ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുമ്പോള്‍ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ ക്യാപ്റ്റനും രാഹുല്‍ ദ്രാവിഡ് പരിശീലകനുമായുള്ള രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ കപ്പിലേക്കെത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ കിരീടത്തിലേക്കെത്താന്‍ സാധിക്കില്ലെന്ന് മാത്രമല്ല പ്ലേ ഓഫ് പോലും രാജസ്ഥാന്‍ റോയല്‍സിന് വിദൂര സ്വപ്‌നമായിരിക്കുകയാണ്.
നായകന്‍ സഞ്ജു സാംസണും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് രാജസ്ഥാനെ തളര്‍ത്തുന്നത്. സഞ്ജുവിനെ രാജസ്ഥാനിലേക്ക് കൊണ്ടുവന്നത് ദ്രാവിഡാണ്. എന്നാല്‍ ഇപ്പോള്‍ രണ്ട് പേരും തമ്മില്‍ അത്ര മികച്ച ബന്ധമല്ല. രണ്ടിലൊരാളാള്‍ അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് വിടാനാണ് സാധ്യത കൂടുതല്‍. ഇത് ആരാവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കൂടുതല്‍ സാധ്യത സഞ്ജു സാംസണിന് തന്നെയാണെന്ന് പറയാം.
സഞ്ജു രാജസ്ഥാന്‍ വിടരുതെന്നും ദ്രാവിഡാണ് ടീം വിടേണ്ടതെന്നുമാണ് ആരാധകര്‍ പറയുന്നത്. ഇപ്പോഴിതാ ദ്രാവിഡ് രാജസ്ഥാന്‍ വിടാനുള്ള സാധ്യത കൂടുതലാണെന്ന ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പഴയ റോളിലേക്ക് ദ്രാവിഡ് തിരിച്ചുപോയേക്കുമെന്നാണ് സൂചനകള്‍. അത്തരമൊരു മാറ്റമുണ്ടായാല്‍ ദ്രാവിഡ് രാജസ്ഥാന്‍ വിടുമെന്ന കാര്യം ഉറപ്പാണ്.
വീണ്ടും ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക്
വിവിഎസ് ലക്ഷ്മണാണ് നിലവില്‍ ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് അസോസിയേഷന്റെ ചെയര്‍മാന്‍. രാഹുല്‍ ദ്രാവിഡ് ഈ സ്ഥാനത്ത് നിന്ന് ഇറങ്ങിയ ശേഷമാണ് ലക്ഷ്മണ്‍ ഈ റോളിലേക്കെത്തിയത്. എന്നാല്‍ ഇപ്പോള്‍ ലക്ഷ്മണ്‍ ആ സ്ഥാനത്ത് നിന്ന് മാറാന്‍ താല്‍പര്യം അറിയിച്ചിരിക്കുകയാണെന്നാണ് സൂചന. ലക്ഷ്മണ്‍ കളം വിട്ടാല്‍ ആ സ്ഥാനത്തേക്ക് വീണ്ടും ദ്രാവിഡിനെ പരിഗണിച്ചേക്കുമെന്നാണ് സൂചന. ദ്രാവിഡിനെപ്പോലൊരു അനുഭവസമ്പന്നനെയാണ് ഈ റോളില്‍ ഇന്ത്യക്കാവശ്യം.
അതുകൊണ്ടുതന്നെ ദ്രാവിഡിനെ വീണ്ടും ബിസിസി ഐ ഈ റോളിലേക്ക് പരിഗണിച്ചേക്കും. എന്നാല്‍ രാഹുല്‍ ദ്രാവിഡിന്റെ തീരുമാനം ഈ കാര്യത്തില്‍ നിര്‍ണ്ണായകമാവും. വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഉത്തരവാദിത്തങ്ങളിലേക്കില്ലെന്ന നിലപാടിലേക്ക് ദ്രാവിഡ് എത്തിയാല്‍ അദ്ദേഹം രാജസ്ഥാനില്‍ തുടരും. ബിസിസി ഐയുടെ ഓഫര്‍ വീണ്ടും ദ്രാവിഡ് സ്വീകരിച്ചാല്‍ രാജസ്ഥാന്‍ വിട്ട് അദ്ദേഹം ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മടങ്ങി പോയേക്കും.
എന്തായാലും ഇത്തരമൊരു നീക്കം അണിയറയില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ദ്രാവിഡിനെ രാജസ്ഥാന്‍ ടീമിലേക്കെത്തിച്ചത് ദീര്‍ഘ കാലത്തേക്ക് മുന്നില്‍ക്കണ്ടിട്ടാവും. ഈ സീസണിലെ പ്രകടനം നിരാശപ്പെടുത്തിയതിന്റെ പേരില്‍ ദ്രാവിഡിനെ തള്ളിക്കളയാന്‍ രാജസ്ഥാന്‍ തയ്യാറാവില്ല. അതുകൊണ്ടുതന്നെ ബിസിസി ഐയുടെ പുതിയ ഓഫര്‍ സ്വീകരിക്കണമോയെന്നത് ദ്രാവിഡിന്റെ തീരുമാനമായിരിക്കും. എന്തായാലും ആരാധകര്‍ ദ്രാവിഡ് രാജസ്ഥാന്‍ വിടണമെന്നാണ് ആഗ്രഹിക്കുന്നത്.

ദ്രാവിഡിനിഷ്ടം രാജസ്ഥാന്റെ റോള്‍
രാജസ്ഥാനിലെ റോളാണ് ദ്രാവിഡിന് കൂടുതല്‍ ഇഷ്ടമെന്ന് പറയാം. കാരണം ഐപിഎല്ലിലെ പരിശീലക റോള്‍ ലഭിക്കുന്നതോടെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവിടാനുള്ള സമയം ലഭിക്കും. ഇന്ത്യക്കായി കളിച്ചിരുന്നപ്പോഴും ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പ്രവര്‍ത്തിച്ചപ്പോഴും ഇത്തരത്തില്‍ കുടുംബത്തോടൊപ്പം സമയം ചിലവിടാന്‍ ദ്രാവിഡിന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ റോളിനെക്കാള്‍ ഐപിഎല്ലിലെ റോളാവും ദ്രാവിഡിന് കൂടുതല്‍ താല്‍പര്യം.
എന്നാല്‍ ലക്ഷ്മണ്‍ വഴിമാറിയാല്‍ ദ്രാവിഡിന് മുകളില്‍ സ്വാഭാവികമായ സമ്മര്‍ദ്ദമുണ്ടാവും. അതുകൊണ്ടുതന്നെ ദ്രാവിഡ് ഈ റോള്‍ ഏറ്റെടുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ദ്രാവിഡിനെ സംബന്ധിച്ച് രാജസ്ഥാന്റെ പരിശീലകനാവുകയെന്നത് വലിയ വെല്ലുവിളിയാണ്. ഇതിനോടകം വലിയ വിമര്‍ശനം ദ്രാവിഡിനെ തേടിയെത്തിയിട്ടുണ്ട്. ഇനിയും പ്രകടനം മോശമായാല്‍ ദ്രാവിഡിന്റെ ഉള്ള വിലകൂടി പോകുമെന്ന് പറയാം.