ഐപിഎല്‍ മെഗാ ലേലത്തിന്റെ ആവേശം ഇരട്ടിയാക്കിക്കൊണ്ട് ടീമുകളുടെ റിട്ടെന്‍ഷന്‍ ലിസ്റ്റ് ഔദ്യോഗികമായി ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ഇതോടെ ആരൊക്കെ ടീമില്‍ തുടരുമെന്ന കാര്യത്തിലുള്ള ഊഹാപോഹങ്ങള്‍ക്കും അവസാനമായിട്ടുണ്ട്. ആറു കൡക്കാരെ വീതമാണ് ഓരോ ടീമുകള്‍ക്കും നിലനിര്‍ത്താന്‍ അനുവാദമുണ്ടായിരുന്നത്.
ഇതില്‍ പരമാവധി അഞ്ചു വരെ ക്യാപ്പ്ഡ് താരങ്ങളെയും രണ്ടു അണ്‍ ക്യാപ്ഡ് താരങ്ങളെയും ഉള്‍പ്പെടുത്തുകയും ചെയ്യാം. ഭൂരിഭാഗം ടീമുകളും ഫുള്‍ ക്വാട്ട തന്നെ ഉപയോഗിച്ചപ്പോള്‍ ചിലരാവട്ടെ വളരെ ചുരുക്കം പേരെ മാത്രമേ നിലനിര്‍ത്തിയുള്ളൂ. ഇവരില്‍ ചില ടീമുകള്‍ മെഗാ ലേലത്തില്‍ ആര്‍ടിഎം കാര്‍ഡ് ഓപ്ഷനും ഉപയോഗിച്ചേക്കും.
കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സ്, മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളാണ് തങ്ങളുടെ കോര്‍ ഗ്രൂപ്പിനെ നിലനിര്‍ത്തി റിട്ടെന്‍ഷന്‍ ഏറ്റവും നന്നായി ഉപയോഗിച്ചത്. ചില ടീമുകളുടെ റിട്ടെന്‍ഷനാവട്ടെ അത്ര മികച്ചതായിരുന്നില്ലെന്നും കാണാം. കളിക്കാരെ നിലനിര്‍ത്തില്‍ അബദ്ധം കാണിച്ച ടീമുകള്‍ക്കു അടുത്ത സീസണില്‍ വലിയ തിരിച്ചടി നേരിടാന്‍ സാധ്യതയുണ്ട്. ഈ ടീമുകള്‍ ആരൊക്കെയാണെന്നു നോക്കാം.

പഞ്ചാബ് കിങ്‌സ്
ഈ ലിസ്റ്റിലെ ഒരു ടീം പഞ്ചാബ് കിങ്‌സാണ്. വെറും രണ്ടു കളിക്കാരെ മാത്രമേ അവര്‍ നിലനിര്‍ത്തിയുള്ളൂ. അണ്‍ക്യാപ്ഡ് താരങ്ങളായ ശശാങ്ക് സിങിനെയും പ്രഭ്‌സിമ്രന്‍ സിങിനെയുമാണ് അവര്‍ നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണിലെ കണ്ടെത്തലുകളിലൊന്നായ ശശാങ്ക് 164.65 സ്‌ട്രൈക്ക് റേറ്റില്‍ 354 റണ്‍സ് അടിച്ചെടുത്തിരുന്നു. പ്രഭ്‌സിമ്രന്‍ 156.80 സ്‌ട്രൈക്ക് റേറ്റില്‍ 334 റണ്‍സുമാണ് നേടിയത്.
എന്നാല്‍ വെറും രണ്ടു പേരെ മാത്രമേ നിലനിര്‍ത്തിയിട്ടുള്ളൂവെന്നതിനാല്‍ മെഗാ ലേലത്തില്‍ ഒരുപാട് ഏരിയകള്‍ പഞ്ചാബിനു കവര്‍ ചെയ്യേണ്ടതായി വരും. സാം കറെന്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ അവര്‍ നിലനിര്‍ത്തേണ്ടിയിരുന്ന കളിക്കാരാണ്. പക്ഷെ അതിനു പഞ്ചാബ് തയ്യാറായില്ല.
വളരെ ബാലന്‍സുള്ള ബളിങ് ലൈനപ്പും അനുഭവസമ്പത്തുള്ള ബാറ്റിങ് നിരയുമുണ്ടെങ്കില്‍ മാത്രമേ അടുത്ത സീസണില്‍ പഞ്ചാബിനു മിന്നിക്കാന്‍ സാധിക്കുകയുള്ളൂ. മെഗാ ലേലത്തില്‍ അവര്‍ക്കു അതിനു സാധിക്കുമോയെന്നതു കണ്ടു തന്നെ അറിയണം. പഴ്‌സില്‍ ബാക്കിയുള്ള 110.5 കോടി രൂപ ഏറ്റവും നന്നായി വിനിയോഗിക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ പഞ്ചാബിനു പ്രതീക്ഷയ്ക്കു വകയുള്ളൂ.
രാജസ്ഥാന്‍ റോയല്‍സ്
പ്രഥമ സീസണിലെ ചാംപ്യന്മാരായ രാജസ്ഥാന്‍ റോയല്‍സാണ് അടുത്ത എഡിഷനില്‍ പണി കിട്ടാന്‍ സാധ്യതയുള്ള രണ്ടാമത്തെ ടീം. നായകന്‍ സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, സന്ദീപ് ശര്‍മ എന്നീ ആറു കളിക്കാരെയാണ് അടുത്ത സീസണിലേക്കു റോയല്‍സ് നിലനിര്‍ത്തിയത്.
ഇന്ത്യന്‍ കോര്‍ ഗ്രൂപ്പിലെ ബാറ്റര്‍മാരെ നിലനിര്‍ത്താന്‍ റോയല്‍സിനായെങ്കിലും ബൗളിങില്‍ നമുക്കു ഇക്കാര്യം പറയാന്‍ സാധിക്കില്ല. ടീമിന്റെ തുറുപ്പുചീട്ടുകളും സ്പിന്‍ ജോടികളുമായ യുസ്വേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍ എന്നിവരെ റോയല്‍സ് നിലനിര്‍ത്തിയിട്ടില്ല. കഴിഞ്ഞ മൂന്നു സീസണിലും റോയല്‍സിനായി കൂടുതല്‍ വിക്കറ്റെടുത്ത ബൗളറാണ് ചഹല്‍.
കൂടാതെ ബാറ്റിങില്‍ ടീമിന്റെ നെടുംതൂണായ ജോസ് ബട്‌ലറിനെയും അടുത്ത സീസണില്‍ കാണാന്‍ സാധിക്കില്ല. ഫാസ്റ്റ് ബൗളിങ് നോക്കിയാല്‍ അവിടെയും റോയല്‍സിനു ഒന്നില്‍ നിന്നും തുടങ്ങേണ്ടി വരും. സന്ദീപ് ശര്‍മ മാത്രമാണ് നിലനിര്‍ത്തപ്പെട്ട ഏക പേസര്‍. ട്രെന്റെ ബോള്‍ട്ടിനെ കൂടി നിലനിര്‍ത്തിയിരുന്നെങ്കില്‍ അതു റോയല്‍സിനു കൂറേക്കൂടി ബാലന്‍സ് കൊണ്ടുവരാന്‍ സാധിക്കുമായിരുന്നു.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്
ഐപിഎല്‍ റിട്ടെന്‍ഷിലെ പിഴവ് കാരണം തിരിച്ചടി നേടാന്‍ പോവുന്ന മൂന്നാമത്തെ ടീം ഡല്‍ഹി ക്യാപ്പിറ്റല്‍സായിരിക്കും. ക്യാപ്റ്റന്‍ റിഷഭ് പന്തിനെ ഡിസി കൈവിട്ടുവെന്നതാണ് ഏറ്റവും വലിയ സര്‍പ്രൈസ്. കഴിഞ്ഞ സീസണില്‍ 446 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി മാറിയ താരം കൂടിയാണ് അദ്ദേഹം.
അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ട്രിസ്റ്റ്ണ്‍ സ്റ്റബ്‌സ്, അഭിഷേക് പൊറേല്‍ എന്നീ നാലു കളിക്കാരെയാണ് ഡിസി നിലനിര്‍ത്തിയിട്ടുള്ളത്. കഴിഞ്ഞ കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍മാരായ മുകേഷ് കുമാറിനെയും ഖലീല്‍ അഹമ്മദിനെയും അവര്‍ കൈവിട്ടിരിക്കുകയാണ്.
അടുത്ത സീസണില്‍ ആരു നയിക്കുമെന്നു പോലും ഡിസിക്കു ഇപ്പോള്‍ വ്യക്തയില്ല. പരിചയസമ്പന്നരായ മുന്‍നിര ബാറ്റര്‍മാരെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരെയുമെല്ലാം ഡിസിക്കു ഇനി ആവശ്യമാണ്. മെഗാ ലേലത്തില്‍ അവരുടെ നീക്കം എന്തൊക്കെയാവുമെന്നു കാത്തിരുന്നു കാണാം.