മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ പുരോഗമിക്കുകയാണ്. ഐപിഎല്‍ എന്നത് കേവലം ഫ്രാഞ്ചൈസി ലീഗ് എന്നതിലുപരിയായി ഇന്ത്യന്‍ ടീമിലേക്കെത്താനുള്ള ചവിട്ടുപടിയായി മാറിയിട്ട് നാളുകളേറെയാണ്. ഇന്നത്തെ ഇന്ത്യന്‍ ടീമിലെ മിക്ക സൂപ്പര്‍ താരങ്ങളും ഐപിഎല്ലിലൂടെ കളിച്ച് മികവ് കാട്ടി ദേശീയ ടീമിലേക്കെത്തിയവരാണ്. ഇന്നത്തെ സൂപ്പര്‍ താരങ്ങളായ ജസ്പ്രീത് ബുംറയും റിഷഭ് പന്തും സഞ്ജു സാംസണും ഉള്‍പ്പെടെ ഈ പട്ടിക നീണ്ടുപോകും. ഐപിഎല്ലിലെ യുവ താരങ്ങളുടെ പ്രകടനത്തിലേക്ക് ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഉറ്റുനോക്കുകയാണെന്ന് പറയാം.
മിക്ക സീസണുകള്‍ക്ക് ശേഷവും ഇന്ത്യന്‍ ടീമിലേക്ക് ചില യുവ താരങ്ങളെത്താറുണ്ട്. ഈ സീസണിലും പ്രതീക്ഷ തെറ്റിക്കാതെ ചില യുവതാരങ്ങള്‍ മിന്നിക്കുന്നുണ്ട്. ഇവരില്‍ പലര്‍ക്കും ഇന്ത്യന്‍ ടീമിലേക്ക് വളരാനുള്ള അവസരമുണ്ട്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ യുവതാരങ്ങള്‍ക്കടക്കം കൂടുതല്‍ അവസരം നല്‍കി മികച്ച ടീമിനെ സൃഷ്ടിക്കാന്‍ ഇന്ത്യ ശ്രമിച്ചേക്കും. പരിശീലകനായ ഗൗതം ഗംഭീര്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്താന്‍ മടിയില്ലാത്ത പരിശീലകനാണ്.
അതുകൊണ്ടുതന്നെ ചില യുവതാരങ്ങള്‍ക്കെങ്കിലും ഈ ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് വിളി ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ സീസണിലെ പ്രകടനം വിലയിരുത്തി ഇന്ത്യന്‍ ടി20 ടീമിലേക്ക് വിളി ലഭിക്കാനും അരങ്ങേറ്റത്തിനുള്ള അവസരം ലഭിക്കാനും സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
പ്രിയന്‍ഷ് ആര്യ
ഈ സീസണില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന യുവതാരങ്ങളിലൊരാളാണ് പ്രിയന്‍ഷ് ആര്യ. ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ ഒരോവറിലെ ആറ് പന്തുകളും സിക്‌സര്‍ പറത്തി ഞെട്ടിച്ച യുവതാരമാണ് പ്രിയന്‍ഷ് ആര്യ. ഈ സീസണില്‍ പഞ്ചാബ് കിങ്‌സിനൊപ്പം ഐപിഎല്‍ അരങ്ങേറ്റം നടത്തിയ പ്രിയന്‍ഷ് ഇതിനോടകം പ്രതിഭ തെളിയിച്ച് കഴിഞ്ഞു. എട്ട് മത്സരത്തില്‍ നിന്ന് 254 റണ്‍സാണ് പ്രിയന്‍ഷ് നേടിയത്. ഒരു സെഞ്ച്വറിയാണ് താരം അടിച്ചെടുത്തത്. മിക്ക മത്സരങ്ങളിലും വെടിക്കെട്ട് തുടക്കം നല്‍കാന്‍ താരത്തിനായിട്ടുണ്ട്. അനുഭവസമ്പത്തിന്റെ കുറവുണ്ടെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് വളരാന്‍ പ്രതിഭയുണ്ട്.

ഇന്ത്യക്കായി ഇതിനോടകം ടോപ് ഓഡറില്‍ മിന്നിക്കുന്ന പല താരങ്ങളുമുണ്ട്. ഇവര്‍ക്ക് വെല്ലുവിളിയായി പ്രിയന്‍ഷ് ആര്യ ദേശീയ ടീമിലേക്ക് വളരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഗൗതം ഗംഭീര്‍ ഇത്തരത്തില്‍ വെടിക്കെട്ട് നടത്തുന്ന യുവതാരങ്ങളെ വളരെയധികം പിന്തുണക്കുന്ന താരമാണ്. ഈ സീസണിന് ശേഷം ഇന്ത്യ ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ളവരിലൊരാളാണ് പ്രിയന്‍ഷ് ആര്യയെന്ന് നിസംശയം പറയാം.
പ്രഭ്‌സിംറാന്‍ സിങ്
വെടിക്കെട്ട് തുടക്കം നല്‍കുന്ന ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് പ്രഭ്‌സിംറാന്‍ സിങ്. ഇന്ത്യയുടെ എ ടീമിനൊപ്പവും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം ഇതിനോടകം ശോഭിക്കാന്‍ പ്രഭ്‌സിംറാന് സാധിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനൊപ്പം ഭേദപ്പെട്ട പ്രകടനം നടത്താന്‍ പ്രഭ്‌സിംറാന് സാധിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഓപ്പണര്‍ സ്ഥാനത്തിനായി കടുത്ത മത്സരമാണ്. എന്നാല്‍ വലം കൈയന്‍ ഓപ്പണര്‍മാരെക്കാള്‍ ഇടം കൈയന്മാരാണ് കൂടുതല്‍. വീരേന്ദര്‍ സെവാഗടക്കം പ്രശംസിച്ചിട്ടുള്ള താരമാണ് പ്രഭ്‌സിംറാന്‍. ഐപിഎല്ലില്‍ സെഞ്ച്വറിയടക്കം നേടിയിട്ടുള്ള താരത്തിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
നിഹാല്‍ വദേര
ഇത്തവണ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടുന്ന താരങ്ങളിലൊരാളാണ് നിഹാല്‍ വദേര. മധ്യനിരയില്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ നിഹാല്‍ വദേരക്ക് കഴിവുണ്ട്. ഏഴ് മത്സരത്തില്‍ നിന്ന് 189 റണ്‍സാണ് ഈ സീസണില്‍ താരം നേടിയത്. ഇത്തവണ പഞ്ചാബ് കിങ്‌സിനൊപ്പമാണ് നിഹാല്‍. തല്ലിത്തകര്‍ക്കുന്ന താരം സമ്മര്‍ദ്ദ ഘട്ടത്തിലും മികവ് കാട്ടാന്‍ ശേഷിയുള്ളവനാണ്. അതുകൊണ്ടുതന്നെ നിഹാലിനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതകളുണ്ട്. ഇന്ത്യയുടെ മധ്യനിരയിലെ മിക്ക യുവ താരങ്ങളും മോശം ഫോമില്‍ കളിക്കവെ വദേരക്ക് അവസരം ലഭിക്കാന്‍ സാധ്യതകളേറെയാണ്.