ചണ്ഡീഗഡ്: സഞ്ജു സാംസണ്‍ നായകനായി തിരിച്ചെത്തിയപ്പോള്‍ ഐപിഎല്ലില്‍ അപരാജിത കുതിപ്പ് നടത്തിയ പഞ്ചാബ് കിങ്‌സിനെ തകര്‍ത്തെറിഞ്ഞിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ 50 റണ്‍സിന്റെ വമ്പന്‍ വിജയമാണ് റോയല്‍സ് സ്വന്തമാക്കിയത്.
206 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് പഞ്ചാബിനു റോയല്‍സ് നല്‍തിയത്. പക്ഷെ ശ്രേയസ് അയ്യര്‍ക്കും സംഘത്തിനും ഇതു താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഒമ്പതു വിക്കറ്റിനു 155 റണ്‍സുമായി അവര്‍ മല്‍സരം അടിയറവച്ചു.
സീസണില്‍ റോയല്‍സിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ വിജയം കൂടിയാണിത്. ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും തോറ്റു കൊണ്ടാണ് റോയല്‍സ് തുടങ്ങിയത്. എന്നാല്‍ മൂന്നാങ്കത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീഴ്ത്തി തോല്‍വിക്കു ബ്രേക്കിട്ട അവര്‍ ഇപ്പോള്‍ പഞ്ചാബിനെയും തുരത്തി ടൂര്‍ണമെന്റിലേക്കു ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയത്.

പവര്‍പ്ലേയില്‍ കളി തീര്‍ന്നു
206 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നതിനാല്‍ തന്നെ മികച്ചൊരു തുടക്കം പഞ്ചാബ് കിങ്‌സിനു ആവശ്യമായിരുന്നു. പക്ഷെ അവര്‍ക്കു അതു ലഭിച്ചില്ല. ഇന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ പ്രിയാഷ് ആര്യയെ ക്ലീന്‍ ബൗള്‍ഡാക്കിയ ജോഫ്ര ആര്‍ച്ചര്‍ വലിയ ഷോക്കാണ് പഞ്ചാബിനു നല്‍കിയത്.
തുടര്‍ന്നു ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ആദ്യ ബോളില്‍ ബൗണ്ടറിയടിച്ചാണ് തുടങ്ങിയത്. നാലാമത്തെ ബോളില്‍ അദ്ദേഹം വീണ്ടുമൊരു സിക്‌സര്‍ പറത്തി. എന്നാല്‍ അവസാന ബോൡല്‍ ശ്രേയസിനെ ബൗള്‍ഡാക്കി ആര്‍ച്ചറുടെ മാസ് മറുപടി (11-2). മാര്‍ക്കസ് സ്റ്റോയ്‌നിസ് (1), പ്രഭ്‌സിമ്രന്‍ സിങ് (17) എന്നിവരും ഏഴോവറിനിടെ മടങ്ങിയതോടെ പഞ്ചാബ് നാലിനു 43ലേക്കും കൂപ്പുകുത്തി.
മധ്യനിരയില്‍ നെഹാല്‍ വദേരയും (62) ഗ്ലെന്‍ മാക്‌സ്വെല്ലും (30) പൊരുതിയെങ്കിലുമ ഈ ജോടി പിരിഞ്ഞതോടെ റോയല്‍സ് വിജയമുറപ്പാക്കുകയും ചെയ്തു. 41 ബോളില്‍ നാലു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് വദേരയുടെ ഇന്നിങ്‌സ്. മാക്‌സി 21 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറുമടിച്ചു. മൂന്നു വിക്കറ്റുകളെടുത്ത ജോഫ്ര ആര്‍ച്ചറാണ് പഞ്ചാബിനെ തകര്‍ത്തത്. സന്ദീപ് ശര്‍മയും മഹീഷ് തീക്ഷണയും രണ്ടു വിക്കറ്റുകളും പോക്കറ്റിലാക്കി.
കരുത്തുകാട്ടി റോയല്‍സ്
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് നാലു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 205 റണ്‍സെന്ന വലിയ ടോട്ടലിലെത്തിയത്. യശസ്വി ജയ്‌സ്വാളിന്റെ (67) സീസണിലെ ആദ്യ ഫിഫ്റ്റിയും റിയാന്‍ പരാഗ് (43*), നായകന്‍ സഞ്്ജു സാംസണ്‍ (38) എന്നിവരുടെ പ്രകടനങ്ങളുമാണ് റോയല്‍സിനു കരുത്തായത്.
ഓപ്പണിങ് വിക്കറ്റില്‍ സഞ്ജു- ജയ്‌സ്വാള്‍ ജോടി 89 റണ്‍സിന്റെ ശക്തമായ അടിത്തറയിട്ടിരുന്നു. 45 ബോളില്‍ അഞ്ചു സിക്‌സറും മൂന്നു ഫോറുമുള്‍പ്പെടെയാണ് ജയ്‌സ്വാള്‍ ടീമിന്റെ നെടുംതൂണായത്. പരാഗ് 25 ബോളില്‍ മൂന്നു വീതം ഫോറും സിക്‌സറുമടിച്ചപ്പോള്‍ സഞ്ജു 26 ബോളില്‍ ആറു ഫോറുകളുുമടിച്ചു.

ടോസിനു ശേഷം പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബൗളിങ് തിരഞ്ഞെടുത്തിരിക്കുകയാണ്. കഴിഞ്ഞ കളിയിലെ അതേ ടീമിനെ പഞ്ചാബ് നിലനിര്‍ത്തിയപ്പോള്‍ റോയല്‍സ് ടീമില്‍ ഒരു മാറ്റം വരുത്തി. തുഷാര്‍ ദേശ്പാണ്ഡെയ്ക്കു പകരം യുധ്‌വീര്‍ ചരാക്ക് ടീമിലേക്കു വന്നു.
റോയല്‍സിനു ആഗ്രഹിച്ചതു പോലെയൊരു തുടക്കമല്ല ലഭിച്ചത്. ആദ്യത്തെ മൂന്നു കളിയിലും റിയാന്‍ പരാഗാണ് അവരെ നയിച്ചത്. സഞ്ജുവിനു വിക്കറ്റ് കീപ്പിങില്‍ ബിസിസിഐയുടെ ക്ലിയറന്‍സ് ലഭിക്കാത്തതു കാരണമാണ് പരാഗിനു താല്‍ക്കാലിക ക്യാപ്റ്റന്‍സി നല്‍കിയത്.
ടീമിനെ നയിച്ചില്ലെങ്കിലും ഇംപാക്ട് പ്ലെയറുടെ റോളില്‍ മൂന്നു കളിയിലും ഓപ്പണറായി സഞ്ജു ഇറങ്ങുകയും ചെയ്തിരുന്നു. പരാഗിനു കീഴില്‍ തപ്പിത്തടഞ്ഞ റോയല്‍സ് ഇനി സഞ്ജുവിനു കീഴില്‍ ശക്തമായ തിരിച്ചുവരവ് നടത്തുമോയെന്നാണ അറിയേണ്ടത്.
ഈ സീസണില്‍ പഞ്ചാബിന്റെ ആദ്യ എതിരാളികള്‍ ശുഭ്മന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സായിരുന്നു. ജിടിയുടെ തടക്കമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ റണ്‍മഴ പെയ്ത ത്രില്ലറില്‍ പഞ്ചാബ് 11 റണ്‍സിനു ജയിച്ചുകയറുകയായിരുന്നു. 244 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ജിടിക്കു പഞ്ചാബ് നല്‍കിയത്. അവര്‍ ഇതേ നാണയത്തില്‍ തിരിച്ചടിച്ചെങ്കിലും അഞ്ചു വിക്കറ്റിനു 232 റണ്‍സെടുത്ത് പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.
രണ്ടാമങ്കത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സായിരുന്നു പഞ്ചാബിന്റെ എതിരാളികള്‍. എല്‍എസ്ജിയുടെ തട്ടകത്തില്‍ നടന്ന എകപക്ഷീയമായ കളിയില്‍ എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. എല്‍എസ്ജി നല്‍കിയ 172 റണ്‍സിന്റെ വിജയലക്ഷ്യം വെറും 16.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് പഞ്ചാബ് മറികടന്നത്.
അതേസമയം, വന്‍ പരാജയമാണ് പരാഗിനു കീഴില്‍ സീസണിലെ ആദ്യ മല്‍സരത്തില്‍ റോയല്‍സിനു നേരിടേണ്ടി വന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു അവരുടെ ഗ്രൗണ്ടില്‍ 44 റണ്‍സിനു റോയസ് കീഴങ്ങുകയായിരുന്നു. 287 റണ്‍സെന്ന റെക്കോര്‍ഡ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സ് ആറു വിക്കറ്റിനു 242 റണ്‍സുമായി മല്‍സരം അടിയറ വയ്ക്കുകയായിരുന്നു.
രണ്ടാം റൗണ്ടില്‍ നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു എട്ടു വിക്കറ്റിനും റോയല്‍സ് തകര്‍ന്നടിഞ്ഞു. റോയല്‍സ് നല്‍കിയ 152 റണ്‍സിന്റെ വിജയലക്ഷ്യം 17.3 ഓവറില്‍ കെകെആര്‍ മറികടക്കുകയായിരുന്നു. എന്നാല്‍ അവസാന കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീഴ്ത്തി റോയല്‍സ് ടൂര്‍ണമെന്റിലേക്കു തിരിച്ചുവന്നു. ആറു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് അവര്‍ നേടിയത്.
ഇന്നത്ത കളിയിലെ പ്ലെയിങ് 11
പഞ്ചാബ് കിങ്‌സ്- പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രന്‍ സിങ് (വിക്കറ്റ് കീപ്പര്‍) ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ശശാങ്ക് സിങ്, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ഗ്ലെന്‍ മാക്‌സ്വെല്‍, സൂര്യാന്‍ഷ് ഹെഡ്‌ഗെ, മാര്‍ക്കോ യാന്‍സണ്‍, ലോക്കി ഫെര്‍ഗൂസന്‍, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്.
രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, വനിന്ദു ഹസരംഗ, ജോഫ്ര ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, സന്ദീപ് ശര്‍മ, യുധ്‌വീര്‍ ചരാക്ക്, കുമാര്‍ കാര്‍ത്തികേയ.