ഐപിഎല്ലിന്റെ ഓരോ സീസണുകളിലും പ്രതിഭാശാലികളായ നിരവധി യുവതാരങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്. ഇത്തവണയും ഇതില്‍ മാറ്റമൊന്നുമില്ല. ബാറ്റിങിലും ബൗൡങിലുമെല്ലാം ഒരുപാട് പ്രതീക്ഷകള്‍ നല്‍കുന്ന ഇന്ത്യന്‍ താരങ്ങളെ നമുക്കു കാണാന്‍ സാധിച്ചു. ഇവരില്‍ ചിലരാവട്ടെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരമായി മാറാന്‍ ശേഷിയുള്ളവരുമാണ്. പുതിയ കളിക്കാരുടെ വരവ് ഏറ്റവമധികം സന്തോഷിപ്പിക്കുക ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനെ തന്നെയായിരിക്കും.
കാരണം ടീമിനെയും അതോടൊപ്പം കോച്ചെന്ന നിലയില്‍ തന്നെയും വലിയ നേട്ടങ്ങളിലേക്കു നയിക്കാന്‍ സാധിക്കുന്ന മാച്ച് വിന്നര്‍മാര്‍ ഇക്കൂട്ടത്തിലുണ്ടെന്നു അദ്ദേഹത്തിനറിയാം. ഐപിഎല്ലിനു ശേഷം വരാനിരിക്കുന്ന ടി20 പരമ്പരകൡ ഇവരില്‍ ചിലരെ ഇന്ത്യന്‍ ടീമിലേക്കു തീര്‍ച്ചയായും വിളിക്കാനിടയുണ്ട്. ഗംഭീര്‍ നോട്ടമിട്ട വച്ചിട്ടുള്ള ഈ താരങ്ങള്‍ ആരൊക്കെയാവുമെന്നു നമുക്കു നോക്കാം.

ആര്‍ക്കെല്ലാം കോളെത്തും?
ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കസറുന്ന പല ഇന്ത്യന്‍ താരങ്ങളെയും നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. അക്കൂട്ടത്തില്‍ ഗൗതം ഗംഭീര്‍ നോട്ടമിട്ടു വച്ച രണ്ടു പേര്‍ പഞ്ചാബ് കിങ്‌സിന്റെ ഓപ്പണിങ് ജോടികളായ പ്രഭ്‌സിമ്രന്‍ സിങും പ്രിയാന്‍ഷ് ആര്യയുമായിരിക്കും. സീസണിലുടനീളം അഗ്രസീവ് ബാറ്റിങിലൂടെ ടീമിനു സ്‌ഫോടനാത്മക തുടക്കം നല്‍കാന്‍ ഇവര്‍ക്കായിരുന്നു.
പോയിന്റ് പട്ടകിയില്‍ ഇപ്പോള്‍ ടോപ്പ് ഫോറിലുള്ള പഞ്ചാബ് പ്ലേഓഫിനു തൊട്ടരികിലെത്തി നില്‍ക്കുന്നതിനു പ്രധാ കാരണം ഈ ജോടികളാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൂടിയായ പ്രഭ്‌സിമ്രന്‍ ഇപ്പോള്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഏഴാമതുണ്ട്. 11 മല്‍സരങ്ങളില്‍ നിന്നും 170.03 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം 437 റണ്‍സ് നേടിക്കഴിഞ്ഞു. നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും.
നിലവില്‍ സഞ്ജു സാംസണാണ് ടി20യില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും ഓപ്പണറുമായി കളിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ബാക്കപ്പായി ടി20 ടീമിലേക്കു പ്രഭസിമ്രനെ ഗംഭീര്‍ കൊണ്ടുവന്നേക്കും. സഞ്ജുവിന്റെ അതേ ശൈലിയില്‍ അതിവേഗം സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം.
പ്രിയാന്‍ഷിന്റെ കാര്യമെടുത്താല്‍ ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ കന്നി സീസണാണിത്. എന്നാല്‍ അതിശയിപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് ഈ ഇടംകൈയന്‍ ബാറ്റര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്ത താരങ്ങളുടെ ലിസ്റ്റില്‍ അദ്ദേഹം 15ാംസ്ഥാനത്തുണ്ട്. 11 മല്‍സരളില്‍ നിന്നും 192.77 സ്‌ട്രൈക്ക് റേറ്റില്‍ പ്രിയാന്‍ഷ് നേടിയത് 347 റണ്‍സാണ്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. ടി20യില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണറായി പ്രിയാന്‍ഷിനെ വൈകാതെ കാണാനായേക്കും.
ഗുജറാത്ത് ടൈറ്റന്‍സിന്റെ ഇടംകൈയന്‍ ഓപ്പണര്‍ സായ് സുദര്‍ശനാണ് ഇന്ത്യന്‍ ടീമിലേക്കു കോള്‍ ലഭിക്കാനിടയുള്ള മൂന്നാമത്തെയാള്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതിനകം അരങ്ങേറിയ താരമാണ് അദ്ദേഹം. പക്ഷെ മികച്ച പ്രകടനം നടത്തിയിട്ടും സായ്ക്കു തുടരെ അവസരങ്ങള്‍ ലഭിച്ചില്ല. ഈ ഐപിഎല്ലില്‍ ജിടിക്കു വേണ്ടി വലിയ റണ്‍വേട്ടയുമായി ടീമിലേക്കു അദ്ദേഹം അവകാശവാദമുന്നയിച്ചിരിക്കുകയാണ്.

11 കളിയില്‍ നിന്നും 509 റണ്‍സോടെ ഓറഞ്ച് ക്യാപ്പിനായുള്ള പോാരാട്ടത്തില്‍ സായ് രണ്ടാമതുണ്ട്. അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ അദ്ദേഹം ഇതിനകം നേടിക്കഴിഞ്ഞു. ബാറ്ററെന്ന നിലയില്‍ സായിയുടെ സ്ഥിരതയാണ് ഇതു അടിവരയിടുന്നത്. സായിയെ വീണ്ടും ഇന്ത്യന്‍ കുപ്പായത്തില്‍ നമുക്കു ഉടനെ പ്രതീക്ഷിക്കാം.
ബൗളിങിലേക്കു വന്നാല്‍ അവിടെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പേസര്‍ വൈഭവ് അറോറയ്ക്കാണ് ഏറ്റവുമധികം പ്രതീക്ഷയ്ക്കു വകയുള്ളത്. 11 മല്‍സരങ്ങളില്‍ നിന്നും 16 വിക്കറ്റുകളുമായി അദ്ദേഹം തകര്‍പ്പന്‍ ഫോമിലാണ്. ഗുജറാത്ത് ടൈറ്റന്‍സ് സ്പിന്നര്‍ ആര്‍ സായി കിഷോറും വളരെയധികം പ്രതീക്ഷ നല്‍കുന്ന ബൗളറാണ്. 11 കളിയില്‍ നിന്നും 8.37 ഇക്കോണമി റേറ്റില്‍ 14 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.