ഐപിഎല്‍ മെഗാ താരലേലത്തിനു മുന്നോടിയായി കളിക്കാരുടെ റിട്ടെന്‍ഷന്‍ ലിസ്റ്റ് പുറത്തു വന്നിരിക്കുകയാണ്. പരമാവധി ആറു താരങ്ങളെയാണ് ഓരോ ടീമിനും നിലനിര്‍ത്താന്‍ അനുവാദമുണ്ടായിരുന്നത്. ചില ടീമുകള്‍ മാത്രമേ ഈ ക്വാട്ട പൂര്‍ണമായി ഉപയോഗിച്ചിട്ടുള്ളൂ. ഭൂരിഭാഗം ഫ്രാഞ്ചൈസികളും നാലു മുതല്‍ അഞ്ചു വരെ കളിക്കാരെയാണ് തങ്ങള്‍ക്കൊപ്പം നിലനിര്‍ത്തിയത്. ബാക്കിയുള്ളവരെയെല്ലാം ഫ്രാഞ്ചൈസികള്‍ കൈവിടുകയായിരുന്നു.
ചില വമ്പന്‍ താരങ്ങളെ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയിട്ടില്ലെന്നു കാണാം. ഈ തരത്തില്‍ ടീമുകള്‍ കൈവിട്ടിട്ടുള്ള ഇന്ത്യന്‍ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ശക്തമായ ഒരു പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്താല്‍ ആരൊക്കെയാവും ഉള്‍പ്പെടുകയെന്നു നമുക്കു പരിശോധിക്കാം.

ഓപ്പണിങില്‍ ആരെല്ലാം
ഇന്ത്യന്‍ ഇലവന്റെ ഓപ്പണിങ് ജോടികള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മുന്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുലും മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷനുമായിരിക്കും. ഇഷാനെ മുംബൈ കൈവിടുമെന്നു നേരത്തേ തന്നെ ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ കൂടിയായ രാഹുലിനെ ലഖ്‌നൗ നിലനിര്‍ത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ ടീം മാനേജ്‌മെന്റുമായുള്ള ഭിന്നത അദ്ദേഹത്തിനു പുറത്തേക്കു വഴിയൊരുക്കുകയായിരുന്നു.
ഇഷാനാവട്ടെ ദീര്‍ഘകാലം മുംബൈയ്ക്കായി കളിച്ച ശേഷമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. അദ്ദേഹത്തെ കൈവിട്ടതോടെ വരാനിരിക്കുന്ന സീസണില്‍ പുതിയ ഓപ്പണറെ മാത്രമല്ല വിക്കറ്റ് കീപ്പറെയും മുംബൈയ്ക്കു തിരയേണ്ടി വന്നിരിക്കുകയാണ്.
നയിക്കാന്‍ ശ്രേയസ്, മധ്യനിരയില്‍ ഇവര്‍
ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍ എന്നിവര്‍ക്കു ശേഷം മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുക ശ്രേയസ് അയ്യരായിരിക്കും. ഇലവനെ നയിക്കുന്നതും അദ്ദേഹമാണ്. കഴിഞ്ഞ സീസണില്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായ ശ്രേയസിനെ തീര്‍ത്തും അപ്രതീക്ഷിതമായാണ് ഒഴിവാക്കിയത്.
നാലാം നമ്പറില്‍ കളിക്കുക കെകആറിന്റെ മറ്റൊരു മുന്‍ താരവും സീം ബൗളിങ് ഓള്‍റൗണ്ടറുമായ വെങ്കടേഷ് അയ്യരാണ്. കെകെആറിലൂടെ കരിയറാരംഭിച്ച താരമാണ് അദ്ദേഹം. ഓപ്പണിങിലടക്കം പല ശ്രദ്ധേയമായ പ്രകടനങ്ങളും വെങ്കടേഷ് കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. കളിഞ്ഞ സീസണില്‍ കെകെആറിന്റെ കിരീടവിജയത്തിലും വെങ്കടേഷ് നിര്‍ണായക പങ്കുവഹിച്ചിരുനുന്നു.
അഞ്ചാമനായി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് കളിക്കാനെത്തുക. ശ്രേയസ്, രാഹുല്‍ എന്നിവരെ കൂടാതെ മെഗാ ലേലത്തിനു മുമ്പ് ഒഴിവാക്കപ്പെട്ട മൂന്നാമത്തെ കാപ്റ്റനാണ് അദ്ദേഹം. തങ്ങളുടെ ഐക്കണ്‍ താരം കൂടിയായിട്ടും റിഷഭിനെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നിലനിര്‍ത്തിയില്ലെന്നത് ആരാധകരെ ശരിക്കും ഞെട്ടിച്ചിരുന്നു.
ഓള്‍റൗണ്ടര്‍മാര്‍, ബൗളിങ് നിര
ആറ്, ഏഴ് സ്ഥാനങ്ങളില്‍ ഓള്‍റൗണ്ടര്‍മാരായ ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് കളിക്കുക. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മുന്‍ താരം കൂടിയാണ് വമ്പനടിക്കാരനായ ഹൂഡ. എന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് വാഷിങ്ടണിനെ കൈയൊഴിഞ്ഞത്. ഇവരില്‍ വാഷിങ്ടണ്‍ ഇപ്പോള്‍ മിന്നുന്ന ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ കൈവിടേണ്ടി വന്നതില്‍ എസ്ആര്‍എച്ചിനു നിരാശയുണ്ടാവുമെന്നുമുറപ്പാണ്.

ഇലവനു വേണ്ടി എട്ടാം നമ്പറില്‍ സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് കളിക്കുക. രാജസ്ഥാന്‍ റോയല്‍സിനായി തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടും അദ്ദേഹം ഒഴിവാക്കപ്പെടുകയായിരുന്നു. മെഗാ ലേലത്തില്‍ പല ഫ്രാഞ്ചൈസികളുടെയും നോട്ടപ്പുള്ളിയായിരിക്കും ചഹലെന്നുറപ്പാണ്.
ചഹലിനു ശേഷം മൂന്നു സ്‌പെഷ്യലിസ്റ്റ് പേസര്‍മാരുടെ ഊഴമായിരിക്കും. അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് ഇലവനിലുള്ളത്. പഞ്ചാബ് കിങ്‌സ് കൈവിട്ട താരമാണ് അര്‍ഷ്ദീപ്. ഷമിയാവട്ടെ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമായിരുന്നു. സിറാജിനെ ഒഴിവാക്കിയത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ്.
ഒഴിവാക്കപ്പെട്ടവരുടെ ഇന്ത്യന്‍ 11
ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), വെങ്കടേഷ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.