രാജസ്ഥാന്‍ റോയല്‍സിന്റെ ഈ സീസണിലെ ഐപിഎല്‍ പ്രതീക്ഷകള്‍ പൂര്‍ണമായി അസ്തമിച്ചു കഴിഞ്ഞു. സീസണിലെ ശേഷി മൂന്നു കളികള്‍ ജയിച്ച് മാനംകാക്കുകയെന്നതു മാത്രമാണ് അവര്‍ക്കു ഇനി ചെയ്യാനുള്ളത്. പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ എട്ടാംസ്ഥാനത്താണ് സഞ്ജു സാംസണിന്റെ പിങ്ക് ആര്‍മി. 11 മല്‍സരങ്ങളില്‍ വെറും മൂന്നെണ്ണത്തിലാണ് റോയല്‍സ് ഇത്തവണ ജയിച്ചത്. ശേഷിച്ച എട്ടിലും തോല്‍വിയായിരുന്നു ഫലം.
ഒരുപാട് വീക്ക്‌നെസുകള്‍ ഇത്തവണ റോയല്‍സ് ടീമിനെ തളര്‍ത്തിയിരുന്നു. അതുകൊണ്ടു തന്നെ അടുത്ത സീസണില്‍ പല അഴിച്ചുപണികളും റോയല്‍സ് ടീമില്‍ തീര്‍ച്ചയായും ആവശ്യമാണ്. പക്ഷെ മിനിതാര ലേലമാണ് അടുത്ത വര്‍ഷം നടക്കുകയെന്നതിനാല്‍ ഒരുപാട് ഓപ്ഷനുകള്‍ റോയല്‍സിനു മുന്നിലുണ്ടാവില്ല.
ഈ സീസണിനു ശേഷം വിവിധ ഫ്രാഞ്ചൈകള്‍ കൈവിടുന്നവരും പുതുതായി രജിസ്റ്റര്‍ ചെയ്ത താരങ്ങും മാത്രമേ ലേലിത്തുള്‍പ്പെടുകയുള്ളൂ. അതിനാല്‍ ടീമിനെ ഉടച്ചുവാര്‍ക്കുകയെന്നത് റോയല്‍സിനു അല്‍പ്പം കടുപ്പമാവുകയും ചെയ്യും. അതിനിടെ അടുത്ത സീസണില്‍ ഓള്‍റൗണ്ടര്‍ കൂടിയായ മകനെ റോയല്‍സിലേക്കു ദ്രാവിഡ് കൊണ്ടുവന്നേക്കുമെന്ന അഭ്യൂഹങ്ങളാണ് വരുന്നത്.

സമിത് ദ്രാവിഡിനെ റാഞ്ചും?
സീം ബൗളിങ് ഓള്‍റൗണ്ടറും മുന്‍നിര ബാറ്ററുമായ സമിത് ദ്രാവിഡ് അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പിങ്ക് കുപ്പായമണിഞ്ഞേക്കുമെന്ന അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ദ്രാവിഡിന്റെ ഭാഗത്തു നിന്നും പ്രതികരണമൊന്നുമുണ്ടായിട്ടില്ല.
ഈ സീസണില്‍ മികച്ചൊരു സീം ബൗളിങ് ഓള്‍റൗണ്ടര്‍ പോലും റോയല്‍സ് സംഘത്തിലില്ലെന്നു കാണാം. മുന്‍ സീസണുകളിലും ഓള്‍റൗണ്ടര്‍മാരുടെ കാര്യത്തില്‍ റോയല്‍സ് വിഷമിച്ചിട്ടുണ്ട്. യുവതാരങ്ങള്‍ക്കു എല്ലായ്‌പ്പോഴും പിന്തുണ നല്‍കിയിട്ടുള്ള ടീമാണ് റോയല്‍സ്. റിയാന്‍ പരാഗ്, യശസ്വി ജയ്‌സ്വാള്‍, ധ്രുവ് ജുറേല്‍ എന്നിവരെല്ലാം റോയല്‍സ് വളര്‍ത്തിയെടുത്ത യുവ പ്രതിഭകളാണ്.
ഈ സീസണിലെ ഐപിഎല്ലിലൂടെ 14 കാരനായ വൈഭവ് സൂര്യവംശിയെന്ന പുത്തന്‍ താരോദയത്തെയും റോയല്‍സ് ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു കഴിഞ്ഞു. അടുത്ത സീസണില്‍ 19 കാരനായ സമിത് ദ്രാവിഡിന്റെ ഊഴമായി മാറിയേക്കും.
കഴിഞ്ഞ ലേലത്തില്‍ എന്തുകൊണ്ടില്ല?
കഴിഞ്ഞ ഐപിഎല്‍ മെഗാ താരലേലത്തില്‍ സമിത് ദ്രാവിഡ് ഉള്‍പ്പെട്ടിരുന്നില്ല. ലേലത്തില്‍ ഉള്‍പ്പെടാന്‍ ആവശ്യമായ ചില മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സാധിക്കാത്തതു കാരണമാണിത്. ഐപിഎല്ലിന്റെ നിയമാവലി പ്രകാരം കുറഞ്ഞത് രണ്ടു ലിസ്റ്റ് എ അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ കളിച്ച താരങ്ങള്‍ക്കു മാത്രമേ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതിയുള്ളൂ. കൂടാതെ സംസ്ഥാന അസോസിയേഷനില്‍ ഈ താരം രജിസ്റ്റര്‍ ചെയ്യുകയും വേണം.
എന്നാല്‍ സമിത്തിന്റെ കാര്യമെടുത്താല്‍ കര്‍ണാടകയുടെ ജൂനിയര്‍ ടീമുകള്‍ക്കായി ഇതിനകം കളിച്ചുവെങ്കിലും സീനിയര്‍ ടീമിന്റെ ഭാഗമായിട്ടില്ല. ഈ കാരണത്താലാണ് കഴിഞ്ഞ മെഗാ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതെ പോയത്.
എന്നാല്‍ അടുത്ത വര്‍ഷത്തെ ലേലത്തിനു മുമ്പ് സമിത് കര്‍ണാടകയുടെ സീനിയര്‍ ടീമിനായി അരങ്ങേറുമെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ 19 കാരനു തീര്‍ച്ചയായും അടുത്ത ഐപിഎല്‍ ലേലത്തിന്റെ ഭാഗമായി മാറാനും സാധിക്കും. അങ്ങനെ വന്നാല്‍ സമിത്തിനെ സ്വന്തമാക്കാന്‍ റോയല്‍സ് ടീം രംഗത്തിറങ്ങുകയും ചെയ്‌തേക്കും.

സമിത്തിന്റെ കരിയര്‍
സമിത്ത് ദ്രാവിഡിന്റെ കരിയറിലേക്കു വന്നാല്‍ വലംകൈയന്‍ ബാറ്ററും വലംകൈ മീഡിയം പേസറുമാണ് താരം. കഴിഞ്ഞ വര്‍ഷം കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിടിപ്പിച്ച പ്രഥമ മഹാരാജ ടി20 ട്രോഫിയില്‍ മൈസൂരു വാരിയേഴ്‌സിനായി സമിത്ത് കളിച്ചിരുന്നു. ഏഴു ഇന്നിങ്‌സുകളില്‍ നിന്നും 82 റണ്‍സ് നേടുകയും ചെയ്തു. പക്ഷെ ബൗളിങില്‍ അദ്ദേഹത്തിനു അവസരം ലഭിച്ചില്ല.
ഇതിനു മുമ്പ് അണ്ടര്‍ 19 കൂച്ച് ബെഹര്‍ ട്രോഫിയില്‍ കര്‍ണാടകയ്ക്കു വേണ്ടിയും താരം തിളങ്ങിയിരുന്നു. എട്ടു മല്‍സരങ്ങളില്‍ നിന്നും 362 റണ്‍സാണ് സമിത്ത് അടിച്ചെടുത്തത്. ജമ്മു കാശ്മീരുമായുള്ള കളിയില്‍ നേടിയ 98 റണ്‍സായിരുന്നു മികച്ച പ്രകടനം. ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും സമിത്ത് മിന്നിച്ചു. 16 വിക്കറ്റുകളാണ് താരം പോക്കറ്റിലാക്കിയത്.
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലേക്കും സമിത്തിനു പിന്നീട് വിളിയെത്തി. പക്ഷെ പരിക്കു കാരണം ഈ പരമ്പര അദ്ദേഹത്തിനു നഷ്ടമാവുകയായിരുന്നു.