മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ തട്ടകത്തിലെ നാണംകെട്ട തോല്‍വി തുടരുകയാണ്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ആര്‍സിബി സ്വന്തം തട്ടകത്തില്‍ തോല്‍ക്കുന്നത്. മറ്റ് വേദികളിലെല്ലാം ജയിക്കുമ്പോഴും സ്വന്തം തട്ടകത്തില്‍ ജയിക്കാന്‍ ആര്‍സിബിക്ക് സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. ഇപ്പോള്‍ മഴ വില്ലനായ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് അഞ്ച് വിക്കറ്റിനാണ് ആര്‍സിബി തോറ്റത്.
11 പന്ത് ബാക്കിയാക്കിയാണ് പഞ്ചാബ് ആര്‍സിബിയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 14 ഓവറില്‍ 9 വിക്കറ്റിന് 95 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് 12.1 ഓവറില്‍ അഞ്ച് വിക്കറ്റിന് 98 റണ്‍സെടുത്ത് അനായാസം വിജയം നേടുകയായിരുന്നു. ആര്‍സിബിയുടെ പേരുകേട്ട ബാറ്റിങ് നിര നിരാശപ്പെടുത്തിയതാണ് തോല്‍വിക്ക് പ്രധാന കാരണമായത്. ഇപ്പോഴിതാ ആര്‍സിബി എന്തുകൊണ്ടാണ് തോറ്റത് എന്നതിന്റെ കാരണം പറഞ്ഞിരിക്കുകയാണ് നായകന്‍ രജത് പാട്ടീധാര്‍.
തെറ്റുപറ്റിയത് ബാറ്റിങ്ങില്‍
ആര്‍സിബിയുടെ തോല്‍വിക്ക് കാരണം ബാറ്റിങ് നിര പ്രതീക്ഷക്കൊത്ത് ഉയരാത്തതാണെന്നാണ് രജത് പാട്ടീധാര്‍ പറയുന്നത്. ആര്‍സിബിയുടെ പേരുകേട്ട ബാറ്റിങ് നിരക്ക് കാര്യമായൊന്നും തട്ടകത്തില്‍ ചെയ്യാനുണ്ടായില്ല. പിച്ച് ബാറ്റിങ്ങിനെ തുണക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ലെന്നതാണ് വസ്തുത. വിരാട് കോലി, ഫില്‍ സാള്‍ട്ട്, ലിയാം ലിവിങ്സ്റ്റണ്‍, രജത് പാട്ടീധാര്‍ എന്നിവര്‍ക്കൊന്നും പ്രതീക്ഷിച്ച വെടിക്കെട്ട് സൃഷ്ടിക്കാനായില്ല.
ഏഴ് വിക്കറ്റിന് 42 റണ്‍സ് എന്ന നിലയിലേക്ക് ആര്‍സിബി തകര്‍ന്നിരുന്നു. എന്നാല്‍ 95 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് ടീമിനെ എത്തിച്ചത് ടിം ഡേവിഡാണ്. 26 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 50 റണ്‍സാണ് ഡേവിഡ് നേടിയത്. 'തുടക്കത്തിലേ പിച്ചില്‍ നല്ല പേസുണ്ടായിരുന്നു. ബാറ്റിങ് നിരയെന്ന നിലയില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. രണ്ട് വിക്കറ്റുകള്‍ വേഗത്തില്‍ത്തന്നെ നഷ്ടമായി. ചെറിയ ഇടവേളകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണു. ഇത് ഞങ്ങളെ സംബന്ധിച്ച് വലിയ പാഠമാണ്. സാഹചര്യം മനസിലാക്കി ദേവ്ദത്ത് പടിക്കലിനെ പുറത്തിരുത്തിയിട്ടും മികവ് കാട്ടാനായില്ല.
വിക്കറ്റ് അത്ര മോശമായിരുന്നില്ല. ഏറെ നേരം പിച്ച് മൂടിയിട്ടിരുന്നതിനാല്‍ ബൗളര്‍മാരെ അത് കാര്യമായി സഹായിച്ചു. പഞ്ചാബിന്റെ ബൗളര്‍മാരാണ് അഭിനന്ദനം അര്‍ഹിക്കുന്നത്. പിച്ച് എങ്ങനെയാണെന്നല്ല പിച്ചിന് അനുസരിച്ച് കളിച്ച് വിജയിക്കാനാവുന്ന ടോട്ടല്‍ നേടുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. ബാറ്റ്‌സ്മാന്‍മാര്‍ ഇതിനനുസരിച്ച് കളിച്ചില്ല. ബാറ്റിങ് നിരയെന്ന നിലയില്‍ ഞങ്ങളുടെ പിഴവ് തിരുത്തപ്പെടണം' രജത് പറഞ്ഞു.

എല്ലാവരും ആക്രമണത്തിന് ശ്രമിച്ചു
മഴമൂലം 14 ഓവറാക്കി മത്സരം ചുരുക്കിയതോടെ കടന്നാക്രമണത്തിലേക്ക് കടക്കാന്‍ ആര്‍സിബി നിര്‍ബന്ധിതരായി. തുടക്കം മുതല്‍ കടന്നാക്രമിച്ച് കളിക്കാനാണ് ആര്‍സിബി ശ്രമിച്ചത്. എന്നാല്‍ ഒരുവശത്ത് വിക്കറ്റ് വീണപ്പോള്‍ ശ്രദ്ധയോടെ കളിക്കാന്‍ ആരും തയ്യാറായില്ല. ഫില്‍ സാള്‍ട്ട് 4 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ സൂപ്പര്‍ താരം വിരാട് കോലിക്ക് 1 റണ്‍സാണ് നേടാനായത്. രജത് പാട്ടീധാര്‍ 18 പന്തില്‍ 23 റണ്‍സാണ് അടിച്ചെടുത്തത്. ലിയാം ലിവിങ്സ്റ്റണെ ആര്‍സിബി പ്ലേയിങ് 11 നിന്ന് പുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആറ് പന്തില്‍ നാല് റണ്‍സാണ് ലിവിങ്സ്റ്റണ്‍ നേടിയത്.
ജിതേഷ് ശര്‍മ ഏഴ് പന്തില്‍ രണ്ട് റണ്‍സും നേടി. പിച്ചിനെ പഴിച്ച് ആര്‍സിബിയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ന്യായീകരിക്കാനാവില്ല. ഇതിന്റെ കാരണം ടിം ഡേവിഡിന്റെ പ്രകടനമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ഡേവിഡിന് സാധിച്ചു. 26 പന്തിലാണ് അദ്ദേഹം ഫിഫ്റ്റി നേടി പുറത്താവാതെ നിന്നത്. ഡേവിഡിന് സാധിച്ചുവെങ്കില്‍ അത് ആര്‍സിബിയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്കും സാധിക്കുന്ന കാര്യമാണ്. എന്നാല്‍ വിക്കറ്റ് വലിച്ചെറിഞ്ഞ് സ്വയം തോല്‍വി ഏറ്റുവാങ്ങുകയായിരുന്നുവെന്ന് പറയാം.
എല്ലാ ടീമുകള്‍ക്കും ഹോം ഗ്രൗണ്ടാണ് ഏറ്റവും കൂടുതല്‍ ശക്തി നല്‍കുന്നത്. എന്നാല്‍ ആര്‍സിബിയുടെ വിവില്ലനാവുന്നത് ഹോം ഗ്രൗണ്ടാണെന്ന് പറയാം. മറ്റ് മൈതാനങ്ങളില്‍ ജയിക്കുമ്പോഴും സ്വന്തം തട്ടകത്തില്‍ ജയിക്കാന്‍ ആര്‍സിബിക്ക് സാധിക്കുന്നില്ല.