ഐപിഎല്ലിന്റെ 18ാം സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ ഈ മാസം 16നു പുനരാരംഭിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വന്നി കൊണ്ടിരിക്കുന്നത്. ടൂര്‍ണമെന്റിലെ ശേഷിച്ച മല്‍സരങ്ങളുടെ മല്‍സരക്രമം ബിസിസിഐ ഉടന്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. ഇന്ത്യയും പാകിസ്താവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെയാണ് ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.
ഇതിനു പിന്നാലെ വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമയിട്ടുള്ള വിദേശ താരങ്ങള്‍ നാട്ടിലേക്കു മടങ്ങിപ്പോവുകയും ചെയ്തിരുന്നു. എന്നാല്‍ ടൂര്‍ണമെന്റ് ഈയാഴ്ച പുനരാരംഭിക്കാനിരിക്കെ സ്വന്തം ടീമിലെ വിദേശ കളിക്കാരോടു തിരികെയെത്താന്‍ ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ഏതൊക്കെ വിദേശ കളിക്കാര്‍ മടങ്ങിയെത്തുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.
അതിനിടെ ഓസ്‌ട്രേലിയയുടെയും ഇംഗ്ലണ്ടിന്റെയും കളിക്കാര്‍ ഇന്ത്യയിലേക്കു മടങ്ങിയെത്താന്‍ തയ്യാറല്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഇതു സംഭവിക്കുകയാണെങ്കില്‍ ഐപിഎല്ലിലെ ചില ഫ്രാഞ്ചൈസികളെ അതു സാരമായിതന്നെ ബാധിക്കും. ഏതൊക്കെയാണ് ഈ ടീമുകളെന്നു നമുക്കു പരിശോധിക്കാം.

ആര്‍സിബി
ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി കന്നി ഐപിഎല്‍ ട്രോഫിയെന്ന ലക്ഷ്യത്തിലേക്കു കുതിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ് ഒരു ടീം. പുതിയ നായകന്‍ രജത് പാട്ടിധാറിനു കീഴില്‍ മിന്നുന്ന ഫോമിലായിരുന്നു അവര്‍. 11 മല്‍സരങ്ങളില്‍ നിന്നു 16 പോയിന്റുമായി ആര്‍സിബി പ്ലേഓഫ് ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു..
ഇതിനു ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍ലുഡ്, ഫിനിഷര്‍ ടിം ഡേവിഡ്, ഇംഗ്ലണ്ട് താരങ്ങളായ ഫില്‍ സാള്‍ട്ട്, ജേക്കബ് ബെതെല്‍ എന്നിവരെല്ലാം നിര്‍ണായക പങ്കും വഹിച്ചിരുന്നു. ഹേസല്‍വുഡ് 10 കൡയില്‍ 18 വിക്കറ്റെടുത്തപ്പോള്‍ ഡേവിഡ് എട്ടിന്നിങ്‌സില്‍ 186 റണ്‍സും നേടി. സാള്‍ട്ട് ഒമ്പതിന്നങ്‌സില്‍ നിന്നും രണ്ടു ഫിഫ്റ്റിയടക്കം 239ഉം ബെതെല്‍ രണ്ടു കളിയില്‍ 67ഉം റണ്‍സാണ് നേടിയത്.
ഇനിയുള്ള മല്‍സരങ്ങളില്‍ ഇവരുടെ സേവനം ലഭിച്ചില്ലെങ്കില്‍ അതു ആര്‍സിബിക്കു വലിയ തിരിച്ചടിയായി മാറുമെന്നുറപ്പാണ്. ഇവരെക്കൂടാത വെസ്റ്റ് ഇന്‍ഡീസിന്റെ വമ്പനടിക്കാരനായ ബാറ്റര്‍ റൊമാരിയോ ഷെപ്പേര്‍ഡാണ് ആര്‍സിബിയുടെ ഫസ്റ്റ് ചോയ്‌സായ മറ്റൊരു വിദേശ താരം.
ഡല്‍ഹി ക്യാപ്പിറ്റല്‍സ്
ഈ ലിസ്റ്റിലെ രണ്ടാമത്തെ ടീം അക്ഷര്‍ പട്ടേല്‍ നയിക്കുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സാണ്. ഈ സീസണില്‍ ഗംഭീരമായി തുടങ്ങിയ ഡിസി വളരെ അനായാസം പ്ലേഓഫിലെത്തുമെന്നാണ് ഒരു ഘട്ടത്തില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ സീസണിന്റെ രണ്ടാം പകുതിയില്‍ അവര്‍ പതറുകയാണ്. പ്ലേഓഫ് എത്തുമോയെന്നു പോലും ഇപ്പോള്‍ഉറപ്പില്ല.
11 മല്‍സരങ്ങളില്‍ നിന്നും 13 പോയിന്റുള്ള ഡിസി ഇപ്പോള്‍ അഞ്ചാംസ്ഥാനത്താണ്. അവരുടെ ബൗളിങിലെ തുറുപ്പുചീട്ടാണ് ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക്. അനുഭവസമ്പത്തില്ലാത്ത അവരുടെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുന്നതും അദ്ദേഹമാണ്.
ഇനിയുള്ള മല്‍സരങ്ങളില്‍ സ്റ്റാര്‍ക്കില്ലെങ്കില്‍ അതു ഡിസിക്കു തീരാനഷ്ടം തന്നെയായിരിക്കും. ഈ സീസണില്‍ ഡിസിയുടെ 11 മല്‍സരങ്ങളിലും അദ്ദേഹം കളിച്ചു കഴിഞ്ഞു. ഒരു മൂന്നു നിക്കറ്റ് നേട്ടമുള്‍പ്പെടെ സ്റ്റാര്‍ക്ക് 14 വിക്കറ്റുകളെടുക്കുകയും ചെയ്തു.

ഗുജറാത്ത് ടൈറ്റന്‍സ്
പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ തലപ്പത്തുള്ള മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ ഗുജറാത്ത് ടൈറ്റന്‍സാണ് പ്രതിസന്ധിയിലായ മൂന്നാമത്തെ ടീം. 11 മല്‍സരങ്ങളില്‍ നിന്നും 16 പോയിന്റുള്ള ജിടി ഇപ്പോള്‍ തലപ്പത്തു നില്‍ക്കുകയാണ്. എന്നാല്‍ അവരുടെ ബാറ്റിങിലെ നെടുംതൂണുകളിലൊരാള്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്‌ലറാണ്. മൂന്നാം നമ്പറിലെത്തി മിന്നുന്ന പ്രകടനാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്.
11 മല്‍സരങ്ങളില്‍ നിന്നും അഞ്ചു ഫിഫ്റ്റികളടക്കം 71.43 എന്ന ഗംഭീര ശരാശരിയില്‍ 500 റണ്‍സ് ബട്‌ലര്‍ അടിച്ചെടുത്തു കഴിഞ്ഞു. ജിടിയുടെ ഈ സീണിലെ കുതിപ്പിന് പിന്നില്‍ ഗില്‍, സായ് സുദര്‍ശന്‍ ബട്‌ലര്‍ എന്നിവരുള്‍പ്പെടുന്ന ടോപ്പ് ത്രീയാണെന്നതില്‍ സംശയമില്ല. എന്നാല്‍ ശേഷിച്ച മല്‍സരങ്ങളില്‍ ബട്‌ലറില്ലെങ്കില്‍ അതു ജിടിക്കു നികത്താനാവാത്ത നഷ്ടമായി മാറും.