ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഓപ്പണിങ് റോളില്‍ നിന്നും മാറിയതിനു പിന്നാലെ മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് ആരാധകര്‍. പഞ്ചാബ് കിങ്‌സുമായുള്ള അവസാന കളിയില്‍ മൂന്നാം നമ്പറിലാണ് സഞ്ജു ബാറ്റ് വീശിയത്. പക്ഷെ ഈ നീക്കം ക്ലിക്കായില്ല. 16 ബോളില്‍ ഓരോ ഫോറും സിക്‌സറുമടക്കം 20 റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു.
നേരത്തേ സീസണിലെ ആദ്യത്തെ ഏഴു മല്‍സരങ്ങളിലും ഓപ്പണറായാണ് സഞ്ജു ഇറങ്ങിയത്. മികച്ച പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാനും അദ്ദേഹത്തിനായിരുന്നു. എന്നാല്‍ വൈഭവ് സൂര്യവംശിയുടെ മിന്നുന്ന പ്രകടനത്തോടെ സഞ്ജുവിനു ഓപ്പണിങ് റോള്‍ വിട്ടു കൊടുക്കേണ്ടി വരികയായിരുന്നു. ഇതാണ് അദ്ദേഹത്തിന്റെ ആരാധകരെ ചൊടിപ്പിച്ചത്.

സഞ്ജുവിനെ തകര്‍ക്കും
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചായിരികെ സഞ്ജു സാംസണിനെ ഒട്ടും പിന്തുണയ്ക്കാതിരുന്നയാളാണ് രാഹുല്‍ ദ്രാവിഡെന്നും ഇനി രാജസ്ഥാന്‍ റോയല്‍സിലും കരിയര്‍ തകര്‍ക്കുമെുന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
'സഞ്ജു സാംസണ്‍ തീര്‍ച്ചയായും രാഹുല്‍ ദ്രാവിഡിനെ ഭയക്കണം. കാരണം കരിയറില്‍ അദ്ദേഹം ഒരിക്കലും സഞ്ജുവിനെ പിന്തുണച്ചിട്ടില്ല. ഇന്ത്യ കോച്ചായിരിക്കെ അദ്ദേഹത്തിനു വേണ്ടത്ര പിന്തുണ നല്‍കാന്‍ ദ്രാവിഡ് തയ്യാറായിരുന്നില്ല. പുതിയ കോച്ചായി വന്ന ഗൗതം ഗംഭീറാണ് സഞ്ജുവിനെ രക്ഷിച്ചത്.
ടി20 ടീമിന്റെ ഓപ്പണിങ് റോളും വിക്കറ്റ് കീപ്പിങ് ചുമതലയും അദ്ദേഹം സഞ്ജുവിനു നല്‍കി. മൂന്നു സെഞ്ച്വറികളുമായാണ് അദ്ദേഹം കോച്ചിന്റെ വിശ്വാസം കാത്തത്. നേരത്തേ ദേശീയ ടീമില്‍ തഴഞ്ഞ ദ്രാവിഡ് ഇപ്പോള്‍ ഐപിഎല്ലിലും അതിനു വേണ്ടിയാണ് ശ്രമിക്കുന്നത്. സഞ്ജുവിനെ ഓപ്പണിങില്‍ നിന്നും മാറ്റി കരിയര്‍ തകര്‍ക്കാനാണ് ദ്രാവിഡിന്റെ പ്ലാനെന്നും' ആരാധകര്‍ ആഞ്ഞടിക്കുന്നു.
'സഞ്ജു സാംസണിനു അല്‍പ്പമെങ്കിലും ബുദ്ധിയുണ്ടെങ്കില്‍ ഈ സീസണിനു ശേഷം രാജസ്ഥാന്‍ റോയല്‍സ് വിടണം. കാരണം രാഹുല്‍ ദ്രാവിഡ് മുഖ്യ കോച്ചായി തുടരുന്നിടത്തോളം കാലം അദ്ദേഹത്തിന്റെ കരിയര്‍ അപകടത്തിലാണ്.
അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ മൂന്നു സെഞ്ച്വറികളടിച്ച ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് സഞ്ജു. എന്നിട്ടും അദ്ദേഹത്തെ റോയല്‍സില്‍ എന്തുകൊണ്ടാണ് ഓപ്പണിങില്‍ മൂന്നിലേക്കു മാറ്റിയത്? അടുത്ത സീസണില്‍ മറ്റൊരു ടീമിലേക്കു മാറിയാല്‍ മാത്രമേ സഞ്ജു രക്ഷപ്പെടുകയുള്ളൂവെന്നും' ആരാധകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ ആങ്കറുടെ റോള്‍ സഞ്ജു സാംസണിനു ചേരില്ല. ഓപ്പണറായി അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിക്കുന്ന താരത്തിന്റെ റോളാണ് അദ്ദേഹത്തിനു കൂടുതല്‍ യോജിക്കുന്നത്. പക്ഷെ രാഹുല്‍ ദ്രാവിഡ് മനപ്പൂര്‍വ്വം സഞ്ജുവിനെ ഓപ്പണിങില്‍ നിന്നും താഴേക്കു ഇറക്കിയിരിക്കുകയാണ്. സ്വതസിദ്ധമായ അറ്റാക്കിങ് ശൈലിയില്‍ നിന്നും അദ്ദേഹത്തെ ആങ്കറാക്കി മാറ്റുകയും ചെയ്തിരിക്കുന്നു. ഈ സീസണില്‍ സഞ്ജുവിനു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ സാധിക്കാതെ പോയതിന്റെ കാരണവും ഇതാണെന്നും ആരാധകര്‍ കുറിക്കുന്നു.
അതേസമയം, ഈ സീസണില്‍ റോയല്‍സ് 13 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞെങ്കിലും എട്ടെണ്ണത്തില്‍ മാത്രമേ സഞ്ജു കളിച്ചിട്ടുള്ളൂ. പരിക്കു കാരണം തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങളില്‍ അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വന്നു. 34.85 ശരാശരിയില്‍ 141.86 സ്‌ട്രൈക്ക് റേറ്റോടെ 244 റണ്‍സാണ് സഞ്ജുവിനു സ്‌കോര്‍ ചെയ്യാനായത്. ഒരു ഫിഫ്റ്റിയടക്കമാണിത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ആദ്യ കളിയിലായിരുന്നു അദ്ദേഹം 66 റണ്‍സ് നേടിയത്.