ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ പ്ലേ ഓഫിനോട് അടുക്കവെ എല്ലാവരുടേയും ശ്രദ്ധ നേടുന്ന താരം വൈഭവ് സൂര്യവന്‍ഷിയാണ്. 14കാരനായ രാജസ്ഥാന്‍ റോയല്‍സ് താരം തന്റെ കളി മികവുകൊണ്ട് എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന് പരിക്കേറ്റപ്പോള്‍ പകരക്കാരനായാണ് വൈഭവിനെ ഓപ്പണിങ്ങിലേക്കെത്തിച്ചത്. നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പായിച്ചാണ് വൈഭവ് എല്ലാവര്‍ക്കും മറുപടി നല്‍കിയത്. പിന്നീട് ഐപിഎല്ലില്‍ ഇതുവരെ ആരും കാണാത്ത ബാറ്റിങ് വിസ്മയമയാണ് യുവതാരം കാഴ്ചവെച്ചത്.
ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 35 പന്തില്‍ സെഞ്ച്വറി നേടിയാണ് വൈഭവ് എല്ലാവരുടേയും കൈയടി നേടിയിരിക്കുന്നത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കേണ്ട പ്രായത്തില്‍ ഐപിഎല്ലിലെ ഇന്ത്യക്കാരന്റെ വേഗ സെഞ്ച്വറി, ഐപിഎല്‍ ചരിത്രത്തിലെ ഇന്ത്യക്കാരന്റെ രണ്ടാമത്തെ വേഗ സെഞ്ച്വറി തുടങ്ങി നിരവധി റെക്കോഡുകളാണ് താരം സ്വന്തം പേരില്‍ ചേര്‍ത്തത്. ഇതോടെ രാജസ്ഥാന്‍ റോയല്‍സിന്റെ മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടുത്ത ഹീറോയായി വാഴ്ത്തപ്പെടുകയാണ് വൈഭവ്.
എന്നാല്‍ ഇത്ര ചെറുപ്പത്തിലേ മികവ് കാട്ടുന്ന താരങ്ങളില്‍ മിക്കവരുടേയും കരിയര്‍ പിന്നീട് താഴോട്ട് പോകുന്നതാണ് കാണാനാവുന്നത്. വിനോദ് കാംബ്ലിയും പൃഥ്വി ഷായുമെല്ലാം ഇതിന് ഉദാഹരമാണ്. ഈ പട്ടികയിലേക്ക് പേര് ചേര്‍ക്കാണ് സാധ്യതയുള്ള താരമാണ് വൈഭവ്. എന്നാല്‍ ഇത് മുന്നില്‍ക്കണ്ട് വൈഭവിന് പ്രത്യേക പരിശീലനം നല്‍കുകയാണ് രാജസ്ഥാന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡ്. കൃത്യമായ പദ്ധതികളിലൂടെ താരത്തെ മികച്ച ഭാവിയിലേക്ക് എത്തിക്കാനാണ് ദ്രാവിഡിന്റെ നീക്കം.
കൂടുതല്‍ സമയം പരിശീലനം
മറ്റ് താരങ്ങളെക്കാള്‍ കൂടുതല്‍ സമയം പരിശീലനം വൈഭവിന് നല്‍കുന്നുണ്ട്. യുവതാരമായതിനാല്‍ ഇപ്പോള്‍ പെട്ടെന്ന് മടുക്കില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ സമയം നെറ്റ്‌സില്‍ പരിശീലനത്തിലേര്‍പ്പെടാന്‍ ദ്രാവിഡ് നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ 400 പന്തുകള്‍ ദിവസം നെറ്റ്‌സില്‍ വൈഭവ് നേരിട്ടിരുന്നു. എന്നാല്‍ അത്രയും പന്തുകള്‍ ഇപ്പോള്‍ നേരിടുന്നില്ല. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ സമയം വ്യത്യസ്മായ പരിശീലനങ്ങളാണ് വൈഭവിക്കൊണ്ട് ചെയ്യിക്കുന്നത്. നെറ്റ്‌സില്‍ മാത്രമല്ല ഷോട്ട് തിരഞ്ഞെടുപ്പില്‍ പ്രത്യേക ക്ലാസും ദ്രാവിഡ് വൈഭവിന് നല്‍കിയിട്ടുണ്ട്.
സെഞ്ച്വറി നേടിയെങ്കിലും വൈഭവ് ക്ലാസിക് താരമാണെന്ന് പറയാനാവില്ല. കണ്ണുംപൂട്ടി അടിയാണ് താരത്തിന്റേത്. മികച്ച സാങ്കേതിക യുവതാരത്തിന് അവകാശപ്പെടാനാവില്ല. ഈ സാഹചര്യത്തില്‍ താരത്തിന്റെ സാങ്കേതിക മികവ് ഉയര്‍ത്താന്‍ പരിശീലനം നല്‍കുന്നുണ്ട്. ടീമിന്റെ പരിശീലത്തിന് ശേഷം പ്രത്യേകമായി വൈഭവിന് ഷോട്ട് തിരഞ്ഞെടുപ്പിനെക്കുറിച്ചും ഫുട് വര്‍ക്കുകളെക്കുറിച്ചും ദ്രാവിഡ് ക്ലാസ് നല്‍കുന്നുണ്ടെന്നാണ് വിവരം. വൈഭവിന് പ്രതിഭയുണ്ട്. എന്നാല്‍ അതിനെ ഇനിയും രാഗി മിനുക്കേണ്ടതായുണ്ട്.
വൈഭവ് ഇപ്പോള്‍ ശരീരത്തിന്റെ ഇലാസ്തികതയെ മുതലാക്കി കളിക്കുന്നവനാണ്. എന്നാല്‍ ഇതുകൊണ്ട് അധികനാള്‍ മുന്നോട്ട് പോകാനാവില്ല. മികച്ച സാങ്കേതികയില്ലെങ്കില്‍ ഫ്‌ളാറ്റ് പിച്ചുകള്‍ക്ക് പുറത്ത് ഫ്‌ളോപ്പായി പോവും. അതുകൊണ്ടുതന്നെ ഇപ്പോള്‍ വൈഭവിന്റെ സാങ്കേതികത മെച്ചപ്പെടുത്താനുള്ള ക്ലാസുകളാണ് ദ്രാവിഡ് കൂടുതല്‍ നല്‍കുന്നത്. എന്തായാലും ഇത് താരത്തെ കൂടുതല്‍ മികവിലേക്കെത്തിക്കുമെന്നുറപ്പാണ്.

ശരീര ഭാരം നിയന്ത്രിക്കാന്‍ പരിശീലനം
വൈഭവ് സൂര്യവന്‍ഷിക്ക് പ്രായം 14 ആണ് എന്ന് ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. പ്രായത്തില്‍ കൂടുതല്‍ ശരീര വളര്‍ച്ചയുള്ള താരമാണ് വൈഭവ് സൂര്യവന്‍ഷി. ഇപ്പോഴത്തെ താരത്തിന്റെ ശരീരം നോക്കുമ്പോള്‍ 18ന് മുകളില്‍ പ്രായമുള്ള ആളുടേതിന് പോലെയാണ് തോന്നുന്നത്. അതുകൊണ്ടുതന്നെ പ്രായം മുന്നോട്ട് പോകുമ്പോള്‍ വൈഭവിന്റെ തടി കൂടാന്‍ സാധ്യതയുണ്ട്. പൃഥ്വി ഷാക്ക് സംഭവിച്ചതുപോലെ അമിത ശരീര ഭാരം വരാന്‍ സാധ്യതയുള്ള താരമാണ് വൈഭവ്.
ഇത് മനസിലാക്കി കൃത്യമായ ഭക്ഷണ ക്രമം വൈഭവിനായി തയ്യാറാക്കിയിട്ടുണ്ട്. ഇതിനനുസരിച്ചാണ് ഇപ്പോള്‍ വൈഭവ് മുന്നോട്ട് പോകുന്നത്. ഇത് വൈഭവിനെ മികച്ച ഫിറ്റ്‌നസിലേക്ക് എത്തിക്കുമെന്ന് തന്നെയാണ് കരുതുന്നത്. നിലവിലെ വൈഭവിന്റെ ഫിറ്റ്‌നസ് അല്‍പ്പം മോശമാണ്. ദ്രാവിഡിന്റെ കൃത്യമായ പദ്ധതികളിലൂടെ വൈഭവിനെ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിക്കാന്‍ സാധിക്കുമെന്ന് കരുതാം.
ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണം
കൂടുതല്‍ താരങ്ങളേയും ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് പ്രണയവും ഡേറ്റിങ്ങും പബ്ബ് ലൈഫുമാണ്. എന്നാല്‍ ഇവക്കെല്ലാം കര്‍ശന നിയന്ത്രമാണ് ദ്രാവിഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫോണ്‍ അത്യാവശ്യ സമയത്ത് മാത്രമാണ് താരത്തിന് നല്‍കുന്നത്. പുറത്ത് പോയി ലൈഫ് അടിച്ചുപൊളിക്കുന്ന ക്രിക്കറ്റ് താരങ്ങളുടെ ജീവിത ശൈലിയില്‍ നിന്ന് വൈഭവിനെ മാറ്റിനിര്‍ത്തിയിരിക്കുകയാണ് ദ്രാവിഡ്. ഇപ്പോള്‍ അതിലേക്ക് പോയാല്‍ താരത്തിന്റെ ക്രിക്കറ്റില്‍ നിന്നുള്ള ശ്രദ്ധ തിരിയും. ഇക്കാരണത്താല്‍ത്തന്നെ കര്‍ശന ചിട്ട വൈഭവിന് നല്‍കിയിട്ടുണ്ട്.
കളത്തിനുള്ളിലെ പെരുമാറ്റത്തിനടക്കം വൈഭവിന് ക്ലാസ് നല്‍കുന്നുണ്ടെന്നാണ് വിവരം. ആദ്യ മത്സരത്തില്‍ ഔട്ടായപ്പോള്‍ വൈഭവ് കരഞ്ഞിരുന്നു. അത്രത്തോളം നിഷ്‌കളങ്കനാണ് വൈഭവ്. ഈ സാഹചര്യത്തില്‍ താരത്തിന് മാനസികമായി കരുത്തിലേക്കെത്തിക്കേണ്ടതായുണ്ടെന്ന് നിസംശയം പറയാം.