For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സഞ്ജുവിന്റെ ചങ്കാവാന്‍ ജയ്‌സ്വാള്‍, ആര്‍ആറിന്റെ വൈസ് ക്യാപ്റ്റനാവും! നിര്‍ണ്ണായക മാറ്റം

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മാര്‍ച്ച് 23നാവും ഐപിഎല്‍ ആരംഭിക്കുക. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വരേണ്ടതായുണ്ട്. എന്തായാലും മാര്‍ച്ച് അവസാനം ഐപിഎല്‍ സീസണ്‍ ആരംഭിക്കുമെന്നുറപ്പ്. ഇത്തവണ മെഗാ ലേലം നടന്നിരുന്നു. അതുകൊണ്ടുതന്നെ എല്ലാ ടീമുകളിലും വലിയ മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യ സീസണായതിനാല്‍ കപ്പിലേക്ക് ആരെത്തുമെന്ന് കണ്ടറിയണം.

അവസാന സീസണില്‍ കെകെആറിനെ കിരീടത്തിലേക്കെത്തിച്ച നായകനായ ശ്രേയസ് അയ്യര്‍ ഇത്തവണ പഞ്ചാബ് കിങ്‌സ് നായകനാണ്. റിഷഭ് പന്ത് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിലേക്കുമെത്തി. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിലും വലിയ പൊളിച്ചെഴുത്ത് ഉണ്ടായിട്ടുണ്ട്. ഇത്തവണ സജീവ കിരീട പ്രതീക്ഷയിലാണ് രാജസ്ഥാന്‍ റോയല്‍സുള്ളത്. ഇപ്പോഴിതാ പുതിയ സീസണിന് മുമ്പ് സര്‍പ്രൈസ് നീക്കത്തിനൊരുങ്ങുകയാണ് രാജസ്ഥാനെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

യശ്വസി ജയ്‌സ്വാള്‍ വൈസ് ക്യാപ്റ്റനായേക്കും

രാജസ്ഥാനെ വരുന്ന സീസണിലും നയിക്കുന്നത് സഞ്ജു സാംസണാണ്. ഇക്കാര്യം ടീം ഔദ്യോഗികമായിത്തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ വൈസ് ക്യാപ്റ്റനായി യശ്വസി ജയ്‌സ്വാള്‍ വരാന്‍ പോവുകയാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഇടം കൈയന്‍ ഓപ്പണറായ ജയ്‌സ്വാള്‍ ഇതിനോടകം സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ന്ന് കഴിഞ്ഞു. ഇന്ത്യക്കായി ടെസ്റ്റിലും ടി20യിലും ഒരുപോലെ മിന്നിക്കാന്‍ ജയ്‌സ്വാളിന് സാധിക്കുന്നുണ്ട്. രാജസ്ഥാനൊപ്പവും ശ്രദ്ധേയ പ്രകടനമാണ് ജയ്‌സ്വാള്‍ കാഴ്ചവെക്കുന്നത്.

ഈ സാഹചര്യത്തില്‍ ജയ്‌സ്വാളിനെ ഭാവി നായകനാക്കി വളര്‍ത്തുകയാണ് രാജസ്ഥാന്റെ ലക്ഷ്യം. അണ്ടര്‍ 19 ലോകകപ്പിലെ ശ്രദ്ധേയ പ്രകടനത്തിന് ശേഷം രാജസ്ഥാന്‍ റോയല്‍സ് ജയ്‌സ്വാളിനെ ടീമിലേക്കെത്തിച്ചു. രാജസ്ഥാനൊപ്പം മികവ് കാട്ടിയാണ് ജയ്‌സ്വാള്‍ ദേശീയ ടീമിലേക്ക് വളര്‍ന്നത്. ഇപ്പോഴിതാ വൈസ് ക്യാപ്റ്റനെന്ന നിലയിലും ജയ്‌സ്വാളില്‍ പ്രതീക്ഷ അര്‍പ്പിക്കാന്‍ ടീം തയ്യാറെടുക്കുകയാണെന്നാണ് വിവരം. രാഹുല്‍ ദ്രാവിഡാണ് രാജസ്ഥാന്റെ പരിശീലകന്‍.

Yashasvi Jaiswal

യുവതാരങ്ങളെ വളര്‍ത്താന്‍ ദ്രാവിഡിന് മികവുണ്ട്. ദ്രാവിഡ് പരിശീലകനായിരിക്കെ വൈസ് ക്യാപ്റ്റനെന്ന നിലയില്‍ വളരാന്‍ സാധിച്ചാല്‍ ജയ്‌സ്വാളിനും അത് ഗുണകരമാവും. എന്തായാലും ജയ്‌സ്വാളിനെ അടുത്ത നായകനായി വളര്‍ത്താനാണ് രാജസ്ഥാന്റെ ശ്രമമെന്ന് പറയാം.

ജയ്‌സ്വാളിനെ വളര്‍ത്താന്‍ ഗംഭീറും

ഇന്ത്യയുടെ ഭാവി നായകനായി യശ്വസി ജയ്‌സ്വാളിനെ വളര്‍ത്താന്‍ പരിശീലകനായ ഗൗതം ഗംഭീറിന് താല്‍പര്യമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ രാജസ്ഥാന്റെ വൈസ് ക്യാപ്റ്റന്‍സി ലഭിച്ചാല്‍ ജയ്‌സ്വാളിന്റെ വളര്‍ച്ചക്കത് കൂടുതല്‍ കരുത്ത് നല്‍കും. എന്തായാലും നായകനെന്ന നിലയില്‍ ജയ്‌സ്വാളില്‍ വലിയ ഭാവി ഇന്ത്യ കാണുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സ് ജയ്‌സ്വാളിനെ വൈസ് ക്യാപ്റ്റനാക്കിയാല്‍ നായകന്‍ സഞ്ജു സാംസണും അത് ഗുണം ചെയ്യും.

സഞ്ജുവുമായി അടുത്ത ബന്ധം ജയ്‌സ്വാളിനുണ്ട്. സഞ്ജു നല്‍കിയ ഉപദേശങ്ങള്‍ കരിയറില്‍ ഗുണം ചെയ്തിട്ടുണ്ടെന്ന് പലവട്ടം ജയ്‌സ്വാള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. സഞ്ജുവിന്റെ കീഴില്‍ വൈസ് ക്യാപ്റ്റനായി കളിക്കുന്നത് ജയ്‌സ്വാളിനും ഗുണകരമായി മാറാനാണ് സാധ്യത. എന്നാല്‍ ഇപ്പോള്‍ മികവ് കാട്ടുന്ന ജയ്‌സ്വാളിനെ നായകസ്ഥാനത്തേക്ക് കൊണ്ടുവന്നാല്‍ അത് അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഇത്തവണ രാജസ്ഥാന് കിടിലന്‍ ടീം

ജോസ് ബട്‌ലര്‍, യുസ് വേന്ദ്ര ചഹാല്‍, ട്രന്റ് ബോള്‍ട്ട്, ആര്‍ അശ്വിന്‍ എന്നിവരെല്ലാം രാജസ്ഥാന്‍ വിട്ടിരിക്കുകയാണ്. ഷിംറോന്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍, നിതീഷ് റാണ എന്നിവരെല്ലാം സഞ്ജുവിനും ജയ്‌സ്വാളിനുമൊപ്പം ബാറ്റിങ് കരുത്തേകും. ബൗളിങ് നിരയാണ് ഏറ്റവും ശക്തം. ജോഫ്രാ ആര്‍ച്ചര്‍ ടീമിലേക്ക് തിരിച്ചുവന്നിട്ടുണ്ട്.

സന്ദീപ് ശര്‍മ, തുഷാര്‍ ദെശപാണ്ഡെ, ആകാശ് മദ് വാള്‍, വനിന്‍ഡു ഹസരങ്ക, മഹേഷ് തീക്ഷണ, ക്വീന മഫാക്ക, ഫസല്‍ഹഖ് ഫറൂഖി എന്നിവരെല്ലാം രാജസ്ഥാന്റെ ബൗളിങ് നിരയിലുണ്ട്. നായകനെന്ന നിലയില്‍ സഞ്ജു സാംസണിന്റെ കരുത്ത് പരീക്ഷിക്കപ്പെടുമെന്നുറപ്പാണ്. രാജസ്ഥാനെ കപ്പിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Tuesday, January 14, 2025, 12:44 [IST]
Other articles published on Jan 14, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+