രണ്ടു തുടര്‍ പരാജയങ്ങള്‍ക്കു ശേഷം ജയവുമായി ഐപിഎല്ലിന്റെ 18ാം സീസണിലേക്കു ശക്തമായ തിരച്ചുവരവ് നടത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. അഞ്ചു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറു റണ്‍സിനു വീഴ്ത്തിയാണ് അവര്‍ ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.
ഈ ജയം തീര്‍ച്ചയായും റോയര്‍സിനു നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും. അടുത്ത ശനിയാഴ്ച ചണ്ഡീഗഡില്‍ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്‌സുമായിട്ടാണ് റോയല്‍സിന്റെ അടുത്ത പോരാട്ടം. ഈ മല്‍സരത്തില്‍ റോയല്‍സിന്റെ നായതകസ്ഥാനത്തേക്കു സഞ്ജു സാംസണ്‍ മടങ്ങിയെത്തുമെന്നാണ് വിവരം.
ഇതിനകം നടന്ന മൂന്നു കളിയിലും റിയാന്‍ പരാഗാണ് ടീമിനെ നയിച്ചത്. ഇംപാക്ട് സബായി ബാറ്റിങില്‍ മാത്രമാണ് സഞ്ജുവിനെ കണ്ടത്. എന്നാല്‍ ഇനിയുള്ള മല്‍സരങ്ങളില്‍ നായകനായി അദ്ദേഹം മടങ്ങിയെത്തുമ്പോള്‍ അതു റോയല്‍സിനു നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും.

എന്നാല്‍ സിഎസ്‌കെയുമായുള്ള അവസാന കളിയില്‍ റോയല്‍സ് വലിയൊരു അബദ്ധം കാണിച്ചിട്ടുള്ളതായി കാണാം. എന്നാല്‍ ടീം ജയിച്ചതു കാരണം ഇതു കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു.
റോയല്‍സ് തോറ്റിരുന്നെങ്കിലും ഉറപ്പായും ഈ തീരുമാനത്തിനെതിരേ വിമര്‍ശനും ഉയര്‍ന്നേനെ. പഞ്ചാബുമായുള്ള അടുത്ത കളിയില്‍ ഈ അബദ്ധം ആവര്‍ത്തിക്കാതിരിക്കാന്‍ റോയല്‍സ് ശ്രദ്ധിക്കേണ്ടതുണ്ട്. ഇതു എന്താണെന്നു നോക്കാം.
ബാറ്റിങ് ഓര്‍ഡര്‍
ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള കളിയില്‍ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിങ് ഓര്‍ഡറില്‍ വലിയൊരു അബദ്ധം കാണിച്ചിട്ടുണ്ട്. ഈ കാരണത്താലാണ് ഉറപ്പായും 200ന് മുകളില്‍ കടക്കുമെന്നു കരുതപ്പെട്ട റോയല്‍സിന്റെ ടോട്ടല്‍ ഒമ്പതു വിക്കറ്റിന് 182 റണ്‍സിലൊതുങ്ങിയത്.
12 ഓവറുകള്‍ പൂര്‍ത്തിയാവുമ്പോള്‍ റോയല്‍സ് മൂന്നു വിക്കറ്റുകള്‍ നഷ്ടത്തില്‍ 129 റണ്‍സെന്ന നിലയിലായിരുന്നു. പക്ഷെ ശേഷിച്ച എട്ടോവറില്‍ വെറും 53 റണ്‍സ് മാത്രമേ റോയല്‍സിനു അടിച്ചെടുക്കാനായുള്ളൂ. ഇതിനിടെ അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു.
ഈ മല്‍സരത്തില്‍ ആറാം നമ്പറില്‍ റോയല്‍സ് പരീക്ഷിച്ചത് ശ്രീലങ്കയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയെയാണ്. അഞ്ചു ബോളില്‍ നാലു റണ്‍സ് മാത്രമെടുത്ത് താരം പുറത്താവുകയും ചെയ്തു. അതിനു ശേഷമാണ് ഫിനിഷിങ് മികവുള്ള ഷിംറോണ്‍ ഹെറ്റ്‌മെയറെ റോയല്‍സ്് കൊണ്ടു വന്നത്. 16 ബോളില്‍ 19 റണ്‍സ് താരം നേടുകയും ചെയ്തു.

ഹെറ്റ്‌മെയര്‍ക്കു കൂടുതല്‍ അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ ആറാണ്. നേരത്തേ ഈ റോളില്‍ ടീമിനായി ചില മികച്ച ഫിനിഷിങുകള്‍ താരം നടത്തുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും അദ്ദേഹത്തേക്കാള്‍ മുമ്പ് ഹസരംഗയെ ബാറ്റ് ചെയ്യിപ്പിച്ചത് വലിയ മണ്ടത്തരം തന്നെയാണ്. ടീം ടോട്ടല്‍ 200 കടക്കാതെ പോയതിന്റെ പ്രധാന കാരണങ്ങളിലൊന്നും ഇതു തന്നെ.
14ാം ഓവറില്‍ ധ്രുവ് ജുറേല്‍ (3) മടങ്ങിയതിനു പിന്നാലെയാണ് ആറാമനായി ഹസരംഗയെ റോയല്‍സ് പ്രൊമോട്ട് ചെയ്തത്. പക്ഷെ ഇതു സ്‌കോറിങിന്റെ വേഗത കുട്ടുകയല്ല, മറിച്ചു കുറയ്ക്കുകയാണ് ചെയ്തിട്ടുള്ളതെന്നു കാണാം.
പഞ്ചാബ് കിങ്‌സുമായുള്ള അടുത്ത കളിയില്‍ ഹസരംഗയേക്കാള്‍ നേരത്തേ ഹെറ്റ്‌മെയറെ കളിപ്പിക്കാന്‍ റോയല്‍സ് ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കില്‍ അതു തീര്‍ച്ചയായും അവരുടെ ബാറ്റിങ് നിരയെ ശക്തിപ്പെടുത്തുകയും ചെയ്യും.