ഐപിഎല്ലിന്റെ ഈ സീസണിലെ പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചു കഴിഞ്ഞതിനാല്‍ രാജസ്ഥാന്‍ റോയല്‍സിനു ഇനി അടുത്ത വര്‍ഷത്തേക്കുള്ള പ്ലാനിങ് ആരംഭിക്കാം. 2026ലെ ടൂര്‍മെന്റിനു മുന്നോടിയായി മിനി താരലേലമായിരിക്കും നടക്കാന്‍ പോവുന്നതെന്നാണ് വിവരം. അതുകൊണ്ടു തന്നെ ഫ്രാഞ്ചൈസികളിലൊന്നും വലിയ രീതിയിലുള്ള അഴിച്ചുപണികളും വരാനും സാധ്യതയില്ല.
എങ്കിലും ഈ സീസണില്‍ ഫ്‌ളോപ്പായവരെയും അവസരമില്ലാതെ കൂടുതല്‍ ബെഞ്ചില്‍ ഇരുന്നവരെയുമെല്ലാം ഫ്രാഞ്ചൈസികള്‍ കൈയൊഴിയുമെന്നുറപ്പാണ്. ഇതുവഴി നല്ലൊരു തുക തങ്ങളുടെ പഴ്‌സില്‍ ലാഭിക്കാനും ഇതു അടുത്ത ലേലത്തില്‍ മറ്റു താരങ്ങളെ ടീമിലെത്തിക്കാന്‍ ഫ്രാഞ്ചൈസികളെ സഹായിക്കുകയും ചെയ്യും.

റോയല്‍സ് ടീമില്‍ കാര്യമായ അഴിച്ചുപണി തന്നെ തീര്‍ച്ചയായും അടുത്ത സീസണിനു മുമ്പ് ആവശ്യമാണ്. എങ്കില്‍ മാത്രമേ 2026ലെ ഐപിഎല്ലില്‍ ശക്തമായൊരു തിരിച്ചുവരവ് അവര്‍ക്കു സാധ്യമാവുകയുള്ളൂ. കോടികള്‍ മുടക്കി ഈ സീസണില്‍ നിലനിര്‍ത്തുകയും, ലേലത്തില്‍ വാങ്ങുകയും ചെയ്ത ചില കൡക്കാരെ റോയല്‍സ് നിര്‍ബന്ധമായും ഒഴിവാക്കിയേ തീരൂ. ഇവര്‍ ആരൊക്കൈയാണെന്നു നമുക്കു നോക്കാം.
ഏഴു പേര്‍ വേണ്ട
ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമായിട്ടുള്ള ഏഴു കളിക്കാരെ അടുത്ത തവണ ആവശ്യമില്ല. കാരണം ഇവരെല്ലാം ടീമിനു ബാധ്യതയായി മാറിക്കഴിഞ്ഞവരാ്ണ്. അതുകൊണ്ടു തന്നെ ഇവരെ പുറത്താക്കി പഴ്‌സിലേക്കു പരമാവധി പണം തിരികെ കൊണ്ടുവരാനാണ് റോയല്‍സ് ഇനി ശ്രമിക്കേണ്ടത്.
ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍, വെസ്റ്റ് ഇന്‍ഡീസ് മധ്യനിര ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ശ്രീലങ്കന്‍ സ്പിന്നര്‍ മഹീഷ് തീക്ഷണ, ഇന്ത്യന്‍ ഓള്‍റൗണ്ടല്‍ നിതീഷ് റാണ, അഫ്ഗാനിസ്താന്‍ ഫാസ്റ്റ് ബൗളര്‍ ഫസല്‍ഹഖ് ഫറൂഖി, ഇന്ത്യന്‍ പേസര്‍ സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ എന്നീ ഏഴു പേരെയാണ് ലേലത്തിനു മുമ്പ് റോയല്‍സ് ഉറപ്പായും ഒഴിവാക്കേണ്ടത്. ഇതിലൂടെ അവരുടെ പഴ്‌സിലേക്കു വരാന്‍ പോവുന്നത് 46.1 കോടി രൂപയുമാണ്.
വന്‍ ദുരന്തങ്ങള്‍
കഴിഞ്ഞ മെഗാ ലേലത്തിനു മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് കാണിച്ച ഏറ്റവും വലിയ രണ്ടു മണ്ടത്തരങ്ങള്‍ ധ്രുവ് ജുറേല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരെ നിലനിര്‍ത്തിയെന്നതാണ്. ഇതിനു വേണ്ടി മാത്രം അവര്‍ക്കു ചെലവായത് 25 കോടി രൂപയാണ്. പക്ഷെ ഇത്രയും വിലിയ തുകയ്ക്കു ഈ രണ്ടു പേരെ എന്തിനു നിലനിര്‍ത്തിയെന്നത് ഇപ്പോഴും അദ്ഭുതമാണ്.
ജോസ് ബട്‌ലര്‍, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹല്‍ എന്നീ മൂന്നു മിന്നും താരങ്ങളെ കൈവിട്ടാണ് ജുറേലിനെയും ഹെറ്റ്‌മെയറെയും നിലനിര്‍ത്തി റോയല്‍സ് വന്‍ അബദ്ധം കാണിച്ചത്. ജുറേല്‍, ഹെറ്റ്‌മെയര്‍ എന്നീ രണ്ടു പേരെയും കൈവിട്ട ശേഷം ബട്‌ലര്‍, ബോള്‍ട്ട് / ചഹല്‍ എന്നിവരില്‍ രണ്ടു പേരെ നിലനിര്‍ത്തിയിരുന്നെങ്കില്‍ ഈ സീസണില്‍ ഇത്ര വലിയൊരു തിരിച്ചടി റോയല്‍സിനുണ്ടാവുമായിരുന്നില്ല.
റോയല്‍ലിനു വേണ്ടി ഐപിഎല്‍ കരിയറില്‍ ഇതുവരെ ഒരു മാച്ച് വിന്നിങ് പ്രകടനം പോലും നടത്തിയിട്ടില്ലാത്ത ജുറേലിനെ 14 കോടി രൂപയ്ക്കാണ് ഇത്തവണ നിലനിര്‍ത്തിയത്. പക്ഷെ ഇത്രയും വലിയൊരു തുകയോടു നീതി പുലര്‍ത്താന്‍ റോയല്‍സിനായിട്ടില്ല. അവസാനത്തെ മൂന്നു മല്‍സരങ്ങളിലും വിജയത്തിനു തൊട്ടരികെ വരെയെത്തിയ ശേഷം റോയല്‍സ് അവിശ്വസനീയ തോല്‍വിയിലേക്കുവീഴാന്‍ പ്രധാന കാരണക്കാരിലൊരാളാണ് ജുറേല്‍.
ക്രീസിലെത്തിയ ശേഷം അതിവേഗം സ്‌കോര്‍ ചെയ്യേണ്ട സാഹചര്യങ്ങളില്‍ തട്ടിയും മുട്ടിയും കളിച്ച് ബോളുകള്‍ പാഴാക്കുന്ന അദ്ദേഹം തന്റെ ബാറ്റിങ് പങ്കാളിയെ കൂടി സമ്മര്‍ദ്ദിലാക്കുകയാണ്. ഇതു കാരണം അവര്‍ റിസ്‌കുകളെടുക്കാന്‍ നിര്‍ബന്ധിതരാവുകയും ഇതു പുറത്താവലിനു വഴിയൊരുക്കുകയും ചെയ്യുന്നു. കഴിഞ്ഞ മൂന്നു മല്‍സരങ്ങളില്‍ സംഭവിച്ചതും ഇതു തന്നെയാണ്. ഇത്തരമൊരാളെ റോയല്‍ലിനു ഇനി ആവശ്യവുമില്ല.

ഈ സീലണിലെ ഇതുവരെയുള്ള മല്‍സരങ്ങളെടുത്താല്‍ ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും 150.63 സ്‌ട്രൈക്ക് റേറ്റില്‍ ജുറേലിനു നേടാനായത് 238 റണ്‍സാണ്. കളിയില്‍ അദ്ദേഹം ബാറ്റ് ചെയ്തിട്ടുള്ള സാഹചര്യം നോക്കുനോള്‍ ഈ ്പ്രകടനമല്ല ജുറേലിനു ടീമില്‍ നിന്നും വേണ്ടത്.
ജുറേലിനെ കൂടാതെ റോയല്‍സിന്റെ മറ്റൊരു പ്രധാന വില്ലനാണ് ഹെറ്റ്‌മെയര്‍. 11 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ ടീം നിലനിര്‍ത്തിയത്. പക്ഷെ സീസണില്‍ ഒരു കളി പോലും റഫിനിഷറെന്ന നിലയില്‍ ടീമിനെ ജയിപ്പിക്കാന്‍ ഹെറ്റ്‌മെയര്‍ക്കായിട്ടില്ല. ജയിക്കേണ്ടിയിരുന്ന മല്‍സരങ്ങള്‍ തോല്‍പ്പിക്കുകയും ചെയ്തു.
ജയിക്കേണ്ടിയിരുന്ന അവസാനത്തെ മൂന്നു മല്‍സരങ്ങളിലും റോല്‍സിനു തോല്‍ക്കേണ്ടി വന്നതില്‍ ജുറേലിനൊപ്പം ഹെറ്റ്‌മെയര്‍ക്കും പങ്കുണ്ട്. ഈ സീസണിലെ ഒമ്പതു മല്‍സരങ്ങളിലും അദ്ദേഹം ബാറ്റിങിനു ഇറങ്ങിയിട്ടുണ്ട്. ഇവയില്‍ നിന്നും 152.03 സ്‌ട്രൈക്ക് റേറ്റില്‍ നേടിയതാവട്ടെ 187 റണ്‍സ് മാത്രമാണ്. ഹെറ്റിയെ പുറത്താക്കി പകരം അടുത്ത ലേലത്തില്‍ മറ്റൊരു ഫിനിഷറെ റോയല്‍സിനു നോട്ടമിടാവുന്നതാണ്.
ഇവരും ടീമിനു ബാധ്യത
തുഷാര്‍ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ, നിതീഷ് റാണ, സന്ദീപ് ശര്‍മ, ഫസല്‍ഹഖ് ഫറൂഖി എന്നീ അഞ്ചു താരങ്ങളും രാജസ്ഥാന്‍ റോയല്‍സിനു വലിയ ബാധ്യതയായി മാറിക്കഴിഞ്ഞു. ഇവരില്‍ സന്ദീപിനെ ഒഴികെ ബാക്കിയുള്ള നാലു പേരെയും ലേലത്തിലാണ് റോയല്‍സ് വാങ്ങിയത്. സന്ദീപിനെ കഴിഞ്ഞ സീസണിനു ശേഷം നാലു കോടി രൂപയ്ക്കു റോയല്‍സ് നിലനിര്‍ത്തുകയായിരുന്നു.
പക്ഷെ ഡെത്ത് ഓവറുകളില്‍ അദ്ദേഹത്തിന്റെ ബൗളിങിനു പഴയ മൂര്‍ച്ചയില്ല. മാത്രമല്ല പല മല്‍സരങ്ങളിലും റണ്‍സ് വാരിക്കോരി നല്‍കുകയു ചെയ്തു. ഈ സീസണില്‍ ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 10.9 ഇക്കോണമി റേറ്റില്‍ വെറും എട്ടു വിക്കറ്റുകള്‍ മാത്രമേ സന്ദീപ് നേടിയിട്ടുള്ളൂ.
ലേലത്തില്‍ 6.5 കോടി രൂപയ്ക്കു വാങ്ങിയ തുഷാര്‍ ബൗളിങില്‍ വന്‍ ചെണ്ടയായി മാറിയിരിക്കുകയാണ്. എട്ടു മല്‍സരങ്ങളില്‍ നിന്നും 11.25 എന്ന വളരെ മോശം ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റുകള്‍ മാത്രമാണ് അദ്ദേഹം നേടിയത്. എന്നാല്‍ തീക്ഷണയ്ക്കു വേണ്ടി ലേലത്തില്‍ റോയല്‍സ് മുടക്കിയത് 4.4 കോടിയാണ്. ബൗളിങില്‍ അദ്ദേഹം നനഞ്ഞ പടക്കമാണ്. എട്ടു മല്‍സരങ്ങളില്‍ നിന്നും 9.57 ഇക്കോണമി റേറ്റില്‍ നേടാനായത് വെറും ഏഴു വിക്കറ്റുകളാണ്.
സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറും മധ്യനിര ബാറ്ററുമായ റാണയ്ക്കായി ലേലത്തില്‍ റോയല്‍സിനു ചെലവഴിക്കേണ്ടി വന്നത് 4.2 കോടി രൂപയാണ്. ഒമ്പതു മല്‍സരങ്ങളല്‍ നിന്നും അദദ്ദേഹത്തിന്റെ സമ്പാദ്യം 204 റണ്‍സുമാണ്.
രണ്ടു കോടി രൂപ മുടക്കിയാണ് അഫ്ഗാന്‍ പേര്‍ ഫറൂഖിയെ റോയല്‍സ് വാങ്ങിത്. പക്ഷെ ഇതു വന്‍ അബദ്ധമായി മാറി. ഒരു വിക്കറ്റ് പോലും അദ്ദേഹം സീസണില്‍ വീഴ്ത്തിയിട്ടില്ല. മൂന്നു മല്‍സരങ്ങളിലാണ് ഫറൂഖിയെ റോയല്‍ കളിപ്പിച്ചത്. 11.70 ഇക്കോണമി റേറ്റില്‍ അദ്ദേഹം 117 റണ്‍സും വിട്ടുകൊടുത്തു. 60 ബോളുകള്‍ മാത്രമേ പേസര്‍ എറിഞ്ഞിട്ടുള്ളൂ.