ ആരംഭിച്ചത്. ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും മികച്ച വിജയം കൊയ്യാന്‍ രജത് പാട്ടിധാറിനും സംഘത്തിനും സാധിച്ചു. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സായിരുന്നു എതിരാളികള്‍. ഏഴു വിക്കറ്റിന്റെ ആധികാരിക വിജയമാണ് ആര്‍സിബി സ്വന്തമാക്കിയത്. രണ്ടാമങ്കത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ചെപ്പോക്കില്‍ 50 റണ്‍സിനും ആര്‍സിബി മുക്കി.

പക്ഷെ മൂന്നാം റൗണ്ടില്‍ ആര്‍സിബി വന്‍ തോല്‍വി വഴങ്ങി. ഗുജറാത്ത് ടൈറ്റന്‍സിനോടു എട്ടു വിക്കറ്റിനാണ് അവര്‍ തരിപ്പണമായത്. അടുത്ത കളിയില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ 12 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം നേടാന്‍ ആര്‍സിബിക്കു കഴിഞ്ഞു. അഞ്ചാം റൗണ്ടില്‍ പക്ഷെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു മുന്നില്‍ അവര്‍ കീഴടങ്ങി. ആറു വിക്കറ്റിന്റെ പരാജയമാണ് നേരിട്ടത്.

രാജസ്ഥാന്‍ റോയല്‍സിനെ ഒമ്പതു വിക്കറ്റിനു നാണംകെടുത്തി ആര്‍സിബി ഈ തോല്‍വിയുടെ ക്ഷീണം തീര്‍ക്കുകയായിരുന്നു. പക്ഷെ മഴയെ തുടര്‍ന്നു 14 ഓവറുകള്‍ വീതമായി കുറച്ച അടുത്ത മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സിനോടു അഞ്ചു വിക്കറ്റിനു ആര്‍സിബി കീഴടങ്ങി. അതിനു ശേഷം ഹാട്രിക്ക് വിജയമാണ് അവരെ തേടിയെത്തിയത്. പഞ്ചാബ് കിങ്‌സിനെ ഏഴു വിക്കറ്റിനും രാജസ്ഥാന്‍ റോയല്‍സിനെ 11 റണ്‍സിനും ഡല്‍ഹി ക്യാപ്പിറ്റല്‍ലിനെ ആറു വിക്കറ്റിനും ആര്‍സിബി തുരത്തുകയായിരുന്നു.

അതേസമയം, ചെന്നൈ സൂപ്പര്‍ കിങ്‌സ് നന്നായി തന്നെയാണ് സീസണ്‍ ആരംഭിച്ചത്. ചെപ്പോക്കിലെ ആദ്യ കളിയില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്താന്‍ ആര്‍സിബിക്കായിരുന്നു. നാലു വിക്കറ്റിന്റെ വിജയമാണ് ചെന്നൈ ആഘോഷിച്ചത്. അതിനു ശേഷം സിഎസ്‌കെയുടെ കഷ്ടകാലമായിരുന്നു. തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങളിലാണ് അവര്‍ തോല്‍വിയിലേക്കു കൂപ്പുകുത്തിയത്.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു 50 റണ്‍സിനും രാജസ്ഥാന്‍ റോയല്‍സിനോടു ആറു റണ്‍സിനും ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു 25 റണ്‍സിനും പഞ്ചാബ് കിങ്‌സിനോടു 18 റണ്‍സിനും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു എട്ടു വിക്കറ്റിനുമാണ് സിഎസ്‌കെ കളി അടിയറ വച്ചത്. ഒടുവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അഞ്ചു വിക്കറ്റിനു വീഴ്ത്തി സിഎസ്‌കെ പരാജയ പരമ്പരയ്ക്കു അറുതിയിട്ടു. പക്ഷെ ഇതൊരു താല്‍ക്കാലിക ജയം മാത്രമായിരുന്നു.

അതിനു ശേഷം കളിച്ച മൂന്നു മല്‍സരങ്ങളിലും തോറ്റതോടെ ചെന്നൈയുടെ പ്ലേഓഫ് സാധ്യതകളും അവസാനിക്കുകയായിരുന്നു. മുംബൈ ഇന്ത്യന്‍സിനോടു ഒമ്പതു വിക്കറ്റിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു അഞ്ചു വിക്കറ്റിനും പഞ്ചാബ് കിങ്‌സിനോടു നാലു വിക്കറ്റിനുമാണ് സിഎസ്‌കെ കീഴടങ്ങിയത്.

ഇന്നത്തെ കളിയിലെ 11

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു- ഫില്‍ സാള്‍ട്ട്, വിരാട് കോ്ലി, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ലുംഗി എന്‍ഗിഡി, സുയാഷ് ശര്‍മ.

ചെന്നൈ സൂപ്പര്‍ കിങ്‌സ്- ഷെയ്ഖ് റഷീദ്, ആയുഷ് മാത്രെ, സാം കറെന്‍, രവീന്ദ്ര ജഡേജ, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, ദീപക് ഹൂഡ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മതീശ പതിരാന, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്.

Story first published: Saturday, May 3, 2025, 13:35 [IST]
Other articles published on May 3, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+