ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. മാര്‍ച്ച് 23നാവും ഐപിഎല്‍ ആരംഭിക്കുകയെന്നാണ് പുറത്തുവരുന്ന വിവരം. ഇത്തവണ മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യത്തെ ഐപിഎല്‍ സീസണാണ് നടക്കാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ ഏത് ടീമാവും കപ്പിലേക്കെത്തുകയെന്ന് പ്രവചിക്കുക പോലും പ്രയാസമാണ്. ടീമെന്ന നിലയില്‍ ഒത്തിണക്കത്തിലേക്കെത്താന്‍ ടീമുകള്‍ക്ക് സമയം ആവശ്യമാണ്.
പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ പല ടീമുകളേയും ബാധിച്ചിരിക്കുന്ന പ്രശ്‌നം പരിക്കാണ്. നായകന്മാര്‍ പോലും പരിക്കിന്റെ പിടിയിലാണെന്നതാണ് ആശങ്കയുണ്ടാക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് നായകനും സൂപ്പര്‍ താരവുമായ സഞ്ജു സാംസണ് ഐപിഎല്‍ 2025 നഷ്ടമാവാന്‍ സാധ്യത കൂടുതലാണ്. കൈവിരലിന് പൊട്ടലേറ്റ സഞ്ജുവിന് ആറ് ആഴ്ചയെങ്കിലും കുറഞ്ഞത് വിശ്രമം വേണ്ടിവരുമെന്നാണ് വിവരം. സഞ്ജുവിന് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് തെളിയിക്കാതെ തിരിച്ചെത്താനാവില്ല.
സഞ്ജു സാംസണ്‍ കളിക്കാതിരുന്നാല്‍ പകരം ആരെന്നത് രാജസ്ഥാനെ സംബന്ധിച്ച് പ്രധാനപ്പെട്ട ചോദ്യമാണ്. ഇത്തവണ സഞ്ജു രാജസ്ഥാന്റെ ഓപ്പണറായി ഇറങ്ങാനാണ് പദ്ധിതിയിട്ടത്. ഇതിനിടെയാണ് പരിക്ക് സഞ്ജുവിന് തിരിച്ചടി നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ സഞ്ജുവിന് പകരം യുവ വെടിക്കെട്ട് താരത്തെ കൊണ്ടുവരാന്‍ രാജസ്ഥാന്‍ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.
സഞ്ജുവിന് പകരം പൃഥ്വി ഷാ
സഞ്ജു സാംസണിന് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിക്കുമെന്ന് പറയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ സഞ്ജുവിന് പകരം പൃഥ്വി ഷായെ ഓപ്പണിങ്ങിലേക്കെത്തിക്കാനാണ് രാജസ്ഥാന്റെ നീക്കമെന്നാണ് വിവരം. ഇത്തവണ മെഗാ ലേലത്തില്‍ ആരും വാങ്ങാത്ത താരമാണ് പൃഥ്വി. 75 ലക്ഷമാണ് താരത്തിന്റെ അടിസ്ഥാന വില. ഈ തുകയ്ക്ക് പൃഥ്വിയെ ടീമിലേക്കെത്തിച്ച് യശ്വസി ജയ്‌സ്വാളിനൊപ്പം ഓപ്പണറാക്കി ഇറക്കാനാണ് രാജസ്ഥാന്റെ പദ്ധതി.

രാഹുല്‍ ദ്രാവിഡിന്റെ ശിഷ്യന്മാരിലൊരാളാണ് പൃഥ്വി. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ച നായകനാണ് പൃഥ്വി ഷാ. അന്ന് ഇന്ത്യയുടെ ജൂനിയര്‍ നിരയുടെ പരിശീലകനായിരുന്നു ദ്രാവിഡ്. ഇത്തവണ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകസ്ഥാനത്ത് ദ്രാവിഡുണ്ട്. ആര്‍ക്കും വേണ്ടാത്തവനായി തഴയപ്പെട്ട പൃഥ്വി ഷാക്ക് തിരിച്ചുവരവിനുള്ള അവസരമായി സഞ്ജുവിന്റെ അഭാവം മാറിയേക്കും. പൃഥ്വിയുടെ അച്ചടക്കമില്ലായ്മയാണ് താരത്തെ മാറ്റിനിര്‍ത്താനുള്ള കാരണം. എന്നാല്‍ ദ്രാവിഡിന് കീഴില്‍ പൃഥ്വി അച്ചടക്കത്തോടെ കളിക്കുമെന്നുറപ്പാണ്.
പൃഥ്വി ഷാ സഞ്ജുവിന് ഉത്തമ പകരക്കാരന്‍
സഞ്ജു സാംസണ്‍ പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്തുന്ന താരമാണ്. സഞ്ജുവിന് പകരം യുവ ഓപ്പണറായ വൈഭവ് സൂര്യവന്‍ഷിയെ കളിപ്പിക്കുകയെന്നത് രാജസ്ഥാന്‍ കാട്ടുന്ന സാഹസമാനവും. ഈ സാഹചര്യത്തില്‍ പൃഥ്വിയെപ്പോലൊരു താരം വരേണ്ടത് അത്യാവശ്യമാണ്. പവര്‍പ്ലേ മുതലാക്കി കളിക്കാന്‍ പൃഥ്വി ഷാ മിടുക്കനാണ്. ഫോമിലേക്കെത്തിയാല്‍ പവര്‍പ്ലേയ്ക്കുള്ളില്‍ത്തന്നെ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ പൃഥ്വിക്ക് സാധിക്കും. എന്നാല്‍ സ്ഥിരത പ്രശ്‌നമാണ്.
അച്ചടക്കമില്ലായ്മ ദ്രാവിഡിന് കീഴില്‍ പൃഥ്വി കാട്ടില്ലെന്നുറപ്പ്. ഇന്ത്യന്‍ ടീമിനൊപ്പം വലിയ ഭാവി ലഭിക്കേണ്ട താരമായിരുന്നു പൃഥ്വി. എന്നാല്‍ കൈയിലിരിപ്പുകൊണ്ട് കരിയര്‍ നശിപ്പിക്കുകയാണ്. രാജസ്ഥാനിലേക്കെത്തിപ്പെട്ടാല്‍ സഞ്ജുവിന്റെ കരിയറിലത് തിരിച്ചുവരവിനുള്ള സുവര്‍ണ്ണാവസരമാണ്. സ്ഥിരതയോടെ മികച്ച പ്രകടനം നടത്തി തഴഞ്ഞവര്‍ക്കെല്ലാം മറുപടി നല്‍കാനും പൃഥ്വി ഷാക്കാവും. അതുകൊണ്ടുതന്നെ പൃഥ്വി ഇത്തരമൊരു അവസരത്തിനായി കാത്തിരിക്കുകയാണ്.
ദ്രാവിഡിന് വലിയ തലവേദന
രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തിരിച്ചെത്തിയ ആദ്യ സീസണില്‍ത്തന്നെ നായകന്‍ സഞ്ജു സാംസണിന് പരിക്കേറ്റിരിക്കുകയാണ്. സഞ്ജു സാംസണിന്റെ അഭാവത്തില്‍ പുതിയ നായകനെയടക്കം കൊണ്ടുവരാന്‍ രാജസ്ഥാന്‍ നിര്‍ബന്ധിതരാവും. സഞ്ജുവിന് മടങ്ങിവരുമ്പോള്‍ പെട്ടെന്ന് ഫോമിലേക്കെത്തുകയും പ്രയാസമാണ്. അതുകൊണ്ടുതന്നെ ഇത്തരമൊരു സൂപ്പര്‍ താരം സഞ്ജുവിന് പകരക്കാരനായി വരുന്നതാണ് നല്ലത്.