ഐപിഎല്ലിന്റെ അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് പേസ് ബൗളിങിലെ പുതിയ വജ്രായുധമായി മാറാന്‍ തനിക്കാവുമെന്നു തീപ്പൊരി ബൗളിങിലൂടെ തെളിയിച്ചിരിക്കുകയാണ് സൗത്താഫ്രിക്കയുടെ കൗമാര പേസര്‍ ക്വെന മഫാക്ക. കഴിഞ്ഞ മെഗാ ലേലത്തില്‍ റോയല്‍സിനൊപ്പം ചേര്‍ന്ന താരമാണ് ഈ 18 കാരന്‍. സൗത്താഫ്രിക്കയുടെ പുതിയ പേസ് സെന്‍സേഷനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന താരം കൂടിയാണ് മഫാക്ക.
കഴിഞ്ഞ ദിവസം പാകിസ്താനെതിരേ നടന്ന ആദ്യ ടി20 മല്‍സരത്തിലാണ് മിന്നല്‍ വേഗയില്‍ പന്തെറിഞ്ഞ് അദ്ദേഹം റോയല്‍സിന്റെ ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുന്നത്. ഒരോവറില്‍ തന്നെ രണ്ടു തവണ 150 പ്ലസ് വേഗതയില്‍ പന്തെറിയാന്‍ മഫാക്കയ്ക്കു സാധിക്കുകയും ചെയ്തു. പേസ് ബൗളിങില്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ തുറുപ്പുചീട്ടായി മാറാന്‍ യുവ പേസര്‍ക്കായേക്കും.

മഫാക്കയുടെ ബൗളിങ്
പാകിസ്താനെതിരേ ഡര്‍ബനില്‍ നടന്ന ആദ്യ ടി20 മല്‍സരത്തിലായിരുന്നു ക്വെന മഫാക്കയുടെ കണ്ണഞ്ചിക്കുന്ന പേസ് ബൗളിങ് പ്രകടനം. കളിയില്‍ നാലോവറില്‍ 39 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹം രണ്ടു വിക്കറ്റുകളും വീഴ്ത്തിയിരുന്നു. മുന്‍ പാക് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസമിനെ പൂജ്യത്തിനു പുറത്താക്കിയ മഫാക്ക നായകനും ഓപ്പണറുമായ മുഹമ്മദ് റിസ്വാന്റെയും വിക്കറ്റും പോക്കറ്റിലാക്കി.
ഈ കളിയുടെ മൂന്നാമത്തെ ഓവറിലായിരുന്നു മഫാക്കയുടെ പന്തുകള്‍ തീതുപ്പിയത്. 147 കിമിയായിരുന്നു ആദ്യത്തെ ബോളിന്റെ വേഗത. അടുത്ത ബോള്‍ 139 കിമിയായിരുന്നെങ്കില്‍ മൂന്നാമത്തേത് 149 കിമിയിലേക്കുയര്‍ന്നു. നാലാമത്തെ ബോളില്‍ മഫാക്ക 151 കിമിയും മറികടന്നു.
അഞ്ചാമത്തെ ബോള്‍ 147 കിമി വേഗതയില്‍ ചീറിപ്പാഞ്ഞെത്തിയപ്പോള്‍ അവസാന ബോളാവട്ടെ 151.6 കിമിയും വേഗതയുള്ളതായിരുന്നു. ഈ മല്‍സരത്തിലെ ഏറ്റവും വേഗതയേറിയ പന്തും ഇതു തന്നെയായിരുന്നു. വെറും മൂന്നു റണ്‍സ് മാത്രമേ മഫാക്ക ഈ ഓവറില്‍ വിട്ടുനല്‍കിയുള്ളൂ. മൂന്നാമത്തെ ബോളില്‍ ബാബറിനെ അദ്ദേഹം ഡെക്കായി മടക്കുകയും ചെയ്തു.
റോയല്‍സിലെ റോള്‍
ഐപിഎല്ലിന്റെ അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ബൗളിങ് നിരയില്‍ ക്വെന മഫാക്കയ്ക്കു നിര്‍ണായക റോള്‍ ലഭിച്ചേക്കും. കാരണം ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിനെ ലേലത്തിനു മുമ്പ് റോയല്‍സിനു കൈവിടേണ്ടി വന്നിരുന്നു. പകരമെത്തിയ ഇംഗ്ലീഷ് സ്പീഡ് സ്റ്റാര്‍ ജോഫ്ര ആര്‍ച്ചറുടെ ഫോമിന്റെയും ഫിറ്റ്‌നസിന്റെയും കാര്യത്തില്‍ സംശയങ്ങളുമുണ്ട്.
ആര്‍ച്ചര്‍ ക്ലിക്കായില്ലെങ്കില്‍ മഫാക്കയ്ക്കു കൂടുതല്‍ അവസരങ്ങള്‍ റോയല്‍സ് നല്‍കിയേക്കും. യുവതാരങ്ങള്‍ക്കു എല്ലായ്‌പ്പോും അവസരങ്ങള്‍ നല്‍കാന്‍ ശ്രമിക്കാറുള്ള ക്യാപ്റ്റനാണ് സഞ്ജു സാംസണ്‍. അതിനാല്‍ തന്നെ മഫാക്കയ്ക്കു തന്റെ കഴിവ് പുറത്തെടുക്കാനുള്ള അവസരം അദ്ദേഹം നല്‍കിയേക്കും.
മഫാക്കയുടെ രണ്ടാമത്തെ മാത്രം ഐപിഎല്‍ സീസണാണ് വരാനിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് താരം അരങ്ങേറിയത്. പക്ഷെ വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ മഫാക്കയെ മുംബൈ പരീക്ഷിച്ചുള്ളൂ. ഇവയില്‍ നിന്നും 14.83 ഇക്കോണമി റേറ്റില്‍ ഒരു വിക്കറ്റും പേസര്‍ വീഴ്ത്തി.

കന്നി സീസണില്‍ കളിച്ചതിന്റെ സമ്മര്‍ദ്ദം സൗത്താഫ്രിക്കന്‍ യുവതാരത്തിന്റെ പ്രകടനത്തെയും ബാധിച്ചിരുന്നു. എന്നാല്‍ അടുത്ത സീസണില്‍ റോയല്‍സിനൊപ്പം കൂടുതല്‍ പക്വതയാര്‍ന്ന പ്രകടനം പുറത്തടുക്കാനായിരിക്കും മഫാക്കയുടെ ശ്രമം.
അതേസമയ, മഫാക്കയുടെ അന്താരാഷ്ട്ര കരിയറിലേക്കു വന്നാല്‍ നാലു ടി20കളില്‍ നിന്നും മൂന്നു വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുള്ളത്. ടെസ്റ്റ്, ഏകദിനം എന്നിവയില്‍ താരം ഇനിയും അരങ്ങേറിയിട്ടുമില്ല. കരിയറില്‍ ഇതിനകം 22 ടി20കളില്‍ കളിച്ചിട്ടുള്ള മഫാക്കയുടെ സമ്പാദ്യം 30 വിക്കറ്റുകളാണ്.