ഈ സീസണിലെ ഐപിഎല്ലില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ടീമുകളിലൊന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. നേരത്തേയുള്ള പല സീസണുകളെയും അപേക്ഷിച്ച് കൂടുതല്‍ സന്തുലിതമായ ടീമാണ് ആര്‍സിബിയുടേത്. ബാറ്റിങിനൊപ്പം ബൗളിങിലും മികച്ച താരങ്ങളുടെ സാന്നിധ്യം അവര്‍ക്കു കരുത്താവുന്നു. പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ അവര്‍ പ്ലേഏഓഫ് യോഗ്യതയുമായി രണ്ടാംസ്ഥാനത്തു നില്‍ക്കാനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്.
13 മല്‍സരങ്ങളില്‍ നിന്നും എട്ടു ജയമുള്‍പ്പെടെ 17 പോയിന്റ് ഇപ്പോള്‍ ആര്‍സിബിക്കുണ്ട്. കന്നി ഐപിഎല്‍ ട്രോഫിക്കായുള്ള കഴിഞ്ഞ 17 വര്‍ഷത്തെ കാത്തിരിപ്പ് ഇത്തവണെങ്കിലും അവസാനിക്കുമെന്നു രജത് പാട്ടിധാറിന്റെ ആര്‍സിബി ടീം ഉറച്ചു വിശ്വസിക്കുന്നു. പക്ഷെ ഇത്തവണയും ചാംപ്യന്‍മാരാവാനുള്ള ഭാഗ്യം ആര്‍സിബിക്കു ഉണ്ടായേക്കില്ല. ഇതിനു മൂന്നു പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്നറിയാം.

പാട്ടിധാറിന്റെ ഫോം
ക്യാപ്റ്റനും മധ്യനിരയിലെ നിര്‍ണായക സാന്നിധ്യവുമായ രജത് പാട്ടിധാറിന്റെ മോശം ഫോമാണ് ആര്‍സിബിയുടെ കിരീട സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കുന്ന ആദ്യത്തെ കാരണം. കഴിഞ്ഞ സീസണില്‍ ഫാഫ് ഡുപ്ലെസിയുടെ ക്യാപ്റ്റന്‍സിയില്‍ ആര്‍സിബി പ്ലേഓഫിലേക്കു യോഗ്യത നേടിയപ്പോള്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളാണ് പാട്ടിധാര്‍.
സീസണിന്റെ ആദ്യപകുതിയില്‍ തകര്‍ന്നടിഞ്ഞ ശേഷം രണ്ടാപകുതിയില്‍ തുടര്‍ ജയങ്ങളുമായി ആര്‍സിബി പ്ലേഓഫിലേക്കു കുതിച്ചപ്പോള്‍ പാട്ടിധാറും മികച്ച റണ്‍വേട്ട നടത്തി. പക്ഷെ ഈ സീസണില്‍ ക്യാപ്റ്റന്‍സി ഏറ്റെടുത്തതോടെ അദ്ദേഹത്തിന്റെ ഫോമിലും ഇടിവ് സംഭവിച്ചിരിക്കുകയാണ്. തുടക്കത്തിലെ ചില മല്‍സരങ്ങളില്‍ പാട്ടിധാര്‍ തിളങ്ങിയെങ്കിലും പിന്നീട് മോശമായി കൊണ്ടിരുന്നു.
10 ഇന്നിങ്‌സുകളലാണ് പാട്ടിധാര്‍ ഈ സീസണില്‍ ബാറ്റ് ചെയ്തത്. 140.58 സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് 239 റണ്‍സുമാണ്. ക്യാപ്റ്റന്‍സിയില്‍ അദ്ദേഹം കസറുകയാണെങ്കിലും ബാറ്റിങില്‍ ഇതാവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. ഇതു പ്ലേഒാഫിലും ഫൈനലിലുമെല്ലാം ആര്‍സിബിക്കു ക്ഷീണമാവും.
ഹേസല്‍വുഡിനെ അമിതാശ്രയം
ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജോഷ് ഹേസല്‍വുഡിനെ ബൗളിങില്‍ അമിതമായി ആശ്രയിക്കുന്നുവെന്നതാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു തിരിച്ചടിയാവുന്ന മറ്റൊരു കാരണം. ഭുവനേശ്വര്‍ കുമാറുള്‍പ്പെടെ വേറെയും സൂപ്പര്‍ ബൗളര്‍മാര്‍ വര്‍ക്കുണ്ടെങ്കിലും എല്ലായ്‌പ്പോഴും വിക്കറ്റുകളെടുക്കാനും ഇംപാക്ടുണ്ടാക്കാനുമെല്ലാം ഹേസല്‍വുഡ് തന്നേ വേണം.
10 മല്‍സരങ്ങളില്‍ നിന്നും 8.44 ഇക്കോണമി റേറ്റില്‍ 18 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ആര്‍ബിക്കായി കൂടുതല്‍ വിക്കറ്റെടുത്തതും ഓസീസ് താരമാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മല്‍സരത്തില്‍ ഹേസല്‍വുഡില്ലാതെ ഇറങ്ങിപ്പോള്‍ 212 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പോലും പ്രതിരോധിക്കാന്‍ ആര്‍സിബി പാടുപെട്ടിരുന്നു. ഇതു തീര്‍ച്ചയായും ആര്‍സിബിക്കു വലിയ മുന്നറിയിപ്പാണ്.
ഫൈനല്‍ പോലെയുള്ള നിര്‍ണായക മല്‍സരങ്ങളില്‍ എന്തു ചെയ്യുമെന്നതു ആര്‍സിബി ഗൗരവമായി തന്നെ ആലോചിക്കേണ്ടതാണ്. ബൗളിങില്‍ ഭുവിയടക്കം മറ്റു ബൗളര്‍മാരില്‍ നിന്നും കൂടുതല്‍ സംഭാവനകള്‍ ലഭിച്ചാല്‍ മാത്രമേ അവര്‍ക്കു ഈ പോരായ്മയെ മറികടക്കാന്‍ സാധിക്കുകയുള്ളൂ.
കോലിയില്ലാതെ പറ്റില്ല?
ബൗളിങില്‍ ജോഷ് ഹേസല്‍വുഡിനെയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു അമിതമായി ആശ്രയിക്കുന്നതെങ്കില്‍ ബാറ്റിങില്‍ ടീമിന്റെ ഭാരം മുഴുവന്‍ ഇതിഹാസ താരം വിരാട് കോലിക്കാണ്. ടീമിനു ബാറ്റിങില്‍ എല്ലായ്‌പ്പോഴും ശക്തമായ അടിത്തറയിടേണ്ട ചുമതല അദ്ദേഹത്തിനു മാത്രമായി മാറിയിരിക്കുകയാണ്. ഇതുവരെ കോലി അതു നന്നായി നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്.

11 മല്‍സരങ്ങളില്‍ നിന്നും 63.12 ശരാശരിയില്‍ അദ്ദേഹം വാരിക്കൂട്ടിയത് 505 ററണ്‍സാണ്. ഏഴു ഫിഫ്‌റി പ്ലസ് സ്‌കോറുകളടക്കമാണിത്. പക്ഷെ എല്ലാ കളിയിലും കോലി ഈ തരത്തില്‍ സ്‌കോര്‍ ചെയ്തു കൊണ്ടിരിക്കുമെന്നു ആര്‍സിബി സ്വപ്‌നം കാണരുത്.
മോശം ദിവസങ്ങള്‍ തീര്‍ച്ചയായും അദ്ദേഹത്തിനുമുണ്ടാവും. ഇനി പ്ലേഓഫിലും ഫൈനലിലുമെല്ലാണ് കോലി ഫ്‌ളോപ്പാവുന്നതെങ്കില്‍ ആര്‍സിബി എന്തു ചെയ്യും? അവിടെയാണ് യഥാര്‍ഥ അഗ്നിപരീക്ഷ ടീമിനെ കാത്തിരിക്കുന്നത്.