Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: രക്ഷകനായി വൈശാഖ്, ഗുജറാത്തിനെ പൂട്ടി പഞ്ചാബ്; ശ്രേയസ് പടക്ക് ത്രില്ലിങ് ജയം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് പഞ്ചാബ് കിങ്‌സ്. 11 റണ്‍സിനാണ് ശ്രേയസ് അയ്യരും സംഘവും ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അഞ്ച് വിക്കറ്റിന് 243 റണ്‍സെടുത്തപ്പോള്‍ ഗുജറാത്തിന് അഞ്ച് വിക്കറ്റിന് 232 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇംപാക്ട് ബൗളറായെത്തി മൂന്ന് ഓവറില്‍ 28 റണ്‍സ് വിട്ടുകൊടുത്ത വിജയകുമാര്‍ വൈശാഖിന്റെ ബൗളിങ് പഞ്ചാബിന് നിര്‍ണ്ണായകമായി. അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റുമായി തിളങ്ങി.

പഞ്ചാബിന്റെ തുടക്കം ഗംഭീരമായില്ല

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പഞ്ചാബ് കിങ്‌സിന്റെ തുടക്കം അത്ര മികച്ചതായില്ല. പ്രഭ്‌സിംറാന്‍ സിങ്ങും (5) പ്രിയന്‍ഷ് ആര്യയും (47) ചേര്‍ന്നാണ് പഞ്ചാബിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. വെടിക്കെട്ട് താരമായ പ്രഭ്‌സിംറാന് പ്രതീക്ഷിച്ച തുടക്കം നല്‍കാനായില്ല. എട്ട് പന്ത് നേരിട്ട് അഞ്ച് റണ്‍സെടുത്ത പ്രഭ്‌സിംറാനെ കഗിസോ റബാഡയാണ് പുറത്താക്കിയത്. പ്രിയന്‍ഷിനെ ആറ് റണ്‍സില്‍ പുറത്താക്കാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ കഗിസോ റബാഡയുടെ പന്തില്‍ ലഭിച്ച ക്യാച്ച് അര്‍ഷാദ് ഖാന്‍ പാഴാക്കി.

പവര്‍പ്ലേയില്‍ പഞ്ചാബിന് മികച്ച സ്‌കോര്‍

തുടക്കത്തിലേ പതറിയെങ്കിലും ശ്രേയസ് അയ്യരും പ്രിയന്‍ഷും ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയി. പവര്‍പ്ലേയില്‍ 73 റണ്‍സാണ് പഞ്ചാബ് അടിച്ചെടുത്തത്. ശ്രേയസ് പതിവില്‍ നിന്ന് വിപരീതമായി തുടക്കം മുതല്‍ ആക്രമണ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. പവര്‍പ്ലേയ്ക്ക് പിന്നാലെ പ്രിയന്‍ഷ് മടങ്ങി. 23 പന്ത് നേരിട്ട് ഏഴ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 47 റണ്‍സെടുത്ത പ്രിയന്‍ഷിനെ റാഷിദ് ഖാനാണ് പുറത്താക്കിയത്. സായ് സുദര്‍ശന്റെ ക്യാച്ചിലായിരുന്നു മടക്കം. പിന്നീട് ചെറിയ ഇടവേളയില്‍ പഞ്ചാബിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. അസ്മത്തുല്ല ഒമര്‍സായി 15 പന്തില്‍ 16 റണ്‍സെടുത്ത് മടങ്ങി.

രണ്ട് ഫോറും ഒരു സിക്‌സും പറത്തിയ ഒമര്‍സായിയെ സായി കിഷോര്‍ പുറത്താക്കി. തൊട്ടടുത്ത പന്തില്‍ സായ് കിഷോര്‍ ഗ്ലെന്‍ മാക്‌സ് വെല്ലിനെ ഗോള്‍ഡന്‍ ഡക്കാക്കി. സ്വീപ് ഷോട്ടിന് ശ്രമിച്ച മാക്‌സ് വെല്‍ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. പന്ത് സ്റ്റംപിന് മുകളിലൂടെയായിരുന്നു പോയിരുന്നത്. എന്നാല്‍ റിവ്യൂവെടുക്കാനുള്ള മാക്‌സ് വെല്ലിന്റെ തീരുമാനത്തെ നോണ്‍സ്‌ട്രൈക്കിലുണ്ടായിരുന്ന നായകന്‍ ശ്രേയസ് അയ്യര്‍ വിലക്കി. ഇതോടെ പഞ്ചാബിലേക്കുള്ള മടങ്ങിവരവില്‍ ഡക്കായി മാക്‌സ് വെല്ലിന് മടങ്ങേണ്ടി വന്നു. 19ാം തവണയും ഡക്കായി ഐപിഎല്ലില്‍ കൂടുതല്‍ തവണ ഡക്കാവുന്ന താരമായി മാക്‌സ് വെല്ലിന് മാറേണ്ടി വന്നു.

അടിച്ചുതകര്‍ത്ത് ശ്രേയസ് അയ്യര്‍

വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തോടെ പഞ്ചാബിന്റെ റണ്‍റേറ്റ് താഴാതെ ശ്രേയസ് അയ്യര്‍ നോക്കി. മാര്‍ക്കസ് സ്‌റ്റോയിണിസ് തുടങ്ങിയത് വലിയ പ്രതീക്ഷ നല്‍കിയാണ്. 15 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സുമടക്കം 20 റണ്‍സെടുത്ത സ്റ്റോയിണിസിനെ സായ് കിഷോറാണ് പുറത്താക്കിയത്. 27 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയ ശ്രേയസ് അതിവേഗം റണ്‍സുയര്‍ത്തി സെഞ്ച്വറിയോട് അടുത്തു. എന്നാല്‍ മറുവശത്ത് ശശാങ്ക് സിങ് സ്‌ട്രൈക്ക് കൈമാറാതെ തല്ലിത്തകര്‍ത്തു. സെഞ്ച്വറി നോക്കേണ്ടെന്നും ടീമിന് പ്രാധാന്യം നല്‍കണമെന്നുമുള്ള ശ്രേയസിന്റെ ഉപദേശം കേട്ടാണ് ശശാങ്ക് ഇത്തരത്തില്‍ കളിച്ചത്.

16 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 44 റണ്‍സോടെയാണ് ശശാങ്ക് മിന്നിച്ചത്. ഇതോടെ 42 പന്തില്‍ അഞ്ച് ഫോറും ഒമ്പത് സിക്‌സും ഉള്‍പ്പെടെ 97 റണ്‍സോടെ ശ്രേയസിന് മറുവശത്ത് തുടരേണ്ടി വന്നു. ഐപിഎല്ലിലെ കന്നി സെഞ്ച്വറി നേടാനുള്ള അവസരമാണ് ശ്രേയസ് ടീമിനുവേണ്ടി വേണ്ടെന്ന് വെച്ചത്. പഞ്ചാബിന്റെ നായകനായുള്ള ആദ്യ മത്സരത്തില്‍ത്തന്നെ ഞെട്ടിക്കാന്‍ ശ്രേയസിനായി. ഇതോടെ അഞ്ച് വിക്കറ്റിന് 243 എന്ന വമ്പന്‍ ടോട്ടല്‍ ഗുജറാത്തിന്റെ തട്ടകത്തില്‍ പടുത്തുയര്‍ത്താന്‍ പഞ്ചാബിനായി.

shreyas iyer

ഗുജറാത്ത് ബൗളര്‍മാര്‍ നിരാശപ്പെടുത്തി

ഗുജറാത്തിന്റെ ബൗളിങ് നിരയില്‍ സായ് കിഷോര്‍ മാത്രമാണ് ഭേദപ്പെട്ട് നിന്നത്. നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് സായ് കിഷോര്‍ നേടിയത്. റാഷിദ് ഖാന്‍ നാല് ഓവറില്‍ 48 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്. പ്രസിദ്ധ് കൃഷ്ണ മൂന്ന് ഓവറില്‍ 41 റണ്‍സാണ് വിട്ടുകൊടുത്തത്. അര്‍ഷാദ് ഖാന്‍ ഒരോവറില്‍ 21 റണ്‍സ് വഴങ്ങി. മുഹമ്മദ് സിറാജ് തീര്‍ത്തും നിരാശപ്പെടുത്തി. നാല് ഓവറില്‍ 54 റണ്‍സാണ് താരം വഴങ്ങിയത്. കഗിസോ റബാഡ നാല് ഓവറില്‍ 41 റണ്‍സ് വിട്ടുകൊടുത്താണ് ഒരു വിക്കറ്റ് നേടിയത്.

ഗുജറാത്തിന് മികച്ച തുടക്കം

244 എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഗുജറാത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. സായ് സുദര്‍ശനും നായകന്‍ ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ പവര്‍പ്ലേ അവസാനിക്കാന്‍ ഒരു പന്ത് ബാക്കി നില്‍ക്കെ ശുബ്മാന്‍ ഗില്‍ പുറത്തായി. 14 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 33 റണ്‍സെടുത്ത ഗില്ലിനെ ഗ്ലെന്‍ മാക്‌സ് വെല്ലാണ് പുറത്താക്കിയത്.

എന്നാല്‍ രണ്ടാം വിക്കറ്റിലൊത്തുചേര്‍ന്ന സുദര്‍ശനും ജോസ് ബട്‌ലറും സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയി. 41 പന്തില്‍ അഞ്ച് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 74 റണ്‍സെടുത്ത സായ് സുദര്‍ശനെ അര്‍ഷ്ദീപ് സിങ് പുറത്താക്കിയാണ് കൂട്ടുകെട്ട് പൊളിച്ചത്. കൃത്യ സമയത്ത് അര്‍ഷ്ദീപ് സിങ്ങിനെ കൊണ്ടുവന്ന നായകന്‍ ശ്രേയസ് അയ്യരുടെ നീക്കം ഫലം കണ്ടുവെന്ന് തന്നെ പറയാം.

ബട്‌ലറെ പുറത്താക്കി യാന്‍സന്‍

ജോസ് ബട്‌ലറും ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡും ചേര്‍ന്ന് ഗുജറാത്തിനായി പൊരുതി. എന്നാല്‍ വിജയകുമാര്‍ വൈശാഖിനെ ഇംപാക്ട് ബൗളറായി കൊണ്ടുവന്ന പഞ്ചാബിന്റെ നീക്കം ഫലം കണ്ടു. 33 പന്തില്‍ 4 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 54 റണ്‍സെടുത്ത ബട്‌ലറെ മാര്‍ക്കോ യാന്‍സന്‍ ക്ലീന്‍ബൗള്‍ഡാക്കിയത് മത്സരത്തില്‍ വഴിത്തിരിവായി.

വൈശാഖ് വൈഡ് യോര്‍ക്കറുകളിലൂടെ ഗുജറാത്തിനെ സമ്മര്‍ദ്ദത്തിലാക്കി. രാഹുല്‍ തെവാത്തിയ (6) അവസാന ഓവറിലെ ആദ്യ പന്തില്‍ റണ്ണൗട്ടായി. 28 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 46 റണ്‍സെടുത്ത ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡിനെ അര്‍ഷ്ദീപ് ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഇതോടെ പഞ്ചാബ് ജയമുറപ്പിച്ചു. ഒടുവില്‍ 11 റണ്‍സ് ജയം പഞ്ചാബിനൊപ്പം.

പ്ലേയിങ് 11

ഗുജറാത്ത് ടൈറ്റന്‍സ്- ശുബ്മാന്‍ ഗില്‍ (c), ജോസ് ബട്‌ലര്‍, സായ് സുദര്‍ശന്‍, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാത്തിയ, സായ് കിഷോര്‍, അര്‍ഷാദ് ഖാന്‍, റാഷിദ് ഖാന്‍, കഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ

പഞ്ചാബ് കിങ്‌സ്- പ്രഭ്‌സിംറാന്‍ സിങ്, പ്രിയന്‍ഷ് ആര്യ, ശ്രേയസ് അയ്യര്‍ (c), ശശാങ്ക് സിങ്, മാര്‍ക്കസ് സ്റ്റോയിണിസ്, ഗ്ലെന്‍ മാക്‌സ് വെല്‍, സൂര്യന്‍ഷ് ഷെഡ്‌ജെ, അസ്മത്തുല്ല ഒമര്‍സായി, മാര്‍ക്കോ യാന്‍സന്‍, അര്‍ഷ്ദീപ് സിങ്, യുസ് വേന്ദ്ര ചഹാല്‍

Story first published: Tuesday, March 25, 2025, 12:57 [IST]
Other articles published on Mar 25, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+