ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണില്‍ എല്ലാവരും ഉറ്റുനോക്കുന്ന ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ ക്യാപ്റ്റനായുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകസ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡ് എത്തിയതോടെ ടീമിലുള്ള പ്രതീക്ഷ വാനോളം ഉയര്‍ന്നിരിക്കുകയാണ്. ഇത്തവണ മികച്ച താരനിരയും രാജസ്ഥാനുണ്ട്. അതുകൊണ്ടുതന്നെ രാജസ്ഥാന്‍ രണ്ടാം കിരീടം ഇത്തവണ നേടുമെന്ന് പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്.
എന്നാല്‍ രാജസ്ഥാനെ പിന്നോട്ടടിക്കുന്ന പല കാര്യങ്ങളുമുണ്ട്. ജോഫ്രാ ആര്‍ച്ചറെ കൊണ്ടുവന്നെങ്കിലും രാജസ്ഥാന്റെ പേസ് നിര ശക്തമാണെന്ന് പറയാനാവില്ല. മികച്ച ഇന്ത്യന്‍ സ്പിന്നര്‍മാരുടെ അഭാവവും രാജസ്ഥാനിലുണ്ട്. അടുത്ത സീസണില്‍ രാജസ്ഥാന്‍ കപ്പിലേക്കെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ എളുപ്പമല്ലെന്ന് പറയാം. ആരൊക്കെയാവും രാജസ്ഥാന്റെ ഓപ്പണര്‍മാരെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
യശ്വസി ജയ്‌സ്വാളിന് ഓപ്പണറായി സീറ്റ് ഉറപ്പിക്കാമെങ്കിലും ഒപ്പം ആരാവുമെന്നതാണ് പ്രധാന ചോദ്യം. രാജസ്ഥാന് പരിഗണിക്കാന്‍ സാധിക്കുന്ന മൂന്ന് ഓപ്പണിങ് കൂട്ടുകെട്ടുകള്‍ എങ്ങനെയാവുമെന്ന് പരിശോധിക്കാം.
സഞ്ജു സാംസണ്‍-യശ്വസി ജയ്‌സ്വാള്‍
എല്ലാവരും ആഗ്രഹിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് സഞ്ജു സാംസണും യശ്വസി ജയ്‌സ്വാളും തമ്മിലുള്ളതാണ്. രണ്ട് പേരും മികച്ച റെക്കോഡുള്ള താരങ്ങളാണ്. സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ രാജസ്ഥാനായി ഓപ്പണറായി കളിച്ചിട്ടുള്ളത് വളരെ വിരളമായാണ്. കൂടുതല്‍ തവണയും മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ആണ് അദ്ദേഹം ബാറ്റ് ചെയ്തത്. എന്നാല്‍ സഞ്ജു ഇന്ത്യയുടെ ടി20 ടീമിന്റെ ഓപ്പണറായി ഇപ്പോള്‍ മാറിയിരിക്കുകയാണ്.
കടന്നാക്രമിച്ച് കളിക്കുന്ന സഞ്ജു ഇന്ത്യയുടെ ടി20 ഓപ്പണറായി ഇനിയും തുടരാന്‍ ആഗ്രഹിക്കുന്നുണ്ട്. യശ്വസി ജയ്‌സ്വാളും സഞ്ജു സാംസണും ചേര്‍ന്ന് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുന്നത് അധികം വൈകാതെ കാണാനാവും. അതിന് മുമ്പ് ഈ കൂട്ടുകെട്ട് ഗുണം ചെയ്യുമെന്ന് തെളിയിക്കാന്‍ രാജസ്ഥാനായി ഇരുവരും ചേര്‍ന്ന് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നതാണ് നല്ലത്. എന്നാല്‍ രാജസ്ഥാന്‍ ടീമിന്റെ പദ്ധതി എങ്ങനെയാവുമെന്നത് കണ്ടറിയണം.

യശ്വസി ജയ്‌സ്വാള്‍-വൈഭവ് സൂര്യവന്‍ഷി
രാജസ്ഥാന്റെ ഓപ്പണറായി യശ്വസി ജയ്‌സ്വാളും വൈഭവ് സൂര്യവന്‍ഷിയും എത്താനുള്ള സാധ്യതയുമുണ്ട്. 13കാരനായ വൈഭവിനെ രാജസ്ഥാന്‍ 1.10 കോടിക്കാണ് ടീമിലെത്തിച്ചത്. അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് വൈഭവ് നടത്തുന്നത്. അതുകൊണ്ടുതന്നെ ജയ്‌സ്വാളിനൊപ്പം വൈഭവിനെ രാജസ്ഥാന്‍ ഓപ്പണ്‍ ചെയ്യിക്കാനും സാധ്യതയുണ്ട്. എന്തായാലും ഈ ഓപ്പണിങ് കൂട്ടുകെട്ട് രാജസ്ഥാനില്‍ കണ്ടാലും അത്ഭുതപ്പെടാന്‍ സാധിക്കില്ല. വൈഭവ് ഓപ്പണറായി എത്തിയാല്‍ സഞ്ജു മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനാണ് കൂടുതല്‍ സാധ്യത. എന്തായാലും ഈ കൂട്ടുകെട്ട് രാജസ്ഥാന്‍ പരീക്ഷിക്കാന്‍ സാധ്യത കൂടുതലാണ്.
യശ്വസി ജയ്‌സ്വാള്‍-ശുഭം ദുബെ
യശ്വസി ജയ്‌സ്വാളിന്റെ ഓപ്പണര്‍ റോളില്‍ സംശയമില്ലെന്ന് തന്നെ പറയാം. രാജസ്ഥാന്‍ ജയ്‌സ്വാളിന്റെ സ്ഥാനം മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ സാധ്യതയില്ല. ജയ്‌സ്വാളിനൊപ്പം ആര് എന്നത് മാത്രമാണ് കണ്ടറിയേണ്ടത്. ശുഭം ദുബെ-ജയ്‌സ്വാള്‍ കൂട്ടുകെട്ടിനെ രാജസ്ഥാന്‍ ഓപ്പണിങ്ങില്‍ പരീക്ഷിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇത്തരമൊരു കൂട്ടുകെട്ട് രാജസ്ഥാന്റെ ഓപ്പണിങ്ങില്‍ പ്രത്യക്ഷപ്പെട്ടാലും അത്ഭുതപ്പെടാനാവില്ല. യശ്വസി ജയ്‌സ്വാളിന്റെ പ്രകടനം രാജസ്ഥാനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാവുമെന്ന് നിസംശയം പറയാം.