രാജസ്ഥാന്‍ റോയല്‍സ് ആരാധകരെ ആശങ്കപ്പെടുത്തുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വന്നുകൊണ്ടിരിക്കുന്നത്. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള അവസാന മല്‍സരത്തില്‍ റോയല്‍സ് ഒത്തുകളിച്ചതായും ജയിക്കാമായിരുന്ന കളി മനപ്പൂര്‍വ്വം തോല്‍ക്കുകയായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.
രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ (ആര്‍സിഎ) അഡ്‌ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ ജയ്ദീപ് ബിഹാനിയാണ് കഴിഞ്ഞ ദിവസം ടീമിനെതിരേ ആഞ്ഞടിച്ചത്. ന്യൂസ് 18 രാജസ്ഥാനുമായി സംസാരിക്കവെയാണ് റോയല്‍സ് ടീമിനെതിരേ അദ്ദേഹം ഒത്തുകളി ആരോപണം ഉന്നയിച്ചത്. ഇപ്പോഴിതാ തങ്ങള്‍ക്കെതിരേ ഉയര്‍ന്നിട്ടുള്ള ഒത്തുകളി ആരോപണത്തിനു പിന്നിലെ യഥാര്‍ഥ കാരണം എന്താണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് റോയല്‍സ് ടീം.

ആരോപണത്തിനു പിന്നിലെ കാരണം
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള ഹോം മാച്ചില്‍ ജയത്തിനു തൊട്ടരികെ വരെയെത്തിയ ശേഷമാണ് രാജസ്ഥാന്‍ റോയല്‍സ് രണ്ടു റണ്‍സിന്റെ അവിശ്വസനീയ തോല്‍വിയിലേക്കു വീണത്. ഈ മല്‍സരത്തില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നു കുട്ടികള്‍ക്കു പോലും അറിയാമെന്നായിരുന്നു ജയ്ദീപ് ബിഹാനി വിമര്‍ശിച്ചത്. എന്നാല്‍ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗത്തു നിന്നുമുള്ള ഈ ആരേപണത്തിനു പിന്നിലെ കാരണത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് റോയല്‍സ് ടീം.
രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനു (ആര്‍സിഎ)രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഹോം മാച്ചുകളുടെ ടിക്കറ്റുകള്‍ ലഭിക്കാറുണ്ടെന്നും എന്നാല്‍ ഇത്തവണ കുറച്ചു ടിക്കറ്റുകള്‍ മാത്രമേ കിട്ടിയിട്ടുള്ളൂവെന്നതാണ് ആരോപണത്തിനു കാരണമെന്നാണ് റോയല്‍സ് വ്യക്തമാക്കിയത്.
സാധാരണയായി റോയല്‍സിന്റെ മല്‍സരങ്ങളുടെ 1800 ടിക്കറ്റുകള്‍ ആര്‍സിഎയ്ക്കു നല്‍കാറുണ്ട്. എന്നാല്‍ ഈ വര്‍ഷം 100-1200 ടിക്കറ്റുകളാണ് അവര്‍ക്കു നല്‍കിയത്. രാജസ്ഥാന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലാ്ണ ഇപ്പോള്‍ ടിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഇതു കാരണമാണ് ആര്‍സിഎക്കു ലഭിച്ചിരിക്കുന്ന ടിക്കറ്റുകളിലും കുറവുണ്ടാവാന്‍ കാരണം.
ആര്‍എസിഎയെ പിരിച്ചുവിട്ടതിനാല്‍ ഈ സീസണിലെ ഐപിഎല്‍ മല്‍സരങ്ങളുടെ ക്രമീകരണവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ ്‌സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലുമായിട്ടാവും തങ്ങള്‍ക്കു ഇടപെടണ്ടി വരികയെന്നു ബിസിസിഐ നേരത്തേ അറിയിച്ചരുന്നതായി രാജസ്ഥാന്‍ റോയല്‍സിന്റെ ഒരു വക്താവ് ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു.
ആര്‍സിഎയുടെ അഡ്‌ഹോക്ക് കമ്മിറ്റിയും ഇതിലുള്‍പ്പെട്ട അംഗങ്ങളും അമിതമായി ടിക്കറ്റുകള്‍ ആവശ്യപ്പെടുകയാണ്. ഞങ്ങള്‍ അതു പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നില്ല. ഇതാണ് ഇപ്പോള്‍ ഞങ്ങള്‍ക്കെതിരേ ഇത്തരമൊരു ഒത്തുകളി ആരോപണമെന്ന നാടകവുമായി അവര്‍ രംഗത്തു വരാനുള്ള പ്രധാന കാരണമെന്നും റോയല്‍സ് വക്താവ് കൂട്ടിച്ചേര്‍ത്തു.

റോയല്‍സിന്റെ തോല്‍വി
ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളാണ് വിജയത്തിനു തൊട്ടിരികെ വരെയെത്തിയതിനു ശേഷം രാജസ്ഥാന്‍ റോയല്‍സ് കൈവിട്ടത്. ആദ്യം ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടാണ് അവര്‍ ജയത്തിനരികെ നിന്നം ടൈ വഴങ്ങിയത്. തുടര്‍ന്നുള്ള സൂപ്പര്‍ ഓവറില്‍ റോയല്‍സ് ടീം മല്‍സരം കൈവിടുകയും ചെയ്തു.
അതിനു പിന്നാലെയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടും സമാനമായ സാഹചര്യത്തില്‍ റോയല്‍സിനു അടതെറ്റിയത്. ഉറപ്പായും ജയിക്കേണ്ടിയിരുന്ന മല്‍സരമാണ് അവസാന മൂന്നോവറില്‍ റോയയല്‍സ് കൈവിട്ടത്. 25 റണ്‍സ് മാത്രമേ അവസാന മൂന്നോവറില്‍ റോയല്‍സിനു ജയിക്കാന്‍ വേണ്ടിയിരുന്നു. എട്ടു വിക്കറ്റുകളും അവരുടെ പക്കലുണ്ടായിരുന്നു. എന്നിട്ടും വിജയം എത്തിപിടിക്കാന്‍ റോയല്‍സിനായില്ല.
18, 20 ഓവറുകള്‍ ബൗള്‍ ചെയ്ത ആവേശ് ഖാനാണ് അവരുടെ കഥ കഴിച്ചത്. 18ാം ഓവറില്‍ യശസ്വി ജയ്‌സ്വാള്‍, നായകന്‍ റിയാന്‍ പരാഗ് എന്നിവരെ മടക്കിയ അദ്ദേഹം അവസാന ഓവറില്‍ ഷിംറോണ്‍ ഹെറ്റ്‌മെയറിനെയും മടക്കുകയായിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ ഒമ്പതു റണ്‍സ് മാത്രമേ റോയര്‍സിനു വേണ്ടിയിരുന്നുള്ളു. പക്ഷെ നേടായത് ആറു റണ്‍സ് മാത്രമാണ്.