ഐപിഎല്ലിന്റെ ഈ സീസണില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ടീമുകളിലൊന്നാണ് ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്‌സ്. പ്രഥമ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായിട്ടും ഇതുവരെ അവര്‍ക്കു കിരീടഭാഗ്യമുണ്ടായിട്ടില്ല. എന്നാല്‍ ഇത്തവണ ഈ കുറവ് നികത്തുമെന്ന സൂചന നല്‍കിയാണ് പഞ്ചാബിന്റെ പടയോട്ടം.
ടൂര്‍ണമെന്റില്‍ 44 മല്‍സരങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ അവര്‍ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തുണ്ട്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 11 പോയിന്റാണ് അവര്‍ക്കുള്ളത്. ശ്രേയസിന്റെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയും ബാറ്റിങിലും ബൗളിങിലുമെല്ലാം മികച്ച കളിക്കാരുടെ സാന്നിധ്യവുമാണ് പഞ്ചാബിനെ ഈ സീസണിലെ കിരീടഫേവറിറ്റുകളാക്കി മാറ്റുന്നത്.
കൂടാതെ മുന്‍ ഇതിഹാസം റിക്കി പോണ്ടിങെന്ന കോച്ചിന്റെ സാന്നിധ്യവും പഞ്ചാബിനു പ്ലസ് പോയിന്റാണ്. എന്നാല്‍ ഇത്തവണയും പഞ്ചാബ് കിരീടം നേടിയേക്കില്ലെന്ന വമ്പന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. ഇതിന്റെ കാരണം അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.

പോണ്ടിങിനു പക്ഷപാതം
പഞ്ചാബ് കിങ്‌സ് കോച്ച് റിക്കി പോണ്ടിങ് പക്ഷപാതപരമായി പെരുമാറുകയാണെന്നും ഇന്ത്യന്‍ താരങ്ങളെ അവഗണിച്ച് ഓസ്‌ട്രേലിയന്‍ കളിക്കാര്‍ക്കു അദ്ദേഹം കൂടുതല്‍ പരിഗണന നല്‍കുന്നുണ്ടെന്നുമാണ് തിവാരി തുറന്നടിക്കുന്നത്. കഴിഞ്ഞ ദിവസം മഴ കാരണം ഉപേക്ഷിക്കപ്പെട്ട പഞ്ചാബ് കിങ്‌സ്- കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാലു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് അടിച്ചെടുത്തിരുന്നു. മറുപടിയില്‍ കെകെആര്‍ ഒരോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഏഴു റണ്‍സെടുത്തു നില്‍ക്കവെയാണ് മഴയെത്തിയത്. തുടര്‍ന്നു കളി ഉപേക്ഷിക്കപ്പെടുകയും ചെയ്തു.
ഈ മല്‍സരത്തില്‍ പഞ്ചാബിനായി നാലാം നമ്പറില്‍ ബാറ്റ് ചെയ്തത് മോശം ഫോമിലുള്ള ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലായിരുന്നു. ഏഴു റണ്‍സ് മാത്രമെടുത്ത അദ്ദേഹം വരുണ്ട ചക്രവര്‍ത്തിയുടെ ബൗളിങില്‍ ക്ലീന്‍ ബൗള്‍ഡാവുകയും ചെയ്തു. അതിനു ശേഷം അഞ്ചാമനായി സൗത്താഫ്രിക്കന്‍ പേസര്‍ മാര്‍ക്കോ യാന്‍സന്‍, തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസ് എന്നിവരെയും പോണ്ടിങ് ബാറ്റിങിനു അയക്കുകയായിരുന്നു.
മികച്ച ഫോമിലുള്ള ഇന്ത്യന്‍ താരങ്ങളായ നെഹാല്‍ വദേര, ശശാങ്ക് സിങ് എന്നിവര്‍ ടീമിലുണ്ടെന്നിരിക്കെ എന്തിനാണ് മാക്‌സിയെ നേരത്തേ ക്രീസിലേക്കു അയച്ചതെന്നാണ് തിവാരിയുടെ ചോദ്യം. ഇതേ രീതിയില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു നേരെ പോണ്ടിങ് അവഗണന തുടരുകയാണെങ്കില്‍ ഐപിഎല്‍ കിരീടടമെന്ന സ്വപ്‌നം ഇത്തവണയും നടക്കാന്‍ പോവുന്നില്ലെന്നും തിവാരി വ്യക്തമാക്കി.
പഞ്ചാബ് കിരീടം നേടില്ല
ഈ ഐപിഎല്ലിലും പഞ്ചാബ് കിങ്‌സ് കിരീടം നേടില്ലെന്ന ഉറച്ച തോന്നലാണ് ഇപ്പോള്‍ തനിക്കുള്ളതെന്നു മനോജ് തിവാരി പറയുന്നു. പഞ്ചാബ് കിങ്‌സ് ഈ സീസണില്‍ ചാംപ്യന്‍മാരാവില്ലെന്നു ഞാന്‍ പറയാന്‍ ഒരു കാരണം കൂടിയുണ്ട്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള അവരുടെ ബാറ്റിങ് കണ്ടതിനു ശേഷമാണ് എനിക്കു ഇങ്ങനെ തോന്നിയത്.

മികച്ച ഫോമിലുള്ള ഇന്ത്യന്‍ താരങ്ങളായ നെഹാല്‍ വദേര, ശശാങ്ക് സിങ് എന്നിവരെയൊന്നും പഞ്ചാബ് കോച്ച് റിക്കി പോണ്ടിങ് ബാറ്റിങിനു ഇറക്കിയില്ല. അതിനു പകരം വിദേശ താരങ്ങളിലാണ് അദ്ദേഹം വിശ്വാസമര്‍പ്പിച്ചത്. പക്ഷെ അവര്‍ക്കു കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞതുമില്ല.
മധ്യനിരയിലുള്ള ഇന്ത്യന്‍ താരങ്ങളില്‍ പോണ്ടിങ് വേണ്ടത്ര വിശ്വാസം അര്‍പ്പിക്കുന്നില്ലെന്നു കാണാം. ഇതേ രീതിയില്‍ തന്നെ അദ്ദേഹം തുടര്‍ന്നാല്‍ ഐപിഎല്‍ കിരീടവും അവര്‍ പ്രതീക്ഷിക്കേണ്ടതില്ല. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടില്‍ അവര്‍ എത്തിയേക്കാം. പക്ഷെ ട്രോഫിയെന്ന സ്വപ്‌നം സംഭവിച്ചേക്കില്ലെന്നും തിവാരി വിശദമാക്കി.