For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: നങ്കൂരമിട്ട് ഡീകോക്ക്, രാജസ്ഥാനെ തകര്‍ത്തടുക്കി കെകെആര്‍; വമ്പന്‍ ജയം

ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ ആദ്യ ജയം സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. എട്ട് വിക്കറ്റിനാണ് കെകെആര്‍ രാജസ്ഥാനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 9 വിക്കറ്റിന് 151 റണ്‍സെടുത്തപ്പോള്‍ 15 പന്ത് ബാക്കിയാക്കി കെകെആര്‍ ജയിക്കുകയായിരുന്നു. 61 പന്തില്‍ എട്ട് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 97 റണ്‍സെടുത്ത ക്വിന്റന്‍ ഡീകോക്കാണ് കെകെആറിന് ജയം എളുപ്പമാക്കിയത്.

രാജസ്ഥാന്റെ തുടക്കം പാളി

ഗുവാഹത്തിയിലെ സ്വന്തം തട്ടകത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന രാജസ്ഥാന്‍ റോയല്‍സിന് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. കെകെആര്‍ ബൗളര്‍മാര്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോള്‍ യശ്വസി ജയ്‌സ്വാളും സഞ്ജു സാംസണും റണ്‍സ് കണ്ടെത്താനാവാതെ പ്രയാസപ്പെട്ടു. ആദ്യത്തെ മൂന്ന് ഓവറിലും അതിവേഗം റണ്‍സുയര്‍ത്താനുള്ള രാജസ്ഥാന്‍ ഓപ്പണര്‍മാരുടെ ശ്രമം പാളി. നാലാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു.

സ്‌കോര്‍ബോര്‍ഡില്‍ 33 റണ്‍സുള്ളപ്പോള്‍ 11 പന്തില്‍ 13 റണ്‍സെടുത്ത സഞ്ജു സാംസണെ വൈഭവ് അറോറ പുറത്താക്കുകയായിരുന്നു. ക്രീസില്‍ നിന്ന് കയറിക്കളിച്ച സഞ്ജുവിനെ അറോറ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. വെടിക്കെട്ട് തുടക്കം നല്‍കിയിരുന്ന യശ്വസി ജയ്‌സ്വാളിനും പതിവ് മികവ് കാട്ടാന്‍ സാധിക്കാതെ പോയി. ഇതോടെ പവര്‍പ്ലേയില്‍ 54 റണ്‍സ് മാത്രമാണ് രാജസ്ഥാന് നേടാനായത്. രാജസ്ഥാന്‍ പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ഇത്.

പവര്‍പ്ലേക്ക് ശേഷം കൂട്ടത്തകര്‍ച്ച

പവര്‍പ്ലേയ്ക്ക് ശേഷം രാജസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാരുടെ കൂട്ടത്തകര്‍ച്ചയാണ് കണ്ടത്. നായകന്‍ റിയാന്‍ പരാഗിനെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. 15 പന്തില്‍ മൂന്ന് സിക്‌സറടക്കം 25 റണ്‍സെടുത്ത പരാഗിനെ വരുണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡീകോക്ക് ക്യാച്ചിലൂടെ മടക്കുകയായിരുന്നു. നായകനായ ശേഷം മൂന്നാം നമ്പറിലേക്ക് സ്വയം കയറിയ പരാഗ് മോശം പ്രകടനത്തിലൂടെ ടീമിനെ പിന്നോട്ടടിക്കുകയാണെന്ന് പറയാം.

24 പന്തില്‍ 29 റണ്‍സെടുത്ത യശ്വസി ജയ്‌സ്വാളിനെ മോയിന്‍ അലി പുറത്താക്കി. സുനില്‍ നരെയ്‌ന് പകരമെത്തിയ മോയിന്‍ മികച്ച ബൗളിങ്ങാണ് പുറത്തെടുത്തത്. രണ്ട് വീതം സിക്‌സും ഫോറും പറത്തിയെങ്കിലും 120 സ്‌ട്രൈക്ക് റേറ്റോടെയാണ് ജയ്‌സ്വാള്‍ മടങ്ങിയത്. നിര്‍ണ്ണായക സമയത്താണ് ജയ്‌സ്വാള്‍ വിക്കറ്റ് തുലച്ചത്. വനിന്‍ഡു ഹസരങ്കയെ അഞ്ചാം നമ്പറില്‍ ഇറക്കിയ രാജസ്ഥാന്റെ തീരുമാനവും പാളി.

നാല് പന്തില്‍ നാല് റണ്‍സെടുത്ത ഹസരങ്കയെ വരുണാണ് പുറത്താക്കിയത്. പിന്നീടെത്തിയവര്‍ക്കൊന്നും കാര്യമായ പ്രകടനം നടത്താനായില്ല. മികച്ച ബൗളിങ് ചെയ്ഞ്ചിലൂടെയും ഫീല്‍ഡിങ് വിന്യാസത്തിലൂടെയും രാജസ്ഥാന്‍ ബാറ്റിങ് നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ കെകെആര്‍ നായകന്‍ അജിന്‍ക്യ രഹാനെക്കും സാധിച്ചു.

ഭേദപ്പെട്ട പ്രകടനം നടത്തി ജുറേല്‍

നിതീഷ് റാണ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. ഒമ്പത് പന്തില്‍ എട്ട് റണ്‍സെടുത്ത നിതീഷിനെ മോയിന്‍ അലിയാണ് പുറത്താക്കിയത്. ഹൈദരാബാദിനെതിരേ ആഞ്ഞടിച്ച ശുബം ദുബെക്കും കാര്യമായൊന്നും ചെയ്യാനായില്ല. 12 പന്തില്‍ 9 റണ്‍സെടുത്ത താരത്തെ വൈഭവ് അറോറ പുറത്താക്കി. ദ്രുവ് ജുറേല്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും വലിയ സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാനായില്ല. 28 പന്തില്‍ അഞ്ച് ഫോറടക്കം 33 റണ്‍സാണ് ജുറേല്‍ നേടിയത്.

വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഷിംറോന്‍ ഹെറ്റ്‌മെയര്‍ എട്ട് പന്തില്‍ ഏഴ് റണ്‍സാണ് നേടിയത്. ജോഫ്രാ ആര്‍ച്ചര്‍ 7 പന്തില്‍ 16 റണ്‍സുമായി ചെറിയൊരു കാമിയോ കാഴ്ചവെച്ചു. മഹേഷ് തീക്ഷണയും (1) തുഷാര്‍ ദെശപാണ്ഡെയും (2) പുറത്താവാതെ നിന്നതോടെ ഒമ്പത് വിക്കറ്റിന് 151 എന്ന ശരാശരി സ്‌കോറിലേക്കെത്താനെ രാജസ്ഥാന്‍ റോയല്‍സിനായുള്ളൂ.

dhruv jurel

കെകെആര്‍ സ്പിന്നര്‍മാര്‍ ശോഭിച്ചു

കെകെആറിന്റെ ബൗളര്‍മാരെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. വൈഭവ് അറോറയും ഹര്‍ഷിത് റാണയും മോയിന്‍ അലിയും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ സ്‌പെന്‍സര്‍ ജോണ്‍സന്‍ ഒരു വിക്കറ്റും നേടി. കെകെആറിനായി പന്തെറിഞ്ഞ എല്ലാ ബൗളര്‍മാരും വിക്കറ്റ് നേടി. പവര്‍പ്ലേയിലും ഡെത്തോവറിലും കെകെആറിന്റെ ബൗളിങ് നിര നിറഞ്ഞുനിന്നു.

കരുതലോടെ കളിച്ച് കെകെആര്‍

പിച്ചിലെ ബൗളര്‍മാരുടെ ആധിപത്യം മനസിലാക്കി കരുതലോടെയാണ് കെകെആര്‍ കളിച്ചത്. ഒന്നാം വിക്കറ്റില്‍ 41 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ കെകെആറിനായി. 12 പന്തില്‍ അഞ്ച് റണ്‍സെടുത്ത മോയിന്‍ അലിയെ റണ്ണൗട്ടാക്കിയാണ് രാജസ്ഥാന്‍ കൂട്ടുകെട്ട് പൊളിച്ചത്. റിയാന്‍ പരാഗിന്റെ മികച്ച നീക്കമാണ് മോയിന്‍ അലിയെ പുറത്താക്കിയത്. എന്നാല്‍ ഒരുവശത്ത് ക്വിന്റന്‍ ഡീകോക്ക് റണ്‍സുയര്‍ത്തി. നായകന്‍ അജിന്‍ക്യ രഹാനെ പ്രതീക്ഷ നല്‍കിയാണ് തുടങ്ങിയത്.

15 പന്തില്‍ ഓരോ ഫോറും സിക്‌സും ഉള്‍പ്പെടെ 18 റണ്‍സ് നേടിയ രഹാനെയെ വനിന്‍ഡു ഹസരങ്ക പുറത്താക്കി. സ്വീപ് ഷോട്ടിന് ശ്രമിച്ച രഹാനെ എഡ്ജായപ്പോള്‍ തുഷാര്‍ ദെശപാണ്ഡെ തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു. മോശം പന്തുകളെ തല്ലിത്തകര്‍ത്ത ഡീകോക്ക് 36 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കി. അഞ്ച് ഫോറും മൂന്ന് സിക്‌സുമാണ് ഡീകോക്ക് പറത്തിയത്.

അനായാസം കെകെആര്‍

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗ് ബൗളര്‍മാരെ വേണ്ടവിധം ഉപയോഗിക്കാതിരുന്നതോടെ അനായാസം കെകെആര്‍ വിജയത്തിലേക്കടുത്തു. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ തുഷാര്‍ ദെശപാണ്ഡെയെ 16ാം ഓവറിലാണ് പരാഗ് പരിഗണിക്കുന്നത്. സന്ദീപ് ശര്‍മയേയും വേണ്ടപോലെ പരാഗ് പരിഗണിച്ചില്ല. ഇതെല്ലാം കെകെആര്‍ മുതലാക്കി. ഡീകോക്കിനൊപ്പം ഇംപാക്ട് താരം അന്‍കൃഷ് രഘുവന്‍ഷിയും താളം കണ്ടെത്തിയതോടെ കെകെആര്‍ വിജയമുറപ്പിച്ചു. ഡീകോക്ക് 97 റണ്‍സോടെ പുറത്താവാതെ നിന്നു. രഘുവന്‍ഷി 17 പന്തില്‍ രണ്ട് ഫോറടക്കം 22 റണ്‍സെടുത്ത് ഡീകോക്കിനൊപ്പം ക്രീസില്‍ തുടര്‍ന്നു.

പ്ലേയിങ് 11

രാജസ്ഥാന്‍ റോയല്‍സ്- യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, നിതീഷ് റാണ, റിയാന്‍ പരാഗ് (c), ദ്രുവ് ജുറേല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, വനിന്‍ഡു ഹസരങ്ക, ജോഫ്രാ ആര്‍ച്ചര്‍, മഹേഷ് തീക്ഷണ, തുഷാര്‍ ദെശപാണ്ഡെ, സന്ദീപ് ശര്‍മ

കെകെആര്‍ - ക്വിന്റന്‍ ഡീകോക്ക്, വെങ്കടേഷ് അയ്യര്‍, അജിന്‍ക്യ രഹാനെ (c), റിങ്കു സിങ്, മോയിന്‍ അലി, ആന്‍ഡ്രേ റസല്‍, രമന്‍ദീപ് സിങ്, സ്‌പെന്‍സര്‍ ജോണ്‍സന്‍, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി

Story first published: Wednesday, March 26, 2025, 13:23 [IST]
Other articles published on Mar 26, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+