ബെംഗളൂരു: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു നേരിട്ട വന്‍ പരാജയം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീം ആരാധകരെ ശരിക്കും ക്ഷുഭിതരാക്കിയിരിക്കുകയാണ്. സ്വന്തം കാണികള്‍ക്കു മുന്നില്‍ എട്ടു വിക്കറ്റിനാണ് രജത് പാട്ടിധാറും സംഘവും തകര്‍ന്നടിഞ്ഞത്. ആദ്യത്തെ രണ്ടു കളിയിലെയും ഗംഭീര വിജയങ്ങള്‍ നോക്കുമ്പോള്‍ ഇങ്ങനെയൊരു വീഴ്ച ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല.
ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ആര്‍സിബിക്കു എട്ടു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ നേടാനായത്. എന്നാല്‍ റണ്‍ചേസില്‍ ടോട്ടല്‍ ജിടിക്കു ഒരു തരത്തിലും വെല്ലുവിളിയുയര്‍ത്തിയില്ല.
17.5 ഓവില്‍ രണ്ടു വിക്കറ്റകള്‍ മാത്രം നഷ്ടത്തില്‍ ജിടി വിജയത്തിലേക്കു കുതിച്ചെത്തുകയും ചെയ്തു. തോല്‍വിക്കു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് ആര്‍സിബി ടീം നേരിട്ടു കൊണ്ടിരിക്കുന്നത്.

ഐപിഎല്‍ വിടണം
ഐപിഎല്‍ വിടുന്നതിനെക്കുറിച്ച് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീം ഗൗരവമായി തന്നെ ആലോചിക്കേണ്ട സമയമെത്തിയിരിക്കുകയാണ്. 17 വര്‍ഷമായിട്ടും ഇതുവരെ ഒരു ഐപിഎല്‍ ട്രോഫി പോലും ടീം നേടിയിട്ടില്ല. ഐപിഎല്‍ വിട്ട് പിഎസ്എല്ലിലേക്കോ (പാകിസ്താന്‍ സൂപ്പര്‍ ലീഗ്) ബിപിഎല്ലിലേക്കോ (ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്) ആര്‍സിബി ടീം മാറണം. അങ്ങനെയെങ്കില്‍ ചിലപ്പോള്‍ അവിടെ ട്രോഫി നേടിയേക്കാം. എന്തൊക്കെ തന്നെ സംഭവിച്ചാലും ഐപിഎല്ലില്‍ ആര്‍സിബി ഒരിക്കലും കിരീടം നേടാന്‍ പോവുന്നില്ലെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റ്.
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീം മാര്‍ച്ചില്‍ സിംഹങ്ങളാണ്, ഏപ്രിലില്‍ തോറ്റു കൊണ്ടിരിക്കും, മേയില്‍ ട്രോഫിയില്ലാതെ പുറത്താവുകയും ചെയ്യും. ഐപിഎല്‍ കിരീട സ്വപ്‌നങ്ങള്‍ വീണ്ടും നീട്ടി വച്ചിരിക്കുകയാണ് എന്നായിരുന്നു ഒരു പരിഹാസം. ചിന്നസ്വാമിയെപ്പോലെ ആര്‍സിബിയെ ആരും തോല്‍പ്പിക്കില്ല. ഓരോ തവണയും ഇതു എങ്ങനൊണ് ഞങ്ങള്‍ക്കു എതിരായി വരുന്നതെന്നുമാണ ഒരു പോസ്റ്റ്.
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ ഏറ്റവും വലിയ വീക്ക്‌നെസ് ഹോംഗ്രൗണ്ട് കൂടിയായ ചിന്നസ്വാമി സ്‌റ്റേഡിയമാണ്. ഇവിടെ ഹോം ടീമെന്ന നിലയിലുള്ള ഒരു മുന്‍തൂക്കവും ഞങ്ങള്‍ക്കു ലഭിക്കാറില്ല. ഇനി സ്‌റ്റേഡിയം മാറിയാല്‍ മാത്രമേ ആര്‍സിബിയുടെ കഷ്ടകാലം തീരുകയുള്ളൂവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതു തീര്‍ച്ചയായും മുഹമ്മദ് സിറാജിന്റെ പ്രതികാരം തന്നെയാണ്. ദീര്‍ഘകാലം ടീമിനായി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും കഴിഞ്ഞ സീസണിനു ശേഷം അദ്ദേഹത്തെ പുറത്താക്കിയത് ശരിയായില്ല. നേരത്തേ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനോടു ആര്‍സിബി ചെയ്തതും ഇതു തന്നെയാണ്. സമാനമായ അബദ്ധം സിറാജിനെ കൈവിട്ടതിലൂടെ ആര്‍സിബി ആവര്‍ത്തിച്ചിരിക്കുകയാണന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

തിരിച്ചടിയായത് പവര്‍പ്ലേ
ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു ടീമിന്റെ പരാജയത്തിനു പ്രധാനപ്പെട്ട കാരണം പവര്‍പ്ലേയിയെ ബാറ്റിങ് തകര്‍ച്ചയാണെന്നാണ് ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍ പറയുന്നത്.
190 നടുത്ത് റണ്‍സായിരുന്നു ഞങ്ങള്‍ ലക്ഷ്യമിട്ടിരുന്നത്. പക്ഷെ തുടക്കത്തിലേറ്റ പ്രഹരങ്ങള്‍ ഞങ്ങളുടെ മുന്നേറ്റത്തിനു തടസമായി. നല്ല തീവ്രതയോടെ തന്നെയാണ് ഞങ്ങള്‍ ഈ മല്‍സരത്തില്‍ കളിച്ചത്. തുടക്കത്തില്‍ തന്നെ ജിടിയുടെ കുറച്ചു വിക്കറ്റുകളെടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ അതു കളിയുടെ അവസാനം വ്യത്യാസമുണ്ടാക്കുമായിരുന്നുവെന്നുമാണ് പാട്ടിധാര്‍ വ്യക്തമാക്കിയത്.
അഞ്ചോവറിനുള്ളില്‍ വിരാട് കോലി (7), ദേവ്ദത്ത് പടിക്കല്‍ (4), ഫില്‍ സാള്‍ട്ട് (14) എന്നീ മൂന്നു മുന്‍നിര ബാറ്റര്‍മാരും കീസ് വിട്ടിരുന്നു. നാലോവറില്‍ വെറും 19 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സിറാജ് മൂന്നു പേരെ മടക്കിയത്.