ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ പഞ്ചാബ് കിങ്‌സ് തനിക്കു വേണ്ടി മുടക്കിയ ഏഴു കോടി രൂപ വെറുതെയാവില്ലെന്നു വമ്പന്‍ റെക്കോര്‍ഡുമായി തെളിയിച്ചിരിക്കുകയാണ് സൗത്താഫ്രിക്കയുടെ പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സണ്‍. സൗത്താഫ്രിക്കന്‍ കുപ്പായത്തില്‍ ടെസ്റ്റ് ക്രിക്കറ്റിലാണ് ഇടംകൈയന്‍ പേസര്‍ ചരിത്രം കുറിച്ചിരിക്കുന്നത്. റെഡ് ബോള്‍ ക്രിക്കറ്റിന്റെ കഴിഞ്ഞ 120 വര്‍ഷത്തെ ചരിത്രത്തിനിടെ മറ്റൊരു ബൗളര്‍ക്കും സാധിക്കാത്ത അപൂര്‍വ്വ നേട്ടമാണ് യാന്‍സണെ തേടിയെത്തിയത്.
കഴിഞ്ഞ മെഗാ ലേലത്തില്‍ 1.25 കോടി രൂപയായിരുന്നു സൗത്താഫ്രിക്കന്‍ താരത്തിന്റെ അടിസ്ഥാന വില. എന്നാല്‍ ഇന്ത്യക്കെതിരേയുള്ള അവസാനത്തെ ടി20 പരമ്പരയില്‍ കസറിയതിനാല്‍ യാന്‍സണിനു ലേലത്തില്‍ വലിയ ഡിമാന്റുണ്ടാവുകയും ചെയ്തു. ഒടുവില്‍ ഏഴു കോടി രൂപ മുടക്കിയാണ് താരത്തെ പഞ്ചാബ് സ്വന്തമാക്കിയത്. ലേലം കഴിഞ്ഞ് ദിവസങ്ങള്‍ക്കകമാണ് മാജിക്കല്‍ ബൗളിങ് പ്രകടനത്തിലൂടെ സൗത്താഫ്രിക്കയുടെ ഹീറോയായി യാന്‍സണ്‍ മാറിയിരിക്കുന്നത്.

യാന്‍സണിന്റെ പ്രകടനം
ശ്രീലങ്കയുമായി ഇപ്പോള്‍ ഡര്‍ബനില്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലായിരുന്നു പന്ത് കൊണ്ട് മാര്‍ക്കോ യാന്‍സണിന്റെ വണ്‍മാന്‍ ഷോ. ആദ്യ ഇന്നിങ്‌സില്‍ ലങ്കന്‍ ടീം വെറും 42 റണ്‍സിനു പുറത്തായി നാണക്കേടിന്റെ റെക്കോര്‍ഡിട്ടപ്പോള്‍ അവരുടെ അന്തകനായത് യാന്‍സണാണ്.
10 വിക്കറ്റുകളില്‍ ഏഴും അദ്ദേഹം പോക്കറ്റിലാക്കി. 6.5 ഓവറില്‍ ഒരു മെയ്ഡനടക്കം 13 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഏഴു പേരെ പേസര്‍ മടക്കിയത്. വെറും 14 ഓവറിനുള്ളില്‍ ലങ്ക ഓള്‍ഔട്ടാവുകയും ചെയ്തു.
പതും നിസങ്ക (3), ദിനേഷ് ചണ്ഡിമല്‍ (0), ആഞ്ചലോ മാത്യൂസ് (1), ക്യാപ്റ്റന്‍ ധനഞ്ജയ ഡിസില്‍വ (7), പ്രഭാത് ജയസൂര്യ (0), വിശ്വ ഫെര്‍ണാണ്ടോ (0), അസിത ഫെര്‍ണാണ്ടോ (0) എന്നിവരാണ് യാന്‍സണിന്റെ ഇരകള്‍. ടെസ്റ്റ് ചരിത്രത്തില്‍ ലങ്കയുടെ ഏറ്റവും ചെറിയ ടീം ടോട്ടല്‍ കൂടിയാണ് ഈ മല്‍സരത്തിലെ 42 റണ്‍സ്.
1904നു ശേഷമാദ്യം
ഈ മല്‍സരത്തിലെ ബൗളിങ് പ്രകടനം മാര്‍ക്കോ യാന്‍സണിനെ ചരിത്രത്തിന്റെ ഭാഗ്യമാക്കി മാറ്റുകയും ചെയ്തിരിക്കുകയാണ്. ടെസ്റ്റിന്റെ ഒരിന്നിങ്‌സില്‍ ഏഴില്‍ താഴെ മാത്രം ഓവറുകള്‍ ബൗള്‍ ചെയ്ത ശേഷം ഏഴു വിക്കറ്റുകളെടുക്കാനായതാണ് അദ്ദേഹത്തെ വമ്പന്‍ റെക്കോര്‍ഡ് കുറിക്കാന്‍ സഹായിച്ചത്. 120 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ടെസ്റ്റില്‍ ഒരു ബൗളര്‍ക്കു ഇത്തരമൊരു അപൂര്‍വ്വനേട്ടം കുറിക്കാനായത്
ഇതിനു മുമ്പ് ഒരിക്കല്‍ മാത്രമേ റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇങ്ങനെയൊരു അദ്ഭുതം സംഭവിച്ചിട്ടുള്ളൂ. 1904ല്‍ ഇംഗ്ലണ്ടുമായി മെല്‍ബണില്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഹ്യൂഗ് ട്രംബിളിനാണ് ഇത്തരമൊരു റെക്കോര്‍ഡ് കുറിക്കാന്‍ സാധിച്ചത്. അന്നു 6.5 ഓവറില്‍ 28 റണ്‍സ് വഴങ്ങി അദ്ദേഹം ഏഴു പേരെ പുറത്താക്കുകയായിരുന്നു. ഇത്തവണ യാന്‍സണ്‍ അതിനേക്കാള്‍ 11 റണ്‍സ് കുറച്ചു വിട്ടുകൊടുത്താണ് ഏഴു വിക്കറ്റുകള്‍ കടപുഴക്കിയത്.

പിടിമുറുക്കി സൗത്താഫ്രിക്ക
മാര്‍ക്കോ യാന്‍സണിന്റെ അദ്ഭുത ബൗളിങ് പ്രകടനം ശ്രീലങ്കയുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആധിപത്യം നേടാനും സൗത്താഫ്രിക്കയെ സഹായിച്ചിരിക്കുകയാണ്. സൗത്താഫ്രിക്കയ്ക്കു ആദ്യ ഇന്നിങ്‌സില്‍ 191 റണ്‍സാണ് സ്‌കോര്‍ ചെയ്യാനായത്. ക്യാപ്റ്റന്‍ ടെംബ ബവുമ 70 റണ്‍സോടെ ടോപ്‌സ്‌കോററായി മാറുകയും ചെയ്തു. മറുപടിയിലാണ് ലങ്ക വെറും 42 റണ്‍സിനു കൂടാരം കയറിയത്.
149 റണ്‍സിന്റെ മികച്ച ലീഡ് കൈക്കലാക്കിയതിനു ശേഷം വീണ്ടും ബാറ്റിങിന് ഇറങ്ങിയ സൗത്താഫ്രിക്ക രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റിനു 132 റണ്‍സെടുത്തിട്ടുണ്ട്. ഏഴു വിക്കറ്റുകള്‍ ശേഷിക്കെ സൗത്താഫ്രിക്ക ഇപ്പോള്‍ 281 റണ്‍സിന്റെ മികച്ച ലീഡ് സ്വന്തമാക്കിക്കഴിഞ്ഞു.