ഐപിഎല്ലിന്റെ 18ാം സീസണ്‍ പടിവാതില്‍ക്കെ എത്തിനില്‍ക്കെ ഫ്രാഞ്ചൈസികളെല്ലാം തന്നെ അവസാന വട്ട പടയൊരുക്കത്തിലാണ്. സീസണിനു തൊട്ടുമുമ്പ് പരിശീലന മല്‍സരങ്ങളുടെ തിരക്കിലാണ് മുഴുവന്‍ ടീമുകളും. അതിനിടെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ പരിശീലന മല്‍സരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ ക്രിക്കറ്റ് പ്രേമികള്‍ ശരിക്കും ഞെട്ടിയിരിക്കുകയാണ്. അവര്‍ നേടിയ സ്‌കോര്‍ തന്നെയാണ് ഇതിനു കാരണം.
മറ്റൊരു പരിശീലന മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ സര്‍പ്രൈസ് ഹീറോയായി മാറിയിരിക്കുകയാണ് അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരം സമീര്‍ റിസ്വി. കിടിലന്‍ സെഞ്ച്വറിയോടെയാണ് അദ്ദേഹം പുതിയ ഐപിഎല്‍ സീസണില്‍ ഡിസിയുടെ പ്ലെയിങ് ഇലവനിലേക്കു അവകാശവാഗമുന്നയിച്ചിരിക്കുന്നത്.

റണ്‍മഴ പെയ്യിച്ച് ആര്‍സിബി
പുതിയ ക്യാപ്റ്റന്‍ രജത് പാട്ടിധാറിനു കീഴില്‍ ഇത്തവണത്തെ ഐപിഎല്ലില്‍ കളിക്കാനൊരുങ്ങുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീം പരിശീലന മല്‍സത്തില്‍ റണ്‍മഴ പെയ്യിച്ചിരിക്കുകയാണ്. രണ്ടു ഗ്രൂപ്പൂകളായി തിരിഞ്ഞുള്ള ഇന്‍ട്രാ സ്‌ക്വാഡ് പരിശീലന മല്‍സരത്തില്‍ ആര്‍സിബിയുടെ ഒരു ടീം നിശ്ചിത 20 ഓവറില്‍ വാരിക്കൂട്ടിയത് 310 റണ്‍സെന്ന റെക്കോര്‍ഡ് ടോട്ടലാണ്.
എന്നാല്‍ ആര്‍സിബിയുടെ ഏതു ടീമാണ് ഇത്രയും വലിയൊരു ടോട്ടല്‍ പരിശീലന മല്‍സരത്തില്‍ അടിച്ചെടുത്തത് എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മാത്രമല്ല, ഏതൊക്കെ കളിക്കാരാണ് ബാറ്റിങില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയതെന്നും വ്യക്തമല്ല. പരിശീലന മല്‍സരത്തില്‍ ആര്‍സിബി ടീം 20 ഓവറില്‍ 310 റണ്‍സെന്ന കൂറ്റര്‍ സ്‌കോര്‍ നേടിയെന്നതു മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
പരിശീലന മല്‍സരത്തിലെ ഈ അവിശ്വനസനീയ ബാറ്റിങ് പ്രകടനം ഒരേ സമയം ആര്‍സിബിക്കു സന്തോഷിക്കാനും ഒപ്പം ആശങ്കയ്ക്കും വക നല്‍രുന്നുണ്ട്. ടീമിന്റെ ബാറ്റിങ് കരുത്താണ് അവരെ സന്തോഷിപ്പിക്കുന്നതെങ്കില്‍ തങ്ങളുടെ തന്നെ ബൗളിങ് നിരയ്‌ക്കെതിരേ തന്നെയാണ് ഇത്രയും വലിയ ടോട്ടല്‍ നേടിയത് എന്ന കാര്യം ആര്‍സിബിക്കു തലവേദനയുമാവുന്നു. ആര്‍സിബിയുടെ ബൗളിങ് ആക്രമണം എത്ര മാത്രം പരിതാപകരമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
ഡിസി ഹീറോയായി റിസ്വി
ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ പരിശീലന മല്‍സരത്തിലെ സര്‍പ്രൈസ് ഹീറോയായി മാറിയിരിക്കുകയാണ് ഉത്തര്‍ പ്രദേശില്‍ നിന്നുള്ള താരം സമീര്‍ റിസ്വി. മുന്‍ സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്ന അദ്ദേഹത്തിനു അവിടെ വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. സീസണിനു ശേഷം റിസ്വിയെ സിഎസ്‌കെ കൈവിടുകയും ചെയ്തു. തുടര്‍ന്നാണ് അദ്ദേഹത്തെ മെഗാ ലേലത്തില്‍ ഡിസി സ്വന്തമാക്കിയത്.
പരിശീലന മല്‍സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ ടീം മാനേജ്‌മെന്റിന്റെ കൈയടി നേടിയിരിക്കുകയാണ് റിസ്വി. ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരത്തില്‍ പുറത്താവാതെ 106 റണ്‍സുമായാണ് അദ്ദേഹം കസറിയത്. ഇതിന്റെ വീഡിയോയും ഡിസി പങ്കുവച്ചിരിക്കുകയാണ്.

ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് അനായാസം റണ്‍സ് വാരിക്കൂട്ടുന്ന റിസ്വിയെ ഈ മല്‍സരത്തില്‍ കാണാന്‍ സാധിക്കും. സ്പിന്നര്‍മാര്‍ക്കെതിരേ സ്വീപ്പുകളും റിവേഴ്‌സ് സ്വീപ്പുകളും കളിച്ച അദ്ദേഹം പേസര്‍മാര്‍ക്കെതിരേ മുന്നോട്ടു കയറി പ്രഹരിക്കുകയും ചെയ്തു. കളിയില്‍ സെഞ്ച്വറി നേടിയെന്നതു മാത്രമല്ല, വളരെയധികം സ്‌റ്റൈലിഷായും, ഒപ്പം ആത്മവിശ്വാസത്തിലുമാണ് റിസ്വി ബാറ്റ് ചെയ്തത്.
അതേസമയം, ഈ പ്രകടനവും ഡിസിയുടെ പ്ലെയിങ് ഇലവനില്‍ അദ്ദേഹത്തിനു സ്ഥാനം ഉറപ്പ് നല്‍കുന്നില്ല. ഒരുപക്ഷെ ബാറ്റിങില്‍ ഇംപാക്ട് പ്ലെയറായിട്ടാവും അദ്ദേഹത്തെ ഫ്രാഞ്ചൈസി പരീക്ഷിച്ചേക്കുക. അവസാന ഓവറുകളില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ വളരെ അനായാസം റണ്‍സ് വാരിക്കൂട്ടാന്‍ റിസ്വിക്കു സാധിക്കും.
കൂടാതെ സ്പിന്നര്‍മാര്‍ക്കെതിരേയും മിടുക്കനാണെന്നത് അദ്ദേഹത്തെ സ്‌പെഷ്യലാക്കി മാറ്റുന്നു. കഴിഞ്ഞ വര്‍ഷം സിഎസ്‌കെയില്‍ വെറും അഞ്ചു മല്‍സരങ്ങളില്‍ മാത്രമേ റിസ്വിക്കു കളിക്കാനായുള്ളൂ. 51 റണ്‍സാണ് അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായത്.