ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. ടീമുകളെല്ലാം വലിയ അഴിച്ചുപണിക്കാണ് തയ്യാറെടുക്കുന്നത്. മികച്ച യുവതാരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കവും ടീമുകള്‍ നടത്തുന്നുണ്ട്. ഇതില്‍ ചില മുന്‍ താരങ്ങളുടെ മക്കളും ഉള്‍പ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുള്ളത്. ഏറ്റവും പുതിയ വിവരം അനുസരിച്ച് രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡിനെ സ്വന്തമാക്കാന്‍ തയ്യാറെടുക്കുകയാണ്.
ഇന്ത്യയുടെ ഇതിഹാസ താരമായ ദ്രാവിഡിന്റെ മകന്‍ ഇതിനോടകം ലീഗ് ക്രിക്കറ്റിലൂടെ വരവറിയിച്ചിട്ടുണ്ട്. ഓള്‍റൗണ്ടറായ സമിത് ദ്രാവിഡിനെപ്പോലെ ക്ലാസിക് ശൈലിയില്‍ റണ്‍സുയര്‍ത്തുന്ന താരവുമാണ്. ആര്‍സിബിയിലേക്ക് സമിത് എത്തിയാല്‍ ഭാവിയിലേക്ക് വളര്‍ത്താന്‍ സാധിക്കും. ടീമിന്റെ ഐക്കണായി മാറാന്‍ പ്രതിഭയുള്ള താരങ്ങളിലൊരാളാണ് സമിത്. താരത്തിന്റെ വരവ് ആര്‍സിബിക്കും ഗുണകരമായിരിക്കുമെന്ന് പറയാം. അതിന്റെ കാരണങ്ങളെന്തൊക്കെയാണെന്ന് പരിശോധിക്കാം.
രാഹുല്‍ ദ്രാവിഡിന്റെ മകനെന്ന നിലയില്‍ വലിയ പരിഗണന സമിത്തിന് ലഭിക്കും. ദ്രാവിഡിന്റെ ശിഷ്യനായിത്തന്നെയാണ് സമിത് വളര്‍ന്നത്. ക്രിക്കറ്റില്‍ ദ്രാവിഡ് കാട്ടിയ പക്വതയും അച്ചടക്കവുമെല്ലാം സമിത്തും കരിയറില്‍ പിന്തുടരുമെന്നുറപ്പ്. നേരത്തെ ആര്‍സിബിയുടെ ഭാഗമായിട്ടുള്ള താരമാണ് ദ്രാവിഡ്. സമിത്തിനെ ആര്‍സിബിയിലേക്ക് കൊണ്ടുവന്നാല്‍ താരത്തിന്റെ കരിയറിലും അത് വലിയ മാറ്റമുണ്ടാക്കും. അതുകൊണ്ടുതന്നെ സമിത് ആര്‍സിബിയിലേക്ക് നീങ്ങുന്നതിനെ ദ്രാവിഡും പിന്തുണക്കുമെന്നുറപ്പ്.
രണ്ടാമത്തെ കാര്യം വലിയ ഭാവിയുള്ള ഓള്‍റൗണ്ടര്‍മാരിലൊരാളായാണ് സമിത് വളര്‍ന്ന് വരുന്നത്. മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ സാധിക്കുന്ന താരമായാണ് സമിത് വളരുന്നത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും സമിത് മാച്ച് വിന്നറാവുന്നു. അച്ഛനെപ്പോലെ തന്നെ വിശ്വസ്തനായ ഫീല്‍ഡറുമാണ് സമിത്. പേസ് ബൗളറായ സമിത്തിനെ ഇപ്പോള്‍ ടീമിലേക്കെത്തിച്ച് വളര്‍ത്തിയാല്‍ ഭാവിയില്‍ നേട്ടം സ്വന്തമാക്കാന്‍ സാധിക്കുമെന്നതാണ് എടുത്തു പറയേണ്ടത്.

ഭാവിയിലേക്കായി വളര്‍ത്താന്‍ സാധിക്കുന്ന താരമാണ് സമിത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കും സമിത് എത്തുന്ന കാലം വിദൂരമല്ല. അര്‍ജുന്‍ ടെണ്ടുല്‍ക്കറെപ്പോലെ താരപുത്രനെന്ന പേരില്‍ വളരുന്നവനല്ല സമിത്. ജൂനിയര്‍ വിഭാഗം മുതല്‍ക്കെ മികച്ച പ്രകടനങ്ങള്‍ നടത്തിയാണ് സമിത് മുന്നോട്ട് പോകുന്നത്. ടി20 ഫോര്‍മാറ്റിലും സമിത്തിന് വലിയ ഭാവിയുണ്ട്. അതുകൊണ്ടുതന്നെ ഐപിഎല്‍ ടീമായ ആര്‍സിബിക്ക് ധൈര്യമായി സമിത്തിനെ ടീമിലേക്കെത്തിക്കാം.
വരുന്ന സീസണില്‍ വലിയ പൊളിച്ചെഴുത്താണ് ആര്‍സിബി നടത്താന്‍ പോകുന്നത്. വിരാട് കോലി, രജത് പാട്ടീധാര്‍ എന്നിവരെ നിലനിര്‍ത്തി ടീമില്‍ വലിയ മാറ്റങ്ങളാണ് ആര്‍സിബി നടത്താന്‍ പോകുന്നത്. നായകസ്ഥാനത്തേക്ക് കെ എല്‍ രാഹുലും എത്തുമെന്നാണ് വിവരം. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകനായ രാഹുല്‍ അവസാന സീസണില്‍ ടീമിന്റെ ഉടമയുമായി ഉടക്കിയിരുന്നു. അതുകൊണ്ടുതന്നെ മെഗാ ലേലത്തിന് മുമ്പ് രാഹുല്‍ കൂടുമാറ്റം നടത്തുമെന്ന് ഉറപ്പാണ്.
ആര്‍സിബിയുടെ നായകസ്ഥാനത്തേക്ക് രാഹുല്‍ എത്താന്‍ സാധ്യത കൂടുതലാണ്. ഫഫ് ഡുപ്ലെസിസിനെ ആര്‍സിബി ഒഴിവാക്കിയേക്കും. മുംബൈ ഇന്ത്യന്‍സ് വിട്ടാല്‍ ഹാര്‍ദിക് പാണ്ഡ്യയെ ടീമിലെത്തിക്കാനും ആര്‍സിബി ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും ഇതുവരെ കപ്പിലേക്കെത്താന്‍ ആര്‍സിബിക്ക് സാധിച്ചിട്ടില്ല. ഈ സീസണില്‍ അടിമുടി മാറ്റത്തോടെ കിരീടത്തിലേക്കെത്താമെന്നാണ് ആര്‍സിബി പ്രതീക്ഷിക്കുന്നത്.
വിരാട് കോലി ടീമില്‍ തുടരുമ്പോള്‍ മുഹമ്മദ് സിറാജിനെ കൈവിട്ടേക്കും. സിറാജ് ആര്‍സിബിയിലൂടെ വളര്‍ന്ന താരമാണെങ്കിലും പ്രധാന മത്സരങ്ങളിലൊന്നും മികവിനൊത്തുയരാന്‍ സിറാജിന് സാധിച്ചിട്ടില്ല. ഡെത്തോവറിലെ തല്ലുകൊള്ളി ബൗളറാണ് അദ്ദേഹം. അതുകൊണ്ടുതന്നെ സിറാജിനെ ആര്‍സിബി ഒഴിവാക്കിയേക്കും. യഷ് ദയാലിനെ പിന്തുണക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്തായാലും വലിയ മാറ്റം ആര്‍സിബിയില്‍ ഉണ്ടായേക്കും.