ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള നിലനിര്‍ത്തല്‍ ടീമുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മിക്ക ടീമുകളും അടിത്തറ ഉറപ്പിച്ച് സൂപ്പര്‍ താരങ്ങളെയെല്ലാം നിലനിര്‍ത്തിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സ് ആറ് താരങ്ങളെയാണ് നിലനിര്‍ത്തിയത്. നായകനായി സഞ്ജു സാംസണ്‍ തുടരുമ്പോള്‍ ഒപ്പം യശ്വസി ജയ്‌സ്വാളും റിയാന്‍ പരാഗും ദ്രുവ് ജുറേലും ഷിംറോന്‍ ഹെറ്റ്‌മെയറും സന്ദീപ് ശര്‍മയും ടീമിനൊപ്പം തുടരും.
എന്നാല്‍ രാജസ്ഥാന്‍ ജോസ് ബട്‌ലര്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, യുസ് വേന്ദ്ര ചഹാല്‍ എന്നിവരെ ഒഴിവാക്കിയിരിക്കുകയാണ്. ബട്‌ലര്‍ രാജസ്ഥാനായി തകര്‍പ്പന്‍ പ്രകടനം നടത്തുന്ന താരങ്ങളിലൊരാളാണ്. അതുകൊണ്ടുതന്നെ രാജസ്ഥാന്റെ തീരുമാനം എല്ലാ ആരാധകരേയും ഞെട്ടിക്കുന്നതായിരുന്നു. ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരങ്ങളെ ഒഴിവാക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രാഹുല്‍ ദ്രാവിഡ്.
സഞ്ജു സാംസണ്‍ പ്രയാസപ്പെട്ടെടുത്ത തീരുമാനം
രാജസ്ഥാന്‍ റോയല്‍സിന്റെ നിലനിര്‍ത്തലിന് മുമ്പ് കൃത്യമായ ചര്‍ച്ചകള്‍ നടന്നുവെന്നും നായകന്‍ സഞ്ജു സാംസണിന്റെ തീരുമാന പ്രകാരമായിരുന്നു ഇത്തരത്തില്‍ കൂടുമാറ്റം നടത്തിയതെന്നുമാണ് ഇപ്പോള്‍ രാഹുല്‍ ദ്രാവിഡ് വെളിപ്പെടുത്തിയിരിക്കുന്നത്. സഞ്ജു വളരെ പ്രയാസപ്പെട്ടാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് ദ്രാവിഡ് തുറന്ന് പറഞ്ഞത്.
'ഈ നിലനിര്‍ത്തലുകള്‍ക്ക് പിന്നില്‍ സഞ്ജു സാംസണിന്റെ വലിയ പങ്കുണ്ട്. നിരവധി വെല്ലുവിളികള്‍ അവന്‍ നേരിട്ടു. നായകനെന്ന നിലയില്‍ ഈ താരങ്ങളെല്ലാമായി വളരെ നല്ല ബന്ധം സഞ്ജുവിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ താരങ്ങളെയെല്ലാം ഒഴിവാക്കിയതില്‍ വലിയ സങ്കടവുമുണ്ട്. സഞ്ജുവിനൊപ്പം ആറ്, ഏഴ് വര്‍ഷങ്ങളായി കളിക്കുന്നവരുണ്ട്.
അതുകൊണ്ടുതന്നെ ഇവരെ ഒഴിവാക്കിയത് വലിയ നിരാശയുണ്ടാക്കുന്ന കാര്യമാണ്. ഈ നിലനിര്‍ത്തലുകളില്‍ കൃത്യമായ ധാരണ സഞ്ജുവിനുണ്ട്. ടീമിന്റെ സംതുലിതാവസ്ഥയാണ് അവന്‍ നോക്കിയത്. വളരെയധികം ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ നിലനിര്‍ത്തല്‍ തീരുമാനത്തിലേക്കെത്തിയത്. സാധിച്ച താരങ്ങളെ നിലനിര്‍ത്താന്‍ ടീമിന് സാധിച്ചിട്ടുണ്ട്' ദ്രാവിഡ് പറഞ്ഞു.

ഇത് അനിവാര്യമായ വിടപറയല്ലെന്ന് സഞ്ജു
ടീമിന്റെ നിലനിര്‍ത്തലിന് ശേഷം സഞ്ജു സാംസണ്‍ പ്രതികരിച്ചിരുന്നു. ഇത്രയും നാള്‍ ഒന്നിച്ച് കളിച്ച താരങ്ങളെ പിരിയുന്നതിന്റെ നിരാശയാണ് സഞ്ജു പങ്കുവെച്ചത്. 'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മികച്ച പ്രകടനമാണ് രാജസ്ഥാന്‍ കാഴ്ചവെക്കുന്നത്. മനോഹരമായ ഓര്‍മകള്‍ ഡ്രസിങ് റൂമിലും കളത്തിലുമായി ഉണ്ടായിരുന്നു. നിരവധി യുവ പ്രതിഭകളെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ സൂപ്പര്‍ താരങ്ങളായി വളര്‍ത്തിക്കൊണ്ടുവരാനും ടീമിന് സാധിച്ചു. ടീമിനുള്ളില്‍ ചില പ്രത്യേക സൗഹൃദങ്ങള്‍ സൃഷ്ടിക്കാനായി. ജീവിതത്തിന്റെ അവസാനംവരെ ഈ സൗഹൃദങ്ങള്‍ തുടരും.
എല്ലാവരേയും ഒന്നിച്ച് മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നതെങ്കിലും നിയമം അനുവദിക്കുന്നില്ല. ടീമിന്റെ വളര്‍ച്ചക്കായി വളരെയധികം അധ്വാനിച്ച ചിലര്‍ ടീം വിടുന്നത് വളരെയധികം വേദനിപ്പിക്കുന്ന കാര്യമാണ്. ആരാധകരും ടീമും പുതിയ താരങ്ങളെ ടീമിലേക്കെത്തിക്കാനുള്ള നീക്കത്തിലാണ്. എല്ലാവരേയും സാധിക്കില്ലെങ്കിലും നിലവില്‍ ഒഴിവാക്കിയവരിലെ ചിലരെയെങ്കിലും മടക്കിയെത്തിക്കാന്‍ ശ്രമിക്കും' എന്നാണ് സഞ്ജു പറഞ്ഞത്.
ബട്‌ലറുടെ അഭാവം വലിയ തിരിച്ചടി
രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ചുള്ള വലിയ തിരിച്ചടി ജോസ് ബട്‌ലറുടെ അഭാവമാണ്. ബട്‌ലര്‍ രാജസ്ഥാന്റെ സമീപകാലത്തെ കുതിപ്പിന് വലിയ കരുത്ത് പകര്‍ന്ന താരമാണ്. എന്നാല്‍ ഇപ്പോള്‍ ബട്‌ലര്‍ ടീം വിടുന്നതോടെ രാജസ്ഥാന്റെ കണക്കുകൂട്ടല്‍ തെറ്റാനാണ് സാധ്യത കൂടുതല്‍. ബട്‌ലറുടെ അഭാവം നികത്തുകയെന്നത് എളുപ്പമല്ല. ബട്‌ലര്‍ പോയതോടെ സഞ്ജു സാംസണിലേക്ക് കൂടുതല്‍ ജോലിഭാരം എത്തുമെന്നുറപ്പാണ്. ബൗളിങ് നിരയിലാണ് രാജസ്ഥാന് കൂടുതല്‍ പണം ചിലവിടേണ്ടി വരിക. 41 കോടി മാത്രം ശേഷിക്കെ രാജസ്ഥാന് കാര്യങ്ങള്‍ പ്രയാസമാണെന്ന് തന്നെ പറയാം.