കൊല്‍ക്കത്ത: ഐപിഎല്ലിലെ കരുത്തരുടെ നിരയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. പ്രഥമ സീസണ്‍ മുതല്‍ കളിക്കുന്നുണ്ടെങ്കിലും ഇതുവരെ കപ്പിലേക്കെത്താന്‍ അവര്‍ക്കായിട്ടില്ല. എന്നാല്‍ വലിയ ആരാധക പിന്തുണ ആര്‍സിബിക്കുണ്ട്. വിരാട് കോലിയെന്ന സൂപ്പര്‍ താരം കളിക്കുന്ന ടീമെന്ന നിലയില്‍ ഏത് പ്രതിസന്ധിയിലും ആര്‍സിബിയെ പിന്തുണക്കുന്ന വലിയൊരു ആരാധക കൂട്ടായ്മ അവര്‍ക്കുണ്ട്. ടീമിന്റെ മുന്നോട്ടുള്ള കുതിപ്പിന്റെ ഊര്‍ജ്ജവും ഇതാണ്.
ഇത്തവണ രജത് പാട്ടീധാറിനെ നായകനാക്കി ശക്തമായ താരനിരയോടെയാണ് ആര്‍സിബി വരുന്നത്. ബാറ്റിങ് നിരയും ബൗളിങ് നിരയും സംതുലിതമാണെന്ന് പറയാം. ഇത്തവണ ആര്‍സിബി കന്നി കിരീടം നേടുമെന്ന് പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്. നായകന്‍ രജത് പാട്ടീധാറില്‍ ആരാധകര്‍ വലിയ പ്രതീക്ഷവെക്കുന്നുണ്ട്. ഇത്തവണ ഭേദപ്പെട്ട ബൗളിങ് നിരയെ സൃഷ്ടിക്കാനും ആര്‍സിബിക്കായിട്ടുണ്ട്. എന്നാല്‍ ഇത്തവണ ആര്‍സിബി കപ്പ് നേടില്ലെന്നും അവസാന സ്ഥാനക്കാരാവുമെന്നും പ്രവചിച്ചിരിക്കുകയാണ് ആദം ഗില്‍ക്രിസ്റ്റ്.
മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഗില്‍ക്രിസ്റ്റ് ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ കിരീടത്തിലെത്തിച്ച നായകന്‍ കൂടിയാണ്. ആര്‍സിബി ഇത്തവണ പിന്നോട്ട് പോകുമെന്നാണ് ഗില്‍ക്രിസ്റ്റിന്റെ വിലയിരുത്തല്‍.
ആര്‍സിബിയെ പിന്നോട്ടടിക്കുന്നത് ആ കാരണം
ഇത്തവണ ആര്‍സിബിയുടെ താരനിരയെ മോശമെന്ന് പറയാനാവില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും മോശമല്ലാത്ത നിരയെ ആര്‍സിബിക്കൊപ്പം കാണാനാവും. എന്നാല്‍ ഇത്തവണയും അമിതമായി വിദേശ താരങ്ങളെ ആശ്രയിക്കുന്ന നിരയാണ് ആര്‍സിബി. ഇന്ത്യയുടെ മാച്ച് വിന്നര്‍മാരായ യുവതാരങ്ങളെ ഒപ്പം കൂട്ടുന്നതില്‍ ടീം അല്‍പ്പം പിന്നോട്ടാണ്. കൂടുതല്‍ വിദേശ താരങ്ങളെ ആശ്രയിക്കുന്ന ടീമായി ആര്‍സിബി മാറുന്നത് തിരിച്ചടിയാണെന്നാണ് ഗില്‍ക്രിസ്റ്റ് ചൂണ്ടിക്കാട്ടുന്നത്.
'ആര്‍സിബി ഇത്തവണ അവസാന സ്ഥാനക്കാരാവാനാണ് സാധ്യത കൂടുതല്‍. നിരവധി ഇംഗ്ലണ്ട് താരങ്ങളെ ആര്‍സിബിക്കൊപ്പം കാണാനാവും. ഞാന്‍ വിരാട് കോലിക്ക് എതിരല്ല. ആരാധകരും എന്നോട് ക്ഷമിക്കണം. എന്നാല്‍ ടീമിനെ തിരഞ്ഞെടുക്കുന്നവരോട് നിങ്ങള്‍ ഇത് ചോദിക്കേണ്ടതായുണ്ട്' ഗില്‍ക്രിസ്റ്റ് പറഞ്ഞു. വിരാട് കോലിയുടെ ടീമെന്ന നിലയില്‍ ആര്‍സിബിക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഗില്ലിയുടെ പ്രവചനം ആരാധകരെ നിരാശരാക്കുന്നതാണെന്ന് ഉറപ്പാണ്.

ഇംഗ്ലണ്ട് താരങ്ങളുടെ ഫോം മോശം
ആര്‍സിബി ഇംഗ്ലണ്ട് താരങ്ങളെ കൂടുതല്‍ ആശ്രയിക്കുന്നു എന്ന ഗില്‍ക്രിസ്റ്റിന്റെ വിലയിരുത്തല്‍ ശരിയാണെന്ന് തന്നെ പറയാം. കെകെആറില്‍ നിന്ന് ഫില്‍ സാള്‍ട്ടിനെ 11.5 കോടിക്കാണ് ആര്‍സിബി കൊണ്ടുവന്നത്. അവസാന പരമ്പരയില്‍ ഇന്ത്യക്കെതിരേ നിറം മങ്ങുന്ന പ്രകടനമാണ് സാള്‍ട്ട് കാഴ്ചവെച്ചത്. ലിയാം ലിവിങ്സ്റ്റണ്‍ 8.75 കോടിക്ക് ആര്‍സിബിയിലെത്തിയപ്പോള്‍ 2.6 കോടിക്ക് ജേക്കബ് ബദലിനേയും ഒപ്പം കൂട്ടി. ഇവരെല്ലാം പ്ലേയിങ് 11 സ്ഥാനം ഉറപ്പുള്ള താരങ്ങളാണ്.
വിദേശ താരങ്ങളെ അമിതമായി ആശ്രയിച്ചപ്പോഴെല്ലാം ആര്‍സിബിക്ക് വലിയ തിരിച്ചടികള്‍ നേരിട്ടിട്ടുണ്ട്. ഗ്ലെന്‍ മാക്‌സ് വെല്‍ പോയപ്പോള്‍ ആ സ്ഥാനത്തേക്ക് വന്നതാണ് ലിയാം ലിവിങ്‌സ്റ്റണ്‍. വിരാട് കോലി, രജത് പാട്ടീധാര്‍ എന്നിവര്‍ ഒഴികെ ആര്‍സിബിയുടെ ബാറ്റിങ് നിരയിലെ പ്രമുഖരെല്ലാം വിദേശ താരങ്ങളാണ്. എന്തായാലും ആര്‍സിബി ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്. കപ്പിലേക്കെത്താന്‍ അവര്‍ക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.
ബൗളിങ് നിര ഭേദപ്പെട്ടത്
ഇത്തവണത്തെ ആര്‍സിബിയുടെ ബൗളിങ് നിര ഭേദപ്പെട്ടതാണെന്നതാണ് ടീമിന് അല്‍പ്പം ആശ്വാസമാകുന്നത്. ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്‌സല്‍വുഡ്, യഷ് ദയാല്‍ പേസ് കൂട്ടുകെട്ട് മോശമില്ല. ലൂങ്കി എന്‍ഗിഡിയും തരക്കേടില്ലാത്ത പേസറാണ്. സ്ലോ കട്ടറുകളിലൂടെ വിക്കറ്റ് നേടാന്‍ മിടുക്കുണ്ട്. നുവാന്‍ തുഷാര, റസീഖ് ദാര്‍ എന്നിവരും പ്രതീക്ഷ നല്‍കുന്നു. ക്രുണാല്‍ പാണ്ഡ്യയും ടിം ഡേവിഡും റൊമാരിയോ ഷിഫേര്‍ഡുമെല്ലാം ഉള്‍പ്പെടുന്ന ഓള്‍റൗണ്ടര്‍മാരുടെ നിര ആര്‍സിബിയുടെ കിരീടം നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കും.