IPL 2025: ആര്‍സിബി നായകനായി രജത്, കോലിക്ക് പറയാനുള്ളത് എന്ത്? പ്രതികരണം ഇതാ
ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കാനിരിക്കെ തങ്ങളുടെ നായകനെ പ്രഖ്യാപിച്ചിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. വലിയ മാറ്റങ്ങളോടെ ഇറങ്ങുന്ന ആര്‍സിബിയുടെ പുതിയ നായകനായി വിരാട് കോലിയെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ രജത് പാട്ടീധാറിനെ നായകനായി ടീം പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് സീസണുകളിലായി ടീമിനൊപ്പം മികച്ച പ്രകടനം നടത്തുന്ന താരമാണ് രജത്.
ആഭ്യന്തര ക്രിക്കറ്റിലും നായകനായി തിളങ്ങുന്ന രജത്തിന് ഐപിഎല്ലില്‍ ആര്‍സിബിക്ക് കന്നി കിരീടം സമ്മാനിക്കാനാവുമെന്ന പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. ഫഫ് ഡുപ്ലെസിസ് പടിയിറങ്ങിയ സീറ്റിലേക്കാണ് ഇപ്പോള്‍ രജത്തിന്റെ വരവ്. കോലിയുടെ രണ്ടാം വരവ് പ്രതീക്ഷിച്ചിരുന്ന ആരാധകരെ നിരാശരാക്കിയാണ് രജത്തിന്റെ വരവ്. എന്നാല്‍ രജത് ആര്‍സിബിയുടെ മികച്ച നായകനായി മാറാനുള്ള സാധ്യതകളേറെയാണ്. ഇപ്പോഴിതാ മുന്‍ ആര്‍സിബി നായകനും സൂപ്പര്‍ താരവുമായ വിരാട് കോലി രജത്തിനെ നായകനാക്കിയതിനോട് പ്രതികരിച്ചിരിക്കുകയാണ്.
രജത്തിനെ പ്രശംസിച്ച് കോലി
വിരാട് കോലിക്ക് കീഴില്‍ വീണ്ടും ആര്‍സിബി കളിക്കുകയെന്നത് ശരിയായ രീതിയല്ല. ഏറെ നാള്‍ ടീമിനെ നയിച്ചിട്ടും കപ്പിലേക്കെത്തിക്കാന്‍ കോലിക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണ രജത്തിന്റെ വരവില്‍ പ്രതീക്ഷകളേറെയാണ്. ആര്‍സിബിക്കൊപ്പം മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ ഇതിനോടകം രജത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ നായകസ്ഥാനം ലഭിക്കുമ്പോള്‍ എന്താവും അവസ്ഥയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും രജത്തില്‍ വലിയ പ്രതീക്ഷയുണ്ടെന്നാണ് കോലി പ്രതികരിച്ചിരിക്കുന്നത്.
'ആര്‍സിബിയുടെ പുതിയ നായകനായ രജത് പാട്ടീധാറിനെ ആദ്യം തന്നെ അഭിനന്ദിക്കുന്നു. എല്ലാ വിധ ആശംസകളും നേരുന്നു. ഫ്രാഞ്ചൈസിക്കൊപ്പം നീ വളര്‍ന്നതും മികച്ച പ്രകടനം നടത്തിയും ആര്‍സിബി ആരാധക ഹൃദയങ്ങളില്‍ ഇടം നേടാന്‍ നിനക്കായി. അവരെല്ലാം നിന്റെ കളി കാണാന്‍ ആവേശത്തോടെയിരിക്കുകയാണ്. നിനക്ക് അര്‍ഹിച്ച നേട്ടമാണിത്. ഞാനുള്‍പ്പെടുന്ന ടീമംഗങ്ങള്‍ നിനക്കൊപ്പമുണ്ട്. എല്ലാ വിധ പിന്തുണയുമുണ്ട്.

ഞാന്‍ നിരവധി വര്‍ഷം നിര്‍വഹിച്ച റോളാണിത്. വലിയ ഉത്തരവാദിത്തമാണ് നിറവേറ്റാനുള്ളത്. നിനക്കുള്ള വലിയ അംഗീകാരമാണിത്. കൂടുതല്‍ കരുത്തനായി നീ മാറുമെന്ന് ഉറപ്പാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ മികച്ച പ്രകടനങ്ങളോടെ ഇന്ത്യക്കായി കളിക്കാനുള്ള അവസരവും ലഭിച്ചു. അവന്റെ പ്രകടനം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്' എന്നാണ് കോലി രജത്തിനെ ആശംസിച്ച് വീഡിയോയിലൂടെ പറഞ്ഞത്.
രജത്തിനൊപ്പം മികച്ച താരനിര
ഇത്തവണ മികച്ച താരനിരയാണ് ആര്‍സിബിക്കൊപ്പമുള്ളത്. ഇത് ടീമിന് ഗുണം ചെയ്യുമെന്ന് തന്നെ പ്രതീക്ഷിക്കാം. ബാറ്റിങ് നിരയില്‍ വിരാട് കോലിക്കും രജത്തിനുമൊപ്പം ഫില്‍ സാള്‍ട്ട്, ജിതേഷ് ശര്‍മ, ദേവ്ദത്ത് പടിക്കല്‍ എന്നിവരുമാണുള്ളത്. ലിയാം ലിവിങ്സ്റ്റണ്‍, ക്രുണാല്‍ പാണ്ഡ്യ, ടിം ഡേവിഡ്, റൊമാരിയോ ഷിഫേര്‍ഡ്, ജേക്കബ് ബെദല്‍ എന്നിവരെല്ലാം ആര്‍സിബിക്ക് ഇത്തവണ വലിയ പ്രതീക്ഷ നല്‍കുന്നവരാണ്. ഭുവനേശ്വര്‍ കുമാര്‍, നുവാന്‍ തുഷാര, ജോഷ് ഹെയ്‌സല്‍വുഡ്, ലൂങ്കി എന്‍ഗിഡി, യഷ് ദയാല്‍ എന്നിവര്‍ ബൗളിങ് നിരക്കും കരുത്ത് പകരും.
സമ്മര്‍ദ്ദ സാഹചര്യത്തില്‍ തിളങ്ങാന്‍ സവിശേഷമായ കഴിവാണ് രജത്തിനുള്ളത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ ഇടക്കിടെ പരിക്കേല്‍ക്കുന്നത് താരത്തിന് തിരിച്ചടിയായി മാറിയിരുന്നു. എന്നാല്‍ ആര്‍സിബിക്ക് വലിയ പ്രതീക്ഷയുള്ള താരമാണ് രജത്. നിലവിലെ ആര്‍സിബി താരങ്ങളില്‍ ടീമിനെ നയിക്കാന്‍ ഏറ്റവും യോഗ്യനായ താരം രജത്താണ് നിസംശയം പറയാം. പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും ഇതുവരെ കപ്പിലേക്കെത്താന്‍ ആര്‍സിബിക്കായിട്ടില്ല. രജത്തിലൂടെ കന്നി കിരീടത്തിലേക്കെത്താന്‍ ആര്‍സിബിക്ക് സാധിക്കുമോയെന്നത് കണ്ടറിയാം.
രജത്തിന്റെ ഐപിഎല്ലിലെ കണക്കുകള്‍
രജത് പാട്ടീധാറിന്റെ ഐപിഎല്ലിലെ കണക്കുകള്‍ നോക്കുമ്പോള്‍ നിരാശയാണ് ഫലം. 27 മത്സരത്തില്‍ നിന്ന് 799 റണ്‍സാണ് രജത് നേടിയത്. 34.74 ശരാശരിയില്‍ കളിക്കുന്ന രജത് ഏഴ് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയുമാണ് നേടിയിട്ടുള്ളത്. 112 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഗംഭീരമായി ഫീല്‍ഡ് ചെയ്യുന്ന താരവുമാണ് രജത് പാട്ടീധാര്‍. ആര്‍സിബിക്കൊപ്പം ചരിത്രമെഴുതാന്‍ രജത്തിന് സാധിക്കുമോയെന്നത് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications