ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ 13ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തകര്‍ത്ത് പഞ്ചാബ് കിങ്‌സ്. എട്ട് വിക്കറ്റിനാണ് ശ്രേയസ് അയ്യരും സംഘവും ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ഏഴ് വിക്കറ്റിന് 171 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ പഞ്ചാബ് 22 പന്ത് ബാക്കി നിര്‍ത്തി രണ്ട് വിക്കറ്റിന് 177 റണ്‍സ് നേടി ആധിപത്യ ജയം നേടുകയായിരുന്നു. പ്രഭ്‌സിംറാന്‍ സിങ് 69 റണ്‍സും ശ്രേയസ് അയ്യരും (52*) അര്‍ധ സെഞ്ച്വറികളോടെ പഞ്ചാബിന്റെ ജയം അനായാസമാക്കി.
ലഖ്‌നൗവിന്റെ തുടക്കം പിഴച്ചു
ടോസ് നഷ്ടപ്പെട്ട ലഖ്‌നൗവിന് തട്ടകത്തില്‍ ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നു. മികച്ച തുടക്കം പ്രതീക്ഷിച്ച ആതിഥേയരെ തുടക്കത്തിലേ സമ്മര്‍ദ്ദത്തിലാക്കാന്‍ പഞ്ചാബിനായി. വെടിക്കെട്ട് പ്രകടനം നടത്തിയിരുന്ന മിച്ചല്‍ മാര്‍ഷിനെയാണ് ആദ്യം പഞ്ചാബ് മടക്കിയത്. അര്‍ഷ്ദീപ് സിങ്ങിന്റെ നേരിട്ട ആദ്യ പന്തില്‍ത്തന്നെ മിച്ചല്‍ മാര്‍ഷ് മടങ്ങി. സ്ലോ ഷോര്‍ട്ട് ബോളില്‍ ബാറ്റുവെച്ച മാര്‍ഷിനെ സ്ലിപ്പില്‍ മാര്‍ക്കോ യാന്‍സന്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.
കഴിഞ്ഞ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയ എയ്ഡന്‍ മാര്‍ക്രം ഇത്തവണ അതിവേഗം റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. 18 പന്ത് നേരിട്ട് നാല് ഫോറും ഒരു സിക്‌സുമടക്കം 28 റണ്‍സാണ് മാര്‍ക്രം നേടിയത്. ലോക്കി ഫെര്‍ഗൂസനെ മാര്‍ക്രം കടന്നാക്രമിച്ചെങ്കിലും ക്ലീന്‍ബൗള്‍ഡാക്കി. ഇതോടെ പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി ലഖ്‌നൗ സമ്മര്‍ദ്ദത്തിലായി. ക്രീസിലെത്തിയ നായകന്‍ റിഷഭ് പന്തില്‍ ലഖ്‌നൗ പ്രതീക്ഷവെച്ചിരുന്നു.
എന്നാല്‍ വീണ്ടും താരം നിരാശപ്പെടുത്തി. അഞ്ച് പന്ത് നേരിട്ട് രണ്ട് റണ്‍സാണ് റിഷഭിന് നേടാനായത്. ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ പന്തില്‍ മോശം ഷോട്ടിന് ശ്രമിച്ച റിഷഭിനെ യുസ് വേന്ദ്ര ചഹാലാണ് ക്യാച്ചിലൂടെ മടക്കിയത്. മൂന്ന് മത്സരത്തില്‍ നിന്ന് വെറും 12 റണ്‍സാണ് റിഷഭിന് നേടാനായത്. റിഷഭിന്റെ മോശം പ്രകടനം ലഖ്‌നൗവിന് വലിയ തലവേദനയായിരിക്കുകയാണ്. 27 കോടിക്ക് ടീമിലെത്തിയ റിഷഭിന് വാങ്ങിയ പ്രതിഫലത്തോട് നീതികാട്ടാനായില്ല.
പതിവ് മികവ് കാട്ടി പുരാന്‍
ആദ്യ രണ്ട് മത്സരത്തിലും വെടിക്കെട്ട് പ്രകടനം നടത്താന്‍ പുരാന് സാധിച്ചിരുന്നു. രണ്ട് തകര്‍പ്പന്‍ ഫിഫ്റ്റി നേടിയ പുരാന് പഞ്ചാബിനെതിരേ ഭേദപ്പെട്ട പ്രകടനം നടത്താനായി. പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടമായത് പുരാന് സമ്മര്‍ദ്ദം നല്‍കി. എങ്കിലും 30 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 44 റണ്‍സാണ് പുരാന് നേടാനായത്. യുസ് വേന്ദ്ര ചഹാലാണ് പുരാനെ പുറത്താക്കിയത്. വൈഡ് ഓഫ് സൈഡ് പന്തുകള്‍ എറിഞ്ഞ് പുരാനെ ചഹാല്‍ സമ്മര്‍ദ്ദത്തിലാക്കി.

സിക്‌സറിന് ശ്രമിച്ച പുരാനെ ഗ്ലെന്‍ മാക്‌സ് വെല്ലാണ് ക്യാച്ചിലൂടെ മടക്കിയത്. വെടിക്കെട്ട് താരം ഡേവിഡ് മില്ലര്‍ക്ക് പ്രതീക്ഷിച്ച നിലവാരം കാട്ടാനായില്ല. 18 പന്ത് നേരിട്ട് മൂന്ന് ഫോറടക്കം 19 റണ്‍സെടുത്ത ഡേവിഡ് മില്ലറെ മാര്‍ക്കോ യാന്‍സന്‍ വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിംറാന്‍ സിങ്ങിന്റെ കൈയിലെത്തിച്ചു. ആയുഷ് ബദോനി സമ്മര്‍ദ്ദ ഘട്ടത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 33 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 41 റണ്‍സാണ് ബദോനി നേടിയത്.
അര്‍ഷ്ദീപ് സിങ്ങാണ് ബദോനിയെ മടക്കിയത്. അബ്ദുല്‍ സമദ് നേരിട്ട ആദ്യ പന്ത് സിക്‌സര്‍ പറത്തിയാണ് തുടങ്ങിയത്. 12 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 27 റണ്‍സെടുത്താണ് സമദ് മടങ്ങിയത്. അര്‍ഷ്ദീപാണ് സമദിന്റെ കാമിയോ അവസാനിപ്പിച്ചത്. ശാര്‍ദ്ദുല്‍ ഠാക്കൂര്‍ മൂന്ന് റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഇതോടെ ഏഴ് വിക്കറ്റിന് 171 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് ലഖ്‌നൗ എത്തി.
ബൗളിങ്ങില്‍ തിളങ്ങി അര്‍ഷ്ദീപ്
പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്ങാണ് ബൗളിങ്ങില്‍ കൂടുതല്‍ തിളങ്ങിയത്. നാല് ഓവറില്‍ 43 റണ്‍സ് വിട്ടുകൊടുത്തെങ്കിലും മൂന്ന് വിക്കറ്റ് നേടാന്‍ അര്‍ഷ്ദീപിനായി. ലോക്കി ഫെര്‍ഗൂസന്‍, ഗ്ലെന്‍ മാക്‌സ് വെല്‍, മാര്‍ക്കോ യാന്‍സന്‍, യുസ് വേന്ദ്ര ചഹാല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

പഞ്ചാബിന് ഗംഭീര തുടക്കം
മറുപടിക്കിറങ്ങിയ പഞ്ചാബിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ 26 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ചപ്പോഴേക്കും പ്രിയന്‍ഷ് ആര്യ പുറത്തായി. 9 പന്തില്‍ ഒരു ഫോറടക്കം എട്ട് റണ്‍സാണ് പ്രിയന്‍ഷ് നേടിയത്. ദിഘ് വേഷ് റാത്തിയാണ് പ്രിയന്‍ഷിനെ മടക്കിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ പ്രഭ്‌സിംറാന്‍ സിങ്ങും ശ്രേയസ് അയ്യരും ചേര്‍ന്ന് പഞ്ചാബിന് അടിത്തറ പാകി. പ്രഭ്‌സിംറാന്‍ തല്ലിത്തകര്‍ത്തതോടെ പഞ്ചാബ് അതിവേഗം വിജയത്തിലേക്കടുത്തു. പവര്‍പ്ലേയില്‍ 62 റണ്‍സ് അടിച്ചെടുക്കാന്‍ പഞ്ചാബിന് സാധിച്ചു. 34 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 69 റണ്‍സെടുത്ത പ്രഭ്‌സിംറാന്‍ റാത്തിക്ക് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ 10.1 ഓവറില്‍ രണ്ട് വിക്കറ്റിന് 110 റണ്‍സെന്ന മികച്ച നിലയിലേക്ക് പഞ്ചാബ് എത്തിയിരുന്നു.
മികവ് തുടര്‍ന്ന് ശ്രേയസ് അയ്യര്‍
പ്രഭ്‌സിംറാന്‍ പുറത്തായ ശേഷം ആക്രമണത്തിന്റെ ചുമതല ശ്രേയസ് ഏറ്റെടുത്തു. ഇംപാക്ട് പ്ലയറായെത്തിയ നിഹാല്‍ വദേരയും താളം കണ്ടെത്തിയതോടെ പഞ്ചാബിന് കാര്യങ്ങള്‍ എളുപ്പമായി. ബാറ്റിങ് പ്രമോഷനോടെ എത്തിയ നിഹാല്‍ പതിയെയാണ് തുടങ്ങിയതെങ്കിലും പിന്നീട് തല്ലിത്തകര്‍ത്തു. ശ്രേയസ് അയ്യര്‍ 30 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 52 റണ്‍സോടെ പുറത്താവാതെ നിന്നു. നിഹാല്‍ വദേര 25 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 43 റണ്‍സോടെ ക്രീസില്‍ തുടര്‍ന്നു. ഇതോടെ 16.2 ഓവറില്‍ രണ്ട് വിക്കറ്റിന് 177 റണ്‍സുമായി പഞ്ചാബ് അനായാസം വിജയത്തിലേക്കെത്തി.
പ്ലേയിങ് 11
പഞ്ചാബ് കിങ്‌സ്- പ്രിയന്‍ഷ് ആര്യ, പ്രഭ്‌സിംറാന്‍ സിങ്, ശ്രേയസ് അയ്യര്‍ (c), ഗ്ലെന്‍ മാക്‌സ് വെല്‍, മാര്‍ക്കസ് സ്റ്റോയിണിസ്, ശശാങ്ക് സിങ്, സൂര്യന്‍ഷ് ഷെഡ്‌ജെ, മാര്‍ക്കോ യാന്‍സന്‍, യുസ്‌വേന്ദ്ര ചഹാല്‍, ലോക്കി ഫെര്‍ഗൂസന്‍, അര്‍ഷ്ദീപ് സിങ്
ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്- മിച്ചല്‍ മാര്‍ഷ്, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, റിഷഭ് പന്ത് (c), ആയുഷ് ബദോനി, ഡേവിഡ് മില്ലര്‍, അബ്ദുല്‍ സമദ്, ശാര്‍ദ്ദുല്‍ ഠാക്കൂര്‍, രവി ബിഷ്‌നോയ്, ദിഗ്‌വേഷ് റാത്തി, ആവേശ് ഖാന്‍