ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ ഏറ്റവും കൂടുതല്‍ കൈയടി നേടുന്ന യുവതാരങ്ങളിലൊരാളാണ് വൈഭവ് സൂര്യവന്‍ഷി. 14ാം വയസില്‍ ഐപിഎല്‍ അരങ്ങേറ്റം നടത്തിയ വൈഭവ് അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ത്തന്നെ സിക്‌സര്‍ പറത്തി എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. ഇടം കൈയന്‍ ഓപ്പണറായ വൈഭവ് രാജസ്ഥാന്‍ റോയല്‍സിന് മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ഭാവിയിലേക്ക് പ്രതീക്ഷ നല്‍കുന്ന തരത്തിലാണ് മിന്നിക്കുന്നത്.
എന്നാല്‍ പ്രായം 14 മാത്രമായതിനാല്‍ താരത്തിന് പക്വതക്കുറവുണ്ട്. അരങ്ങേറ്റ മത്സരത്തില്‍ പുറത്തായപ്പോള്‍ കരഞ്ഞുകൊണ്ടാണ് വൈഭവ് കളം വിട്ടത്. രണ്ടാം മത്സരത്തില്‍ ഭുവനേശ്വര്‍ കുമാറിനെ സിക്‌സര്‍ പറത്തിയതിന് പിന്നാലെ ക്ലീന്‍ബൗള്‍ഡായാണ് താരം പുറത്തായത്. എല്ലാ പന്തുകളും സിക്‌സര്‍ പറത്തണമെന്ന രീതിയിലാണ് നിലവില്‍ വൈഭവിന്റെ ഷോട്ടുകള്‍. അതിവേഗം റണ്‍സുയര്‍ത്താനാണ് യുവതാരം ശ്രമിക്കുന്നതെങ്കിലും എല്ലാ പന്തുകളും അതിര്‍ത്തി കടത്താനുള്ള ഷോട്ട് തിരഞ്ഞെടുപ്പ് മണ്ടത്തരമാണെന്ന് തന്നെ പറയാം.
ഇതിനോടകം പല പ്രമുഖരും വൈഭവിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. വീരേന്ദര്‍ സെവാഗടക്കം വൈഭവിനോട് കൂടുതല്‍ പക്വത കാട്ടിയില്ലെങ്കില്‍ അടുത്ത വര്‍ഷം വീട്ടിലിരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ പരിശീലകനും അവതാരകനുമായ രവി ശാസ്ത്രിയും വൈഭവിനെ ഉപദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. പ്രതിഭയുള്ള യുവതാരമാണ് വൈഭവ് എങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് രവി ശാസ്ത്രി പറയുന്നത്.
തോല്‍വികളില്‍ നിന്ന് പഠിക്കാന്‍ തയ്യാറാവണം
പ്രതിഭയുള്ള താരമാണ് വൈഭവ്. ആരേയും ഭയമില്ലാതെ ഷോട്ട് കളിക്കാനും താരം ധൈര്യം കാട്ടുന്നുണ്ട്. എന്നാല്‍ പ്രായത്തിന്റേതായ പക്വതക്കുറവ് വൈഭവിനുണ്ട്. മാനസികമായി വൈഭവ് കൂടുതല്‍ പക്വത കാട്ടേണ്ടതായുണ്ട്. തെറ്റുകളില്‍ നിന്ന് പഠിക്കേണ്ടതായുണ്ട്. വൈകാരികമായി കാര്യങ്ങളെ എടുക്കാതെ സാങ്കേതികതയില്‍ വിശ്വസിച്ച് മുന്നോട്ട് പോയാലെ മികച്ച കരിയര്‍ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് രവി ശാസ്ത്രി ഉപദേശിക്കുന്നത്.
'വൈഭവ് വളരെ യുവതാരമാണ്. തോല്‍വികള്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. ഇതില്‍ നിന്ന് സ്വയം പഠിച്ച് മുന്നോട്ട് വരണം. അടിച്ചുതകര്‍ത്ത് കളിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ് വൈഭവ്. ഇതേ ആത്മവിശ്വാസവും ധൈര്യവും കരിയറില്‍ ഉടനീളം ഉണ്ടാവണം. ഈ പ്രായത്തില്‍ അധികം അവനെ ഉപദേശിക്കാതെ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ അനുവദിക്കണം. തോല്‍വികളെ അവന്‍ എങ്ങനെ നേരിടുന്നുവെന്നതാണ് കണ്ടറിയേണ്ടത്. തോല്‍വികള്‍ നേരിട്ടാണ് ഒരു താരം വളരേണ്ടത്.

ബൗളര്‍മാര്‍ പുതിയ തന്ത്രങ്ങള്‍ ഉപയോഗിച്ച് പുറത്താക്കാന്‍ ശ്രമിക്കും. അവന്‍ ബൗളറുടെ ആദ്യ പന്ത് സിക്‌സര്‍ പറത്തണമെന്ന് ആഗ്രഹിക്കുമ്പോള്‍ ബൗളര്‍മാര്‍ തിരിച്ചും ഒട്ടും ദയവ് കാട്ടില്ല. ഷോര്‍ട്ട് ബോളുകളടക്കം ഉപയോഗിക്കും. അവന്റെ പ്രായം 14 ആണോ 12 ആണോ എന്ന് അവര്‍ പരിഗണിക്കില്ല. ഇത് മനസിലാക്കി കളിക്കാന്‍ സാധിക്കണം' രവി ശാസ്ത്രി പറഞ്ഞു. തുടക്കക്കാരനായ വൈഭവിന് വലിയ ഇന്നിങ്‌സ് കളിക്കാതെ അധികനാള്‍ മുന്നോട്ട് പോകാനാവില്ല. ചെറിയ കാമിയോകൊണ്ട് വലിയ കരിയര്‍ സൃഷ്ടിക്കാന്‍ പ്രയാസമാണെന്ന് തന്നെ പറയാം.
വൈഭവിന് വലിയ പിന്തുണ രാജസ്ഥാന്‍ നല്‍കുന്നു
വൈഭവ് സൂര്യവന്‍ഷിയെ രാജസ്ഥാന്‍ കളിപ്പിച്ചത് സഞ്ജു സാംസണിന്റെ അഭാവത്തിലാണ്. ഓപ്പണറും നായകനുമായ സഞ്ജു സാംസണിന് പരിക്കേറ്റതോടെയാണ് പകരക്കാരനായി വൈഭവിനെ ടീമിലേക്ക് കൊണ്ടുവന്നത്. വൈഭവ് ആദ്യ രണ്ട് മത്സരത്തില്‍ നിന്ന് 50 റണ്‍സാണ് നേടിയത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ മികവ് കാട്ടാനും താരത്തിനാവുന്നു. എന്നാല്‍ ചെറുപ്പത്തിലേ കോടിപതിയായതിന്റെ അഹങ്കാരം കാട്ടിയാല്‍ കരിയര്‍ തകരുമെന്നാണ് സെവാഗ് മുന്നറിയിപ്പ് നല്‍കിയത്.
1.1 കോടി രൂപക്കാണ് വൈഭവിനെ രാജസ്ഥാന്‍ ടീമിലെത്തിച്ചത്. ഇത്ര ചെറുപ്പത്തിലേ തന്നെ ഇത്രയും പ്രതിഫലം കൈയില്‍ വരുമ്പോള്‍ താന്‍ സൂപ്പര്‍ താരമാണെന്ന ചിന്ത കടന്നുവരാന്‍ സാധ്യത കൂടുതലാണ്. ഇത് അഹങ്കാരമായി മാറിയാല്‍ കരിയറിനെ പിന്നോട്ടടിക്കുമെന്നും സെവാഗ് പറഞ്ഞു. രാഹുല്‍ ദ്രാവിഡിനെപ്പോലൊരു മികച്ച പരിശീലകനൊപ്പമുള്ളത് വൈഭവിന്റെ കരിയര്‍ വളര്‍ച്ചക്ക് ഗുണം ചെയ്യുമെന്ന് തന്നെ പ്രതീക്ഷിക്കാം.