കേപ്ടൗണ്‍: ഐപിഎല്ലിന്റെ അടുത്ത സീസണിനൊരുങ്ങുന്ന രാജസ്ഥാന്‍ റോയല്‍സ് പേസ് ബൗളിങിലെ കുന്തമുനയാവാന്‍ തയ്യാറാണെന്നു തെളിയിച്ചിരിക്കുകയാണ് സൗത്താഫ്രിക്കയുടെ കൗമാര പേസര്‍ ക്വന മഫാക്ക. ഏകദിനത്തിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ 18 കാരനായ ഫാസ്റ്റ് ബൗളര്‍ കിടിലന്‍ പ്രകടനവുമായി കത്തിക്കയറി. പാകിസ്താനെതിരേ കേപ് ടൗണില്‍ നടന്ന മല്‍സരത്തിലാണ് മഫാക്ക സൗത്താഫ്രിക്കന്‍ ബൗളിങിലെ തുറുപ്പുചീട്ടായി മാറിയത്.
പാകിസ്താന്റെ നാലു വിക്കറ്റുകള്‍ പോക്കറ്റിലാക്കിയ അദ്ദേഹം ഒരു വണ്ടര്‍ ക്യാച്ചിലൂടെ കൈയടി നേടുകയും ചെയ്തു. മഫാക്കയുടെ ഈ പ്രകടനം സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ക്യാംപിനെയും വലിയ ആവേശത്തിലാക്കിയിരിക്കുകയാണ്. ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ അഭാവം നികത്താന്‍ തനിക്കു ശേഷിയുണ്ടെന്ന സൂചന കൂടിയാണ് മഫാക്ക ഈ മല്‍സരത്തിലൂടെ നല്‍കിയിരിക്കുന്നത്.

മഫാക്കയുടെ പ്രകടനം
പാകിസ്താനുമായുള്ള രണ്ടാം ഏകദിനത്തില്‍ പരിചയ സമ്പന്നനായ മാര്‍ക്കോ യാന്‍സണിനൊപ്പം സൗത്താഫ്രിക്കയുടെ പേസാക്രമണത്തിനു ചുക്കാന്‍ പിടിച്ചത് ക്വെന മഫാക്കയായിരുന്നു. എന്നാല്‍ യാന്‍സണിനെപ്പോലും നിഷ്പ്രഭനാക്കുന്ന ബൗളിങാണ് കന്നി മല്‍സരത്തില്‍ തന്നെ യുവ പേസര്‍ പുറത്തെടുത്തത്. പാകിസ്താന്റെ നാലു വിക്കറ്റുകള്‍ പോക്കറ്റിലാക്കിയാണ് മഫാക്ക തന്റെ പ്രതിഭ ലോകത്തിന് കാണിച്ചു കൊടുത്തത്.
9.5 ഓവറില്‍ ഒരു മെയ്ഡനടക്കം 72 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം നാലു വിക്കറ്റുകള്‍ പിഴുതത്. 7.3 ഇക്കോണമി റേറ്റിലായിരുന്നു ഇത്. സൗത്താഫ്രിക്കയുടെ പ്രധാന ബൗളര്‍മാരെല്ലാം റണ്‍സ് വിട്ടുകൊടുത്ത ഈ മല്‍സരത്തില്‍ ഇക്കോണമി റേറ്റിന്റെ പേരില്‍ മഫാക്കയെ പഴിക്കാന്‍ കഴിയില്ല. എട്ടിനടുത്ത് റണ്‍സ് വഴങ്ങേണ്ടി വന്നെങ്കിലും നാലു വിക്കറ്റുകള്‍ ആദ്യ ഏകദിനത്തില്‍ തന്നെ സ്വന്തമാക്കാന്‍ കഴിഞ്ഞുവെന്നത് തീര്‍ച്ചയായും കൈയടിക്കപ്പെടേണ്ട നേട്ടം തന്നംയാണ്.
വണ്ടര്‍ ക്യാച്ച്
നാലു വിക്കറ്റുകള്‍ കൊണ്ടു മാത്രം തീരുന്നില്ല ഏകദിനത്തിലെ അരങ്ങേറ്റ മല്‍സരത്തില്‍ ക്വെന മഫാക്കയുടെ സംഭാവന. ഒരു കിടിലന്‍ ക്യാച്ച് കൂടി സ്വന്തം ബൗളിങിലെടുത്ത് അദ്ദേഹം ഞെട്ടിച്ചിരുന്നു. പാകിസ്താന്റെ ഇന്നിങ്‌സിലെ 36ാം ഓവറിലായിരുന്നു പാക് ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനെയും ആരാധകരെയും ഒരുപോലെ സ്തബ്ധരാക്കിയ മഫാക്കയുടെ അദ്ഭുത ക്യാച്ച്.
ഓഫ് സ്റ്റംപ് ഏരിയയില്‍ ഒരു ലെങ്ത്ത് ബോളാണ് മഫാക്ക പരീക്ഷിച്ചത്. അല്‍പ്പം വൈകിയാണ് റിസ്വാന്‍ ഇതിനോടു പ്രതികരിച്ചത്. ബോളിനെ അദ്ദേഹം തന്റെ ഇടതു ഭാഗത്തേക്കു പുഷ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ വളരെ താഴ്ന്നു വന്ന ബോള്‍ മഫാക്ക തന്റെ റണ്ണപ്പിനിടെ മുന്നോട്ടു ഡൈവ് ചെയ്ത് അവിശ്വസനീയമാം വിധം കൈകളിലൊതുക്കുകയായിരുന്നു. ഇതു കണ്ട് ഞെട്ടിയ റിസ്വാന്‍ തന്റെ സെഞ്ച്വറിക്കു 20 റണ്‍കലെ പുറത്താവുകയും ചെയ്തു. 82 ബോളില്‍ ഏഴു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് റിസ്വാന്റെ ഇന്നിങ്‌സ്.

മഫാക്ക സീറ്റുറപ്പിച്ചു?
സൗത്താഫ്രിക്കയ്ക്കു വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന മികച്ച പ്രകടനങ്ങളിലൂടെ അടുത്ത ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലെയിങ് ഇലവനില്‍ ക്വെന മഫാക്ക ഏറെക്കുറെ സ്ഥാനമുറപ്പിച്ചെന്നു തന്നെ പറയേണ്ടി വരും.
കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം അരങ്ങേറ്റം കുറിച്ച അദ്ദേഹത്തെ മെഗാ ലേലത്തില്‍ 1.5 കോടി രൂപയ്ക്കാണ് റോയല്‍സ് സ്വന്തമാക്കിയത്. ഈ തുക വെറുതെയായി പോവില്ലെന്നാണ് മഫാക്കയുടെ സമീപകാലത്തെ പ്രകടനങ്ങള്‍ തെളിയിക്കുന്നത്.
സൗത്താഫ്രിക്കയ്ക്കു വേണ്ടി അഞ്ചു ടി20കളിലാണ് മഫാക്ക ഇതിനകം കഴിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും മൂന്നു വിക്കറ്റുകളും വീഴ്ത്തി. വിക്കറ്റുകളെടുക്കാനുള്ള മിടുക്കിനൊപ്പം മികച്ച വേഗതയാണ് മഫാക്കയെ അപകടകാരിയാക്കുന്നത്. പാകിസ്താനുമായുള്ള കഴിഞ്ഞ ടി20 പരമ്പരയില്‍ ഒരോവറില്‍ തന്നെ ഒന്നിലേറെ തവണ 150 കിമിക്കു മുകളില്‍ വേഗതയില്‍ പന്തെറിയാന്‍ താരത്തിനായിരുന്നു.