Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: റണ്‍മലക്ക് മുന്നില്‍ സഞ്ജുപ്പട വീണു, ഹൈദരാബാദിന് മിന്നും ജയം; ഇഷാനാണ് ഹീറോ

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 44 റണ്‍സിന് തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 6 വിക്കറ്റിന് 286 റണ്‍സെടുത്തപ്പോള്‍ രാജസ്ഥാന് ആറ് വിക്കറ്റിന് 242 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇഷാന്‍ കിഷനും (106*) ട്രാവിസ് ഹെഡും (67) ഹൈദരാബാദിനായി മിന്നിച്ചു. രാജസ്ഥാനായി ദ്രുവ് ജുറേലും (70) സഞ്ജു സാംസണും (66) അര്‍ധ സെഞ്ച്വറികളോടെ മിന്നിച്ചെങ്കിലും ജയത്തിലേക്കെത്തിക്കാനായില്ല.

ഹൈദരാബാദിന്റെ തുടക്കം ഗംഭീരം

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് പ്രതീക്ഷിച്ചപോലെ തന്നെ വെടിക്കെട്ട് തുടക്കം ലഭിച്ചു. അവസാന സീസണില്‍ തല്ലിത്തകര്‍ത്ത ട്രാവിസ് ഹെഡ്-അഭിഷേക് ശര്‍മ കൂട്ടുകെട്ട് ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല. ആദ്യ ഓവര്‍ മുതല്‍ ആക്രമിച്ച് കളിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുവരും കളിച്ചത്. ഇതോടെ അതിവേഗം റണ്‍സുയര്‍ന്നു. ഒന്നാം വിക്കറ്റില്‍ 45 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷമാണ് അഭിഷേക് ശര്‍മ മടങ്ങിയത്. 11 പന്തില്‍ അഞ്ച് ഫോറടക്കം 24 റണ്‍സെടുത്ത അഭിഷേകിനെ മഹേഷ് തീക്ഷണ പുറത്താക്കുകയായിരുന്നു.

പവര്‍പ്ലേയില്‍ പിറന്നത് 94 റണ്‍സ്

അഭിഷേക് മടങ്ങിയ ശേഷം ട്രാവിസ് ഹെഡും ഇഷാന്‍ കിഷനും ചേര്‍ന്ന് റണ്‍സുയര്‍ത്തി. മുംബൈ ഇന്ത്യന്‍സ് വിട്ട് ഹൈദരാബാദിലെത്തിയ ഇഷാന്‍ ആദ്യ മത്സരത്തില്‍ത്തന്നെ എല്ലാവരേയും ഞെട്ടിച്ചു. ജോഫ്രാ ആര്‍ച്ചറിന്റെ ഒരോവറില്‍ 23 റണ്‍സടക്കം നേടി ഹെഡ് തല്ലിത്തകര്‍ത്തു. ഇതോടെ പവര്‍പ്ലേയില്‍ 94 റണ്‍സാണ് ഹൈദരാബാദ് ടീം സ്‌കോറിനൊപ്പം ചേര്‍ത്തത്. ആദ്യത്തെ ആറ് ഓവറിനുള്ളില്‍ അടിത്തറ പാകാന്‍ ഹൈദരാബാദിന്റെ ബാറ്റിങ് നിരക്കായി.

ഹെഡിനെ പുറത്താക്കി ദെശപാണ്ഡെ

രാജസ്ഥാന്‍ ബൗളര്‍മാരെ തല്ലിപ്പറത്തുന്ന പ്രകടനമാണ് ഹൈദരാബാദ് ബാറ്റിങ് നിര കാഴ്ചവെച്ചത്. ഇതില്‍ ട്രാവിസ് ഹെഡാണ് കൂടുതല്‍ അപകടകാരിയായി മുന്നേറിയത്. 31 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 67 റണ്‍സെടുത്ത ഹെഡിനെ തുഷാര്‍ ദെശപാണ്ഡെയാണ് പുറത്താക്കിയത്. സ്ലോ ബോള്‍ കെണിയില്‍ ഹെഡ് വീഴുകയായിരുന്നു. പിന്നാലെ ഇഷാന്‍ കിഷന്‍ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തു. നിതീഷ് കുമാര്‍ റെഡ്ഡിയും മികച്ച പിന്തുണ നല്‍കിയതോടെ റണ്‍സുയര്‍ന്നു. 15 പന്തില്‍ നാല് ഫോറും 1 സിക്‌സുമടക്കം 30 റണ്‍സെടുത്ത നിതീഷ് കുമാറിനെ തീക്ഷണ പുറത്താക്കി.

ishan kishan

ഇഷാന്റെ മിന്നും സെഞ്ച്വറി

മുംബൈ വിട്ട് ഹൈദരാബാദിലെത്തിയ ശേഷമുള്ള ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടി മിന്നിക്കാന്‍ ഇഷാന്‍ കിഷന് സാധിച്ചിരിക്കുകയാണ്. 47 പന്തില്‍ 11 ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 106 റണ്‍സോടെയാണ് ഇഷാന്‍ പുറത്താവാതെ നിന്നത്. ഹെന്‍ റിച്ച് ക്ലാസന്‍ കാമിയോ കാഴ്ചവെച്ച് മടങ്ങി. 14 പന്തില്‍ 5 ഫോറും 1 സിക്‌സുമടക്കം 34 റണ്‍സാണ് ക്ലാസന്‍ നേടിയത്. അനികേത് വര്‍മ മൂന്ന് പന്തില്‍ ഏഴ് റണ്‍സെടുത്തപ്പോള്‍ അഭിനവ് മനോഹര്‍ ഗോള്‍ഡന്‍ ഡെക്കായി. പാറ്റ് കമ്മിന്‍സ് (0*) പുറത്താവാതെ നിന്നു. ഇതോടെ 20 ഓവറില്‍ 6 വിക്കറ്റിന് 286 എന്ന വമ്പന്‍ സ്‌കോറിലേക്ക് ഹൈദരാബാദെത്തി. ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടീം ടോട്ടലാണിത്.

രാജസ്ഥാന്‍ ബൗളര്‍മാര്‍ നിരാശപ്പെടുത്തി

രാജസ്ഥാന്റെ ബൗളിങ് നിരയില്‍ തുഷാര്‍ ദെശപാണ്ഡെയാണ് അല്‍പ്പം ഭേദപ്പെട്ട് നിന്നത്. നാല് ഓവറില്‍ 44 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. മഹേഷ് തീക്ഷണ രണ്ട് വിക്കറ്റ് നേടി. ഫസല്‍ഹഖ് ഫറൂഖി മൂന്ന് ഓവറില്‍ 49 റണ്‍സും ജോഫ്രാ ആര്‍ച്ചര്‍ നാല് ഓവറില്‍ 76 റണ്‍സും വിട്ടുകൊടുത്തു. സന്ദീപ് ശര്‍മ 51 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് നേടിയത്.

രാജസ്ഥാന്റെ തുടക്കം പാളി

287 എന്ന വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് മികച്ച തുടക്കം ലഭിച്ചില്ല. സഞ്ജു സാംസണും യശ്വസി ജയ്‌സ്വാളും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്തത്. ജയ്‌സ്വാളില്‍ നിന്ന് വെടിക്കെട്ട് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അഞ്ച് പന്ത് നേരിട്ട് ഒരു റണ്‍സെടുത്ത ജയ്‌സ്വാളിനെ സിമര്‍ജീത് സിങ് പുറത്താക്കി. ഇതേ ഓവറില്‍ നായകന്‍ റിയാന്‍ പരാഗിനേയും സിമര്‍ജീത് മടക്കി. രണ്ട് പന്തില്‍ നാല് റണ്‍സാണ് പരാഗ് നേടിയത്. ഇത്തവണ രാജസ്ഥാനിലേക്കെത്തിയ നിതീഷ് റാണക്ക് കാര്യമായൊന്നും ചെയ്യാനായില്ല. എട്ട് പന്തില്‍ 11 റണ്‍സെടുത്ത നിതീഷിനെ മുഹമ്മദ് ഷമി മടക്കി. ഇതോടെ 50 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് രാജസ്ഥാന്‍ വീണു.

അടിത്തറ പാകി സഞ്ജുവും ജുറേലും

വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ട രാജസ്ഥാനെ രക്ഷിച്ചത് സഞ്ജു സാംസണിന്റേയും ദ്രുവ് ജുറേലിന്റേയും പ്രകടനമാണ്. രണ്ട് പേരും മികച്ച ഷോട്ടുകളുമായി റണ്‍സുയര്‍ത്തി. നാലാം വിക്കറ്റില്‍ 110 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ സൃഷ്ടിച്ചത്. 37 പന്തില്‍ ഏഴ് ഫോറും നാല് സിക്‌സുമടക്കം 66 റണ്‍സെടുത്ത സഞ്ജുവിനെ പുറത്താക്കി ഹര്‍ഷല്‍ പട്ടേലാണ് കൂട്ടുകെട്ട് പൊളിച്ചത്. വിജയ പ്രതീക്ഷയോടെ മുന്നോട്ട് പോയ രാജസ്ഥാനെ പിട്ടോട്ടടിച്ച വിക്കറ്റായിരുന്നു ഇത്. തൊട്ടടുത്ത ഓവറില്‍ ദ്രുവ് ജുറേലിനെ ആദം സാംബയും പുറത്താക്കി. 35 പന്ത് നേരിട്ട് അഞ്ച് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 70 റണ്‍സാണ് ജുറേല്‍ നേടിയത്.

നാണക്കേട് കുറച്ച് രാജസ്ഥാന്‍

രാജസ്ഥാന്റെ വാലറ്റത്തിന്റെ തകര്‍പ്പന്‍ പ്രകടനം ടീമിന്റെ തോല്‍വിയുടെ ക്ഷീണം കുറച്ചു. ഷിംറോന്‍ ഹെറ്റ്‌മെയര്‍ 23 പന്തില്‍ ഒരു ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 42 റണ്‍സ് നേടിയപ്പോള്‍ ശുബം ദുബെ 11 പന്തില്‍ 34 റണ്‍സോടെ പുറത്താവാതെ നിന്നു. ജോഫ്രാ ആര്‍ച്ചര്‍ 1 റണ്‍സോടെ ക്രീസില്‍ തുടര്‍ന്നു. ഹൈദരാബാദിനായി ഹര്‍ഷല്‍ പട്ടേലും സിമര്‍ജീത് സിങ്ങും രണ്ട് വിക്കറ്റ് പങ്കിട്ടപ്പോള്‍ മുഹമ്മദ് ഷമിയും ആദം സാംബയും ഓരോ വിക്കറ്റും നേടി.

പ്ലേയിങ് 11:

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്‍ റിച്ച് ക്ലാസന്‍, അനികേത് വര്‍മ, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (c), സിമര്‍ജീത് സിങ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി

രാജസ്ഥാന്‍ റോയല്‍സ്- യശ്വസി ജയ്‌സ്വാള്‍, ശുബം ദുബെ, നിതീഷ് റാണ, റിയാന്‍ പരാഗ് (c), ദ്രുവ് ജുറേല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, ജോഫ്രാ ആര്‍ച്ചര്‍, മഹേഷ് തീക്ഷണ, തുഷാര്‍ ദെശപാണ്ഡെ, സന്ദീപ് ശര്‍മ, ഫസല്‍ഹഖ് ഫറൂഖി

Story first published: Sunday, March 23, 2025, 13:12 [IST]
Other articles published on Mar 23, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+