For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: അതി സാഹസത്തിന് ആര്‍സിബി, കോലിയെ മാത്രം നിലനിര്‍ത്തും? നോട്ടം ഹിറ്റ്മാനെ

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം വരാനിരിക്കുകയാണ്. ഇതിനായുള്ള നിയമങ്ങള്‍ ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് പേരെ നിലനിര്‍ത്താന്‍ ഇത്തവണ ടീമുകള്‍ക്ക് സാധിക്കും. പേഴ്‌സിലെ തുകയും ഉയര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ടീമുകളെല്ലാം വമ്പന്‍ അഴിച്ചുപണിക്ക് തയ്യാറെടുക്കുകയാണ്. ടീമുകള്‍ ഏതൊക്കെ താരങ്ങളെയാവും നിലനിര്‍ത്തുകയെന്നതാണ് കണ്ടറിയേണ്ടത്. ഇത് സംബന്ധിച്ചുള്ള പല റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ആര്‍സിബി വരുന്നത്. പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും കിരീടമില്ലെന്ന ചീത്തപ്പേര് ഇത്തവണ മാറ്റാമെന്ന കണക്കുകൂട്ടലിലാണ് ആര്‍സിബിയുള്ളത്. അവസാന സീസണില്‍ ഫഫ് ഡുപ്ലെസിസാണ് ആര്‍സിബിയെ നയിച്ചത്. ഇത്തവണ ടീം ആരെയൊക്കെ നിലനിര്‍ത്തുമെന്നതാണ് പ്രധാന ചോദ്യം. ഇപ്പോഴിതാ ആര്‍സിബി കോലിയെ മാത്രമേ നിലനിര്‍ത്തുകയുള്ളൂവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

രോഹിത്തിനെ ടീമിലെത്തിക്കണം

ആര്‍സിബി രോഹിത് ശര്‍മയെ ടീമിലെത്തിക്കാനായി വലിയ തുക മുടക്കാനൊരുങ്ങുകയാണെന്നാണ് വിവരം. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടം ചൂടിച്ച ക്യാപ്റ്റനാണ് രോഹിത് ശര്‍മ. എന്നാല്‍ അവസാന സീസണില്‍ രോഹിത്തിനെ മാറ്റി മുംബൈ ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയിരുന്നു. ഇതോടെ ടീം മാനേജ്‌മെന്റുമായി രോഹിത് അഭിപ്രായ ഭിന്നതയുണ്ടായി. ഹാര്‍ദിക്കില്‍ ഭാവി കാണുന്ന മുംബൈ ഓള്‍റൗണ്ടറെ നിലനിര്‍ത്തി മുന്നോട്ട് പോകുമെന്നുറപ്പാണ്.

അതുകൊണ്ടുതന്നെ രോഹിത് ശര്‍മക്ക് മുംബൈ ടീം വിടാതെ മറ്റ് വഴികളില്ല. പല ടീമുകള്‍ക്കും അടുത്ത സീസണില്‍ നായകനെ വേണം. അതുകൊണ്ടുതന്നെ രോഹിത് ലേലത്തിലേക്കെത്തിയാല്‍ വലിയ സ്വീകാര്യത അദ്ദേഹത്തിന് ലേലത്തിലുണ്ടാവും. കോടികള്‍ നല്‍കാന്‍ പല ടീമുകളും തയ്യാറായേക്കും. ഈ അവസരത്തില്‍ രോഹിത്തിനെ മറ്റ് ടീം കൊണ്ടുപോകാതെ ടീമിലെത്തിക്കാനുള്ള പദ്ധതികളാണ് ആര്‍സിബി തയ്യാറാക്കുന്നതെന്നാണ് സൂചന.

rohit sharma

ആര്‍സിബിയില്‍ വിശ്വസ്തരില്ല

വിരാട് കോലിയെ ടീമിന് ഒരിക്കലും കൈവിടാനാവില്ല. ആര്‍സിബിയുടെ അടിത്തറ വിരാട് കോലിയാണ്. ടീമിന്റെ മൂല്യത്തെ പിടിച്ചുനിര്‍ത്തുന്നത് കോലിയാണ്. ഇതുവരെ കപ്പ് നേടാന്‍ സാധിക്കാത്ത ടീമായിട്ടും ഇത്രയും പിന്തുണ ആര്‍സിബിക്ക് ലഭിക്കാന്‍ കാരണം കോലിയാണ്. അതുകൊണ്ടുതന്നെ കോലിയെ ആര്‍സിബി നിലനിര്‍ത്തുമെന്ന കാര്യം ഉറപ്പാണ്. മറ്റ് വിശ്വസ്തരായ താരങ്ങളൊന്നും നിലവിലെ ആര്‍സിബി ടീമിലില്ലെന്നതാണ് വസ്തുത.

ഫഫ് ഡുപ്ലെസിസിനെ നിലനിര്‍ത്താന്‍ ആര്‍സിബിക്ക് വലിയ താല്‍പര്യമില്ലെന്നാണ് വിവരം. രജത് പാട്ടീധാറിന്റെ കാര്യത്തിലും ആര്‍സിബി അന്തിമ തീരുമാനത്തിലേക്കെത്തിയിട്ടില്ല. മുഹമ്മദ് സിറാജ് ആര്‍സിബിയിലൂടെ വളര്‍ന്ന താരമാണെങ്കിലും മികച്ച ടി20 റെക്കോഡ് അവകാശപ്പെടാനാവാത്ത താരത്തെ ഇത്തവണ ആര്‍സിബി കൈവിട്ടേക്കും. രോഹിത് ശര്‍മയെ നായകനാക്കി പുതിയൊരു ടീമിനെ സൃഷ്ടിച്ചെടുക്കാനാവും ഇത്തവണ ആര്‍സിബി ശ്രമിക്കുകയെന്നാണ് വിവരം.

രോഹിത്തിന് കപ്പിലേക്കെത്തിക്കാനാവുമോ?

രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടം നേടിക്കൊടുത്ത നായകനാണെങ്കിലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായുള്ള രോഹിത് ശര്‍മയുടെ ബാറ്റിങ് കണക്കുകള്‍ നിരാശപ്പെടുത്തുന്നതാണ്. അവസാന ടി20 ലോകകപ്പിലൂടെ അന്താരാഷ്ട്ര ടി20 രോഹിത് മതിയാക്കിയിട്ടുണ്ട്. ഇക്കാരണത്താല്‍ത്തന്നെ രോഹിത്തിനെ വാങ്ങാന്‍ കോടികള്‍ മുടക്കിയാല്‍ അത് ആര്‍സിബിക്ക് നഷ്ട കച്ചവടം ആകാനുള്ള സാധ്യത കൂടുതലാണ്.

രോഹിത് ശര്‍മയെ പഞ്ചാബ് കിങ്‌സും നായകസ്ഥാനത്തേക്ക് നോട്ടമിടുന്നുണ്ടെന്നാണ് സൂചനകളുള്ളത്. അതുകൊണ്ടുതന്നെ രോഹിത്തിനെ അനായാസം ടീമിലേക്കെത്തിക്കാന്‍ ആര്‍സിബിക്ക് സാധിച്ചേക്കില്ലെന്ന് തന്നെ പറയാം. വിരാട് കോലിയെ മാത്രം നിലനിര്‍ത്തി പുതിയൊരു ടീമിനെ സൃഷ്ടിക്കുകയെന്നത് ആര്‍സിബിയെ സംബന്ധിച്ച് വളരെ പ്രയാസമാണ്.

ഇത്തവണ ആറ് താരങ്ങളെ നിലനിര്‍ത്താമെന്നതിനാല്‍ പല പ്രധാന താരങ്ങളും പഴയ ടീമുകളില്‍ തന്നെ തുടരും. അതുകൊണ്ടുതന്നെ ആര്‍സിബി ഇത്തരമൊരു സാഹസനത്തിന് തയ്യാറാവുമോയെന്നതാണ് അറിയേണ്ടത്.

Story first published: Monday, September 30, 2024, 14:36 [IST]
Other articles published on Sep 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+