ഡല്‍ഹി: ഐപിഎല്ലിന്റെ 18ാം സീസണിലെ അവസാന അങ്കത്തിനു തയ്യാറെടുക്കുകയാണ് പ്രഥമ സീസണിലെ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സ്. നാളെ (ചൊവ്വ) രാത്രി 7.30 മുതല്‍ ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ അഞ്ചു തവണ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് അവരുടെ എതിരാളികള്‍. വിജയത്തോടെ തന്നെ ഈ സീസണ്‍ അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സഞ്ജുപ്പട.
ഹോംഗ്രൗണ്ടിലെ അവസാന മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരേ വിജയത്തിനു അരികില്‍ വരെയെത്തിയ ശേഷമാണ് റോയല്‍സ് 10 റണ്‍സിന്റെ തോല്‍വിയിലേക്കു വീണത്. സീസണില്‍ അവര്‍ക്കു നേരിട്ട ഹാട്രിക്ക് തോല്‍വി കൂടിയായിരുന്നു ഇത്. വീണ്ടുമൊരു പരാജയം റോയല്‍സിനു താങ്ങാന്‍ സാധിക്കില്ല.
അതുകൊണ്ടു തന്നെ ചെന്നൈക്കെതിരേ അവര്‍ എന്തു വിലകൊടുത്തും ജയിച്ചുകയറാന്‍ ശ്രമിക്കുമെന്നുറപ്പാണ്. പഞ്ചാബിനോടു പരാജയപ്പെട്ട ടീമില്‍ തീര്‍ച്ചയായും ചില മാറ്റങ്ങളോടെയാവും ചെന്നൈക്കെതിരേ റോയല്‍സ് ഇറങ്ങുക. ഈ മല്‍സരത്തില്‍ അവരുടെ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

ടോപ്പ് ത്രീയെ മാറ്റില്ല
രാജസ്ഥാന്‍ റോയല്‍സിന്റെ ടോപ്പ് ത്രീയില്‍ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. പഞ്ചാബ് കിങ്‌സിനെതിരേ പരീക്ഷിച്ച അതേ ടോപ്പ് ത്രീയെ തന്നെ ഈ കളിയിലും അവര്‍ നിലനിര്‍ത്തും. ഓപ്പണിങ് വിട്ട് പഴയ ബാറ്റിങ് പൊസിഷനായ മൂന്നിലേക്കു മാറിയ നായകന്‍ സഞ്ജു സാംസണ്‍ ഇതേ റോളില്‍ തന്നെ തുടര്‍ന്നും കളിക്കും. 14 കാരനായ ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിക്കു വേണ്ടിയാണ് അദ്ദേഹം തന്റെ ഓപ്പണിങ് റോള്‍ വിട്ടുകൊടുത്തത്.
കഴിഞ്ഞ മല്‍സരത്തില്‍ പഞ്ചാബിനെതിരേ 220 റണ്‍സ് ചേസ് ചെയ്യവെ വൈഭവ്- യശസ്വി ജയ്‌സ്വാള്‍ ജോടി ടീമിനു സ്‌ഫോടനാത്മ തുടക്കം നല്‍കിയിരുന്നു. പവര്‍പ്ലേയില്‍ തന്നെ 70ന് മുകളില്‍ റണ്‍സാണ് ഇരുവരും ചേര്‍ന്നു വാരിക്കൂട്ടിയത്. സമാനമായൊരു തീപ്പൊരി പ്രകടനം തന്നെ ഈ സഖ്യത്തില്‍ നിന്നും ചെന്നൈക്കെതിരേയും റോയല്‍സ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ പരിക്കു ഭേദമായി തിരിച്ചെത്തിയ സഞ്ജുവിനു കാര്യമായി തിളങ്ങാന്‍ കഴിഞ്ഞില്ല. 16 ബോളില്‍ 20 റണ്‍സ് നേടാനേ അദ്ദേഹത്തിനായുള്ളൂ. പതിവില്‍ നിന്നും വ്യത്യസ്തമായി ഡിഫന്‍സീവ് ശൈലിയിലുളള ഇന്നിങ്‌സാണ് സഞ്ജു കാഴ്ചവച്ചത്. ചെന്നൈക്കെതിരേ വലിയൊരു ഇന്നിങ്‌സ് കളിച്ച് രാജകീയമായി തന്നെ സീസണ്‍ അവസാനിപ്പിക്കുകയാവും അദ്ദേഹത്തിന്റെ ലക്ഷ്യം.
മധ്യനിരയില്‍ ആരെല്ലാം?
മധ്യനിരയില്‍ നാല്, അഞ്ച് സ്ഥാനങ്ങളില്‍ വൈസ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ്, യുവ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധ്രുവ് ജുറേല്‍ എന്നിവരാവും ഇറങ്ങുന്നത്. കഴിഞ്ഞ മല്‍രത്തില്‍ പരാഗ് തിളങ്ങിയില്ലെങ്കിലും ജുറേല്‍ 53 റണ്‍സോടെ ടോപ്‌സ്‌കോററായി മാറിയിരുന്നു.
ആറാം നമ്പറില്‍ തുടരെ ഫ്‌ളോപ്പായി കൊണ്ടിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ഫിനിഷര്‍ ഷിംറോണ്‍ ഹെറ്റ്‌മെയറെ റോയല്‍സ് ഒഴിവാക്കാനിടയുണ്ട്. പകരം സൗത്താഫ്രിക്കയുടെ വമ്പനടിക്കാരനായ യുവതാരം ലുവാന്‍ ഡ്രെ പ്രെട്ടോറിയസിനെ റോയല്‍സ് പരീക്ഷിച്ചേക്കും. പരിക്കു കാരണം പിന്‍മാറിയ നിതീഷ് റാണയ്ക്കു പകരമാണ് 19 കാരന്‍ ടീമിനൊപ്പം ചേര്‍ന്നത്.

ഏഴാമനായി ശ്രീലങ്കയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയാവും കളിക്കുക. ശുഭം ദുബെയെ ഒഴിവാക്കി പകരം സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കുമാര്‍ കാര്‍ത്തികേയയെ പ്ലെയിങ് ഇലവനിലേക്കു തിരിച്ചുവിളിക്കാന്‍ സാധ്യത കൂടുതലാണ്.
പേസ് നിരയിലേക്കു വന്നാല്‍ അവിടെയും മാറ്റം പ്രതീക്ഷിക്കാം. അഫ്ഗാന്‍ പേസര്‍ ഫസല്‍ ഹഖ് ഫാറൂഖിക്കു പകരം സൗത്താഫ്രിക്കയുടെ നാന്ദ്രെ ബര്‍ഗര്‍ ടീമിലേക്കു വരും. തുഷാര്‍ ദേശ്പാണ്ഡെയും ക്വെന മഫാക്കയുമാവും ടീമിലെ മറ്റു പേസര്‍മാര്‍.
രാജസ്ഥാന്‍ റോല്‍സ് സാധ്യതാ 11
യശസ്വി ജയ്‌സ്വാള്‍, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍, ലുവാന്‍ ഡ്രെ പ്രെട്ടോറിയസ്, വനിന്ദു ഹസരംഗ, കുമാര്‍ കാര്‍ത്തികേയ, നാന്ദ്രെ ബര്‍ഗര്‍, തുഷാര്‍ ദേശ്പാണ്ഡെ, ക്വെന മഫാക്ക.