ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സിനു കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ബാറ്ററായ അജയ് ജഡേജ. ലേലത്തിനു മുമ്പുള്ള റോയല്‍സിന്റെ ചില റിട്ടെന്‍ഷനുകള്‍ തന്നെ അമ്പരപ്പിച്ചുവെന്നും തീര്‍ച്ചയായും ടീമില്‍ വേണ്ടിയിരുന്ന ചിലരെ അവര്‍ കൈവിട്ടതായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കാനിരിക്കുന്ന മെഗാ ലേലത്തില്‍ റോയല്‍സിന്റെ പ്ലാനുകളെക്കുറിച്ച് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു ജഡേജ. ആറു കളിക്കാരെയാണ് ലേലത്തിനു മുമ്പ് റോയല്‍സ് നിലനിര്‍ത്തിയിട്ടുള്ളത്.
ക്യാപ്റ്റന്‍ സഞ്ജു സാംസണിനൊപ്പം ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ്, വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍, ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍, പേസര്‍ സന്ദീപ് ശര്‍മ എന്നിവരെയാണ് അടുത്ത സീസണിലേക്കു റോയല്‍സ് ഒപ്പം കൂട്ടിയത്. ബാക്കിയുള്ളവരെയെല്ലാം അവര്‍ ഒഴിവാക്കുകയും ചെയ്തു. ലേലത്തില്‍ ആര്‍ടിഎം ഓപ്ഷന്‍ ഇനി റോയല്‍സിനു ബാക്കിയില്ല.അവരുടെ പഴ്‌സില്‍ ബാക്കിയുള്ളതാവട്ടെ 41 കോടി രൂപയുമാണ്.

ജുറേലിനെ എന്തിന് നിലനിര്‍ത്തി?
മെഗാ ലേലത്തിനു മുമ്പ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധ്രുവ് ജുറേലിനെ രാജസ്ഥാന്‍ റോയല്‍സ് എന്തിനാണ് നിലനിര്‍ത്തിയതെന്നാണ് അജയ് ജഡേദയുടെ ചോദ്യം. ധ്രുവ് ജുറേലിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത് ശരിക്കുമൊരു സര്‍പ്രൈസ് തന്നെയായിരുന്നു. സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി കൂടെയുള്ളപ്പോള്‍ എന്തിനാണ് ജുറേല്‍?
ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു ഇത്തരമൊരു നീക്കം നടത്തിയതെങ്കില്‍ എനിക്കു മനസ്സിലാവും. കാരണം മഹേന്ദ്ര സിങ് ധോണി കളിക്കുന്നില്ലെങ്കില്‍ ബാക്കപ്പായി ഒരാളെ തീര്‍ച്ചയായും കണ്ടുവയ്ക്കണം. ആര്‍ടിഎം ഓപ്ഷന്‍ ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ക്കു വളരെയധികം ഗുണം ചെയ്യുമെനന്നും ജഡേജ ചൂണ്ടിക്കാട്ടി.
ബൗളിങ് നിര
രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിങ് ലൈനപ്പ് ഏറെക്കുറെ സെറ്റാണെങ്കിലും ബൗളിങില്‍ ഒരുപാട് പേരെ ലേലത്തില്‍ വാങ്ങേണ്ടി വന്നിരിക്കുകയാണെന്നു അജയ് ജഡേജ അഭിപ്രായപ്പെട്ടു. മെഗാ ലേലത്തില്‍ റോയല്‍സിനു പേസര്‍മാരെയും സ്പിന്നര്‍മാരെയുമെല്ലാം വേണം. ബൗളര്‍മാരെയാണ് ലേലത്തില്‍ അവര്‍ക്കു പ്രധാനമായും ആവശ്യം. ബാറ്റിങ് നിര നോക്കിയാല്‍ ലൈനപ്പ് ഏറെക്കുറെ അവര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
മിച്ചെല്‍ സ്റ്റാര്‍ക്ക് മുതല്‍ പലരെയും ലേലത്തില്‍ റോയല്‍സ് നോട്ടമിടും. ലേലത്തില്‍ ഒരുപാട് കളിക്കാരുണ്ടെങ്കിലും റോയല്‍സ് ഇവരില്‍ നിന്നും ബൗളര്‍മാരെയായിരിക്കും പ്രധാനമായും ശ്രദ്ധിക്കുക. എന്റെ അഭിപ്രായത്തില്‍ റോയല്‍സ് ടീം ഇപ്പോള്‍ കുഴപ്പത്തില്‍ തന്നെയാണ്. കഴിഞ്ഞ സീസണിലെ കോര്‍ ഗ്രൂപ്പിനെ റോയല്‍സ് നിലനിര്‍ത്തിയെന്നത് നല്ലതു തന്നെ.
പക്ഷെ ലേലത്തില്‍ എല്ലാ ടീമുകളും ബൗളര്‍മാരുടെ പിറകെ പോവുമ്പോള്‍ റോയല്‍സിനു പണി കിട്ടിയേക്കും. ഒരു മികച്ച ബൗളര്‍ പോലും അവരുടെ പക്കല്‍ ഇപ്പോഴില്ല. ഇതു ലേലത്തില്‍ ബൗളര്‍മാര്‍ക്കു വേണ്ടി കൂടുതലായി പുഷ് ചെയ്യാന്‍ റോയല്‍സിനെ നിര്‍ബന്ധിതരാക്കുകയും ചെയ്യും. അവര്‍ക്കു ലേലത്തില്‍ എന്താണ് ആവശ്യമെന്നു മറ്റു ടീമുകള്‍ക്കെല്ലാം അറിയുകയും ചെയ്യാമെന്നും ജഡേജ നിരീക്ഷിച്ചു.

ചോദ്യം ചെയ്ത് ആര്‍പി സിങ്
ലേലത്തിനു മുമ്പ് രാജസ്ഥാന്‍ റോയല്‍സിന്റെ ചില റീട്ടെന്‍ഷനുകളെ ചോദ്യം ചെയ്തിരിക്കുകയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഇതേ ഷോയില്‍ പങ്കെടുത്ത ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ആര്‍പി സിങ്. ഓപ്പണറും ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററുമായ ജോസ് ബട്‌ലറിനെ റോയല്‍സ് ഒഴിവാക്കിയതില്‍ അദ്ദേഹം ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തു.
ജോസ് ബട്‌ലറിനെ രാജസ്ഥാന്‍ റോയല്‍സ് വേണ്ടെന്നു വച്ചപ്പോള്‍ എനിക്കു വലിയ ആശ്ചര്യമാണ് തോന്നിയത്. അദ്ദേഹം അവര്‍ക്കൊപ്പം ഉറപ്പായും വേണ്ടിയിരുന്നു. ട്രെന്റ് ബോള്‍ട്ടിനെ വേണ്ടെന്നു വച്ച റോയല്‍സിന്റെ തീരുമാനവും എന്നെ അദ്ഭുതപ്പെടുത്തി. ഐപിഎല്ലില്‍ ആദ്യ ഓവറില്‍ കൂടുതല്‍ വിക്കറ്റുകളെടുത്ത ബൗളര്‍മാരില്‍ ഒരാളും കൂടിയാണ് അദ്ദേഹം.
ഭാവി കൂടി നോക്കിയിട്ടാവാം റോയല്‍സ് ചില താരങ്ങളെ നിലനിര്‍ത്തിയത്. ഷിംറോണ്‍ ഹെറ്റ്‌മെയറെ അവര്‍ നിലനിര്‍ത്തിയത് എന്തുകൊണ്ടാണെന്നറിയില്ല. ചിലപ്പോള്‍ നമ്മള്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ കഴിവ് റോയല്‍സ് അദ്ദേഹത്തില്‍ കാണുന്നുണ്ടായിരിക്കാമെന്നും ആര്‍പി വിലയിരുത്തി.