ഐപിഎല്ലിന്റെ പുതിയ സീസണില്‍ ഏറ്റവും ശക്തമായ ബാറ്റിങ് ലൈനപ്പുള്ള രണ്ടു ടീമുകളാണ് പ്രഥമ സീസണില ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സും 2022ലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സും. മികച്ച ഓപ്പണിങ് ജോടികളുടെ സാന്നിധ്യമാണ് ഈ ടീമുകളെ കൂടുതല്‍ അപകടകാരികളാക്കി മാറ്റുന്നത്. കഴിഞ്ഞ സീസണില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഓപ്പണിങ് സഖ്യത്തെയാണ് രണ്ടു ടീമും അടുത്ത തവണയിറക്കുക.
നായകന്‍ സഞ്ജു സാംസണും യുവതാരം യശസ്വി ജയ്‌സ്വാളുമാണ് റോയല്‍സിന്റെ ഓപ്പണിങ് ജോടികള്‍. എന്നാല്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഓപ്പണിങ് പങ്കാളിയായി എത്തുന്നത് ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ടീം ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ജോസ് ബട്‌ലറാണ്. റോയല്‍സ്, ജിടി ടീമുകളുടെ ഓപ്പണിങ് ജോടികളെ താരതമ്യം ചെയ്താല്‍ ആരുടേതാണ് ബെസ്‌റ്റെന്നു നമുക്കു പരിശോധിക്കാം.

ബട്‌ലര്‍ -ഗില്‍
ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ശുഭ്മന്‍ ഗില്‍ എല്ലാ ഫോര്‍മാറ്റുകളിലും ടീമിലെ നിര്‍ണായക സാന്നിധ്യം കൂടിയാണ്. 2022 മുതല്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമുള്ള അദ്ദേഹം കഴിഞ്ഞ സീസണിലാണ് അവരുടെ നായകസ്ഥാനമേറ്റെടുത്തത്.
ടീം വിട്ട ഹാര്‍ദിക് പാണ്ഡ്യക്കു പകരമാണ് ഗില്‍ ഈ റോള്‍ ഏറ്റെടുത്തത്. പേസ്, സ്പിന്‍ ബൗളിങിനെ ഒരുപോലെ നേരിടാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. ജിടിക്കൊപ്പം ചേര്‍ന്ന ശേഷം ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഗില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ജോസ് ബട്‌ലറാവട്ടെ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ്. ഐപിഎല്ലില്‍ ദീര്‍ഘകകാലം രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുകയും മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തുകയും ചെയ്ത ശേഷമാണ് അദ്ദേഹം ജിടിയിലേക്കു ചേക്കേറിയിരിക്കുന്നത്.
ടി20 ഫോര്‍മാറ്റിലെ ഏറെ അപകടകാരിയായ ബാറ്റര്‍മാരിലൊരാളും കൂടിയായ ബട്‌ലര്‍ 2022ലെ സീസണില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെയും അവകാശിയായിരുന്നു. പവര്‍പ്ലേയില്‍ അഗ്രസീവ് ബാറ്റിങിലൂടെ എതിര്‍ ടീം ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനും ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ വലിയ ഇന്നിങ്‌സുകള്‍ കളിക്കാനും മിടുക്കുള്ള ബാറ്ററാണ് ബട്‌ലര്‍.
സഞ്ജു- ജയ്‌സ്വാള്‍
ജോസ് ബട്‌ലറെ ഒഴിവാക്കേണ്ടി വന്നതോടെയാണ് രാജസ്ഥാന്‍ റോയല്‍സ് അവരുടെ ഓപ്പണിങ് റോളിലേക്കു നായകന്‍ സഞ്ജു സാംസണിനെ പ്രൊമോട്ട് ചെയ്യുന്നത്. യശസ്വി ജയ്‌സ്വാളാവട്ടെ മിന്നുന്ന പ്രകടനങ്ങളിലൂടെ നേരത്തേ തന്നെ റോയസില്‍ ഓപ്പണിങ് റോള്‍ ഉറപ്പിച്ചു കഴിഞ്ഞിട്ടുള്ള താരമാണ്.
അടുത്തിടെ ഇന്ത്യക്കു വേണ്ടി ടി20യില്‍ ഓപ്പണറായി കസറിയതാണ് ഐപിഎല്ലില്‍ റോയല്‍സിന്റെയും ഓപ്പണിങ് റോള്‍ ഏറ്റെടുക്കാന്‍ സഞ്ജുവിനു ആത്മവിശ്വാസം നല്‍കുന്നത്. ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവരുമായുള്ള കഴിഞ്ഞ രണ്ടു ടി20 പരമ്പരകളിലും അദ്ദേഹത്തിന് ഓപ്പണിങ് റോളായിരുന്നു.

ഏഴു മല്‍സരങ്ങളില്‍ മുന്നിലും സെഞ്ച്വറികളുമായി സഞ്ജു ഞെട്ടിക്കുകയും ചെയ്തു. ഇനി ഐപിഎല്ലിലും അദ്ദേഹം ഓപ്പണറായി ഈ ഫോം തുടര്‍ന്നാല്‍ റോയല്‍സിനു കാര്യങ്ങള്‍ എളുപ്പമായി മാറും. ക്ലാസിക്ക് ഷോട്ടുകളും അഗ്രസീവ് ഷോട്ടുകളും ഒരുപോലെ കളിക്കാനുള്ള കഴിവാണ് സഞ്ജുവിനെ അപകടകാരിയാക്കുന്നത്.
മറുഭാഗത്ത് ജയ്‌സ്വാളാവട്ടെ അതിവേഗം സ്‌കോര്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ബാറ്ററാണ്. അതുകൊണ്ടു തന്നെ തുടക്കത്തില്‍ റിക്‌സുകളെടുക്കാനും അദ്ദേഹത്തിനു മടിയില്ല. ആദ്യ 10 ഓവറില്‍ ജയ്‌സ്വാളിനെ പുറത്താക്കാനായില്ലെങ്കില്‍ ടീമിനു വലിയൊരു ടോട്ടല്‍ തന്നെ ഉറപ്പിക്കാന്‍ സാധിക്കും.
ഏതു ജോടിയാണ് സൂപ്പര്‍?
രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകളില്‍ ആരുടെ ഓപ്പണിങ് ജോടിയാണ് ഏറ്റവും ബെസ്‌റ്റെന്നു ഇനി നമുക്കു നോക്കാം. സാങ്കേതിക മികവും സ്ഥിരതയുമെടുത്താല്‍ ശുഭ്മന്‍ ഗില്‍ കൂടുതല്‍ സ്ഥിരതയില്‍ ശ്രദ്ധിക്കുന്നയാളാണ്. ഇതു നിര്‍ണായക മല്‍സരങ്ങളില്‍ ടീമിനു ഗുണം ചെയ്യും.
എന്നാല്‍ യശസ്വി ജയ്‌സ്വാള്‍ ബാറ്റിങ് ടെക്‌നിക്കിന്റെ കാര്യത്തില്‍ കേമനാണെങ്കിലും കൂടുതല്‍ റിസ്‌കുള്ള ഗെയിം കളിക്കുന്നതിനാല്‍ സ്ഥിരത പുലര്‍ത്താന്‍ കഴിയണമെന്നില്ല. അഗ്രഷനും സ്‌ട്രൈക്ക് റേറ്റുമെടുത്താല്‍ പവേര്‍പ്ലേയില്‍ മികച്ച പ്രഹരശേഷിയുള്ള ബാറ്ററാണ് ജോസ് ബട്‌ലര്‍. സഞ്ജു സാംസണും ഇതേ ശൈലിയാണ് പിന്തുടരുന്നതെങ്കിലും ബട്‌ലറോളം ആക്രമണോത്സുകത പലപ്പോഴും പുറത്തെടുക്കാറില്ല.
രണ്ടു ടീമുകളുടെയും ഓപ്പണര്‍മാര്‍ വ്യത്യസ്ത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും ഇതിനു അനുസരിച്ച് ഗെയിമില്‍ മാറ്റം വരുത്താനും സാധിക്കുന്നവരാണ്. എന്നാല്‍ ഇവിടെ അല്‍പ്പം മുന്‍തൂക്കം ബട്‌ലര്‍ - ഗില്‍ ജോടിക്കു തന്നെയായിരിക്കും.
ഈ തരത്തില്‍ വ്യത്യസ്ത കാര്യങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ മുന്‍തൂക്കം ബട്‌ലര്‍- ഗില്‍ സഖ്യത്തിന് തന്നയാണ്. അനുഭവസമ്പത്ത്, പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവയെല്ലാം നോക്കിയാല്‍ ഒരുപടി മുകളില്‍ അവര്‍ തന്നെയാണ്. ഗില്ലിന്റെ സ്ഥിരതയും ബട്‌ലവറുടെ മാച്ച് വിന്നിങ് ശേഷിയും കൂടി ചേരുമ്പോള്‍ അതൊരു മാരക ഓപ്പണിങ് കോമ്പിനേഷനായി മാറുകയും ചെയ്യുന്നു.