2008ലെ പ്രഥമ ഐപിഎല്‍ സീസണ്‍ മുതല്‍ എല്ലാ എഡിഷനുകളിലും കളിച്ചിട്ടും ഇതുവരെ കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ടീമുകളിലൊന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. ടീമിനെയും താരങ്ങളെയുമെല്ലാം ആവേശത്തിലാക്കാന്‍ ഈ സാല കപ്പ് നമ്മ്‌ടെയെന്നു (ഈ വര്‍ഷം കിരീടം നമ്മുടേത്) ആരാധകര്‍ സ്റ്റേഡിയത്തില്‍ എല്ലായ്പ്പോഴും ആര്‍പ്പുവിളിക്കാറുണ്ടെങ്കിലും 2025ലും ഇതു സംഭവിച്ചേക്കില്ല.
കഴിഞ്ഞ മെഗാ ലേലത്തില്‍ മികച്ച ചില കളിക്കാരെ കൊണ്ടുവന്ന ശേഷം പുതിയ ലുക്കിലായിരിക്കും ആര്‍സിബി ഇത്തവണ ഇറങ്ങുക. പക്ഷെ വീണ്ടുമൊരിക്കല്‍ കൂടി ആര്‍സിബിക്കു വെറും കൈയോടെ അവസാനിപ്പിക്കേണ്ടി വരുന്ന സീസണായി ഈ വര്‍ഷത്തേതു മാറിയേക്കും. ആര്‍സിബി കപ്പടിക്കില്ലെന്നു പറയാനുള്ള മൂന്നു പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണന്നു നോക്കാം.

കോലിയെ അമിതമായ ആശ്രയിക്കല്‍
മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയെ അമിതമായി ആശ്രയിക്കുന്നുവെന്നതാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂവിന്റെ ആദ്യത്തെ പ്രശ്‌നം. കോലിയെപ്പോലെ ടീമിന്റെ ഭാഗമായിട്ടുള്ള ചില സൂപ്പര്‍ താരങ്ങളെ അമിതമായി ആശ്രയിക്കുന്നുവെന്ന ദുഷ്‌പേര് ഫ്രാഞ്ചൈസിക്കു നേരത്തേ തന്നെയുണ്ട്.
കഴിഞ്ഞ സീസണിലുള്‍പ്പെടെ ആര്‍സിബിക്കായി കോലി തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. പക്ഷെ അദ്ദേഹം 600-700 റണ്‍സ് അടിച്ചെടുത്തതു കൊണ്ടു മാത്രം ടീമിനു ചാംപ്യന്മാരാന്‍ കഴിയില്ല. ഇതിനായി ഒന്നലേറെ താരങ്ങളുടെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ സീസണിലുടനീളം ആര്‍സിബിക്കു ആവശ്യമാണ്.
കോലിയോ, ടീമിലെ മറ്റേതെങ്കിലുമൊരു സൂപ്പര്‍ താരമോ പരിക്കേറ്റ് വീണാല്‍ അതു സീസണിലുടനീളം ആര്‍സിബിക്കു ക്ഷീണമായി മാറും. അതു അവരുടെ കിരീടപ്രതീക്ഷകള്‍ക്കും മങ്ങലേല്‍പ്പിക്കുകയും ചെയ്യും.
ബൗളിങ് ലൈനപ്പ്
ഒട്ടും തന്നെ ആഴമില്ലാത്ത വളരെ ശോഷിച്ച ബൗളിങ് ലൈനപ്പാണ് റോല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ കന്നി ഐപിഎല്‍ കിരീടത്തില്‍ നിന്നും തടയുന്ന രണ്ടാമത്തെ കാരണം. ഇന്ത്യയുടെ പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍, ഓസ്‌ട്രേലിയയുടെ സൂപ്പര്‍ പേസറായ ജോഷ് ഹേസല്‍വുഡ് എന്നിവരെ ലേലത്തില്‍ വാങ്ങിയെങ്കിലും അവരുടെ ബൗളിങ് ലൈനപ്പ് ഇപ്പോഴും ദുര്‍ബലമായിട്ടാണ് കാണപ്പെടുന്നത്.
ഇന്ത്യക്കെതിരേ സമാപിച്ച ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കിടെ ഹേസല്‍വുഡിനു പരിക്കേറ്റിരുന്നു. അതുകൊണ്ടു തന്നെ ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം സംബന്ധിച്ച് അനിശ്ചിതത്വവും നിലനില്‍ക്കുകയാണ്. ഹേസല്‍വുഡ് പിന്‍മാറിയാല്‍ ഭുവിക്കും യഷ് ദയാലിനും ആര്‍സിബി ബൗളിങിനു ചുക്കാന്‍ പിടിക്കേണ്ടതായി വരികയും ചെയ്യും.

മൂന്നാമത്തെ കാരണം
കന്നി ഐപിഎല്‍ ട്രോഫിക്കായുള്ള അമിത സമ്മര്‍ദ്ദമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു തിരിച്ചടിയാവുന്ന മൂന്നാമത്തെ കാരണം. ഇത്തവണയെങ്കിലും കിരീടം നേടിയേ തീരൂവെന്ന സമ്മര്‍ദ്ദം സീസണിലുടനീളം കളിക്കാരിലും ടീമിന്റെ അണിയറയിലുമെല്ലാം തീര്‍ച്ചയായുമുണ്ടാവും. ആരാധകരില്‍ നിന്നുള്ള ഈ അമിത സമ്മര്‍ദ്ദം കളിക്കാരെ ഏറ്റവും മിച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ നിന്നും തടഞ്ഞേക്കുകയും ചെയ്യും.
ലക്ഷ്മണ്‍ കോച്ച്!! ബുംറ ക്യാപ്റ്റന്‍, ഇംഗ്ലണ്ടില്‍ ഇറക്കേണ്ടത് ഈ 11; ടെസ്റ്റ് പരമ്പര ജയിക്കാം
ഈ അമിത സമ്മര്‍ദ്ദം കാരണം ഗ്രൗണ്ടില്‍ കളിക്കാരുടെ ഭാഗത്തു നിന്നും പല പിഴവുകള്‍ക്കും വഴിയൊരുക്കിയേക്കും. മാത്രമല്ല, ഈ സമ്മര്‍ദ്ദം താരങ്ങളുടെ വ്യക്തിഗത പ്രകടനത്തെയും മോശമായി ബാധിച്ചേക്കും.
നേരത്തേ മൂന്നു തവണ ഐപിഎല്ലിന്റെ ഫൈനല്‍ വരെയെത്തിയ ടീമാണ് ആര്‍സിബി. പക്ഷെ അമിതസമ്മര്‍ദ്ദം താരങ്ങളുടെയും ടീമിന്റെയുമെല്ലാം ഫൈനലിലെ പ്രകടനത്തെ ബാധിക്കുകയും ഈ കാരണത്താല്‍ കിരീടം അടിയറവയ്ക്കുകയുമായിരുന്നു.