ചണ്ഡീഗഡ്: ഐപിഎല്ലിന്റെ 18ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കഷ്ടകാലം ഉടനെയൊന്നും അവസാനിക്കുമെന്നു തോന്നുന്നില്ല. തുടര്‍ച്ചയായി നാലാമത്തെ കളിയിലും ചെന്നൈ പരാജയത്തിലേക്കു കൂപ്പുകുത്തിയിരിക്കുകയാണ്.
പഞ്ചാബ് കിങ്‌സിനോടു 18 റണ്‍സിനാണ് ചെന്നൈ കീഴടങ്ങിയത്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി എല്ലാ മേഖലയിലും ചെന്നൈ വീണ്ടും നിരാശപ്പെടുത്തിയ മല്‍സരമാണിത്, പതിവുപോലെ ഈ കളിയിലും ക്യാച്ചുകള്‍ പാഴാക്കുന്നത് ചെന്നൈ തുടര്‍ന്നു.
യുവ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയുടെ (42 ബോളില്‍ 103) വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തില്‍ 220 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ചെന്നൈക്കു പഞ്ചാബ് നല്‍കിയത്. അഞ്ചു വിക്കറ്റിനു 201 റണ്‍സുമായി സിഎസ്‌കെ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.

ചെന്നൈയുടെ റണ്‍ചേസ്
റണ്‍ചേസില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിരയില്‍ ഏറ്റവും മികച്ചുനിന്നത് ഓപ്പണര്‍ ഡെവന്‍ കോണ്‍വേയായിരുന്നു. 69 റണ്‍സുമായി അദ്ദേഹം ടീമിന്റെ അമരക്കാരനായി മാറി. 49 ബോളുകള്‍ നേരിട്ട കോണ്‍വേ ആറു ഫോറും രണ്ടു സിക്‌സറുമടിച്ചു. ഒടുവില്‍ റിട്ടയേര്‍ഡ് ഔട്ടായി കോണ്‍വേ ക്രീസ് വിടുകയായിരുന്നു. ശിവം ദുബെ (42), രചിന്‍ രവീന്ദ്ര (36), എംഎസ് ധോണി (27) എന്നിവരാണ് ചെന്നൈയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.
സീസണിലാദ്യമായി ഓപ്പണിങ് ജോടികള്‍ മികച്ച തുടക്കമാണ് ചെന്നൈക്കു നല്‍കിയത്. ആദ്യ വിക്കറ്റില്‍ കോണ്‍വേ- രചിന്‍ ജോടി 61 റണ്‍സ് നേടിയിരുന്നു. പക്ഷെ രണ്ടു റണ്‍സിനിടെ രചിനും ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദും (1) പുറത്തായതോടെ ചെന്നൈ ഞെട്ടി. മൂന്നാം വിക്കറ്റില്‍ കോണ്‍വേ- ദുബെ സഖ്യം 89 റണ്‍സിന്റെ കൂട്ടുകെട്ടുമായി ചെന്നൈയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു.
എന്നാല്‍ ദുബെ പുറത്തായത് ചെന്നൈയ്ക്കു ക്ഷീണമായി. 12 ബോളില്‍ മൂന്നു സിക്‌സറും ഒരു ഫോറുമായി ധോണി അവസാന ഓവറുകൡ ആഞ്ഞടിച്ചെങ്കിലും അഞ്ചു വിക്കറ്റിനു 201 റണ്‍സുമായി ചെന്നൈ പോരാട്ടം അവസാനിപ്പിക്കുകയും ചെയ്തു.
പ്രിയാന്‍ഷ് ഷോ
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത് യുവ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയുടെ കിടിലന്‍ സെഞ്ച്വറിയാണ്. വ്യക്തിഗത സ്‌കോര്‍ ആറില്‍ വച്ചും 73ല്‍ വച്ചും ആയുസ് നീട്ടിക്കിട്ടിയ അദ്ദേഹം 103 റണ്‍സുമായാണ് ഇതു മുതലെടുത്തത്. 42 ബോളുകള്‍ നേരിട്ട പ്രിയാന്‍ഷിന്റെ ഇന്നിങ്‌സില്‍ ഏഴു ഫോറും ഒമ്പതു സിക്‌സറുമുള്‍പ്പെട്ടിരുന്നുയ. ശശാങ്ക് സിങ് (52*), മാര്‍ക്കോ യാന്‍സണ്‍ (34*) എന്നിവരും ബാറ്റിങില്‍ നിര്‍ണാക സംഭാവനകള്‍ നല്‍കി.
ബാറ്റിങില്‍ മറ്റുള്ളവരൊന്നും തന്നെ തിളങ്ങിയില്ല. പ്രഭ്‌സിമ്രന്‍ സിങ് (0), നായകന്‍ ശ്രേയസ് അയ്യര്‍ (9), മാര്‍ക്കസ് സ്റ്റോയ്‌നിസ് (4), നെഹാല്‍ വദേര (9), ഗ്ലെന്‍ മാക്‌സ്വെല്‍ (1) എന്നിവരെല്ലാം ഫ്‌ളോപ്പായി മാറി. ക്രീസിന്റെ മറുഭാഗത്തു വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നെങ്കിലും പ്രിയാന്‍ഷ് തന്റെ അഗ്രസീവ് ബാറ്റിങില്‍ നിന്നും ഒട്ടും പിറകിലേക്കു പോയില്ല. വെറും 39 ബോളിലാണ് അദ്ദേഹം കന്നി സെഞ്ച്വറി തികച്ചത്. ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ അഞ്ചാമത്തെ സെഞ്ച്വറി കൂടിയാണിത്.

എട്ടാം ഓവറില്‍ അഞ്ചാമനായി മാക്‌സ്വെല്‍ പുറത്തായപ്പോള്‍ പഞ്ചാബ് അഞ്ചു വിക്കറ്റിനു 83 റണ്‍സെന്ന നിലയിലേക്കു തകര്‍ന്നിരുന്നു. എന്നാല്‍ ആറാം വിക്കറ്റില്‍ ശശാങ്കിനൊപ്പം 68 റണ്‍ലിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ പഞ്ചാബിന്റെ ടോട്ടല്‍ 150 കടക്കുകയും ചെയ്തു.
14ാം ഓവറില്‍ പ്രിയാന്‍ഷ് മടങ്ങിയ ശേഷം ശശാങ്കും യാന്‍സനും ചേര്‍ന്ന് ടീമിനെ 200 കടത്തുകയും ചെയ്തു. അപരാജിതമായ ഏഴാം വിക്കറ്റില്‍ 65 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ചെന്നൈക്കു വേണ്ടി ഖലീല്‍ അഹമ്മദും ആര്‍ അശ്വിനും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.
റണ്‍മഴ കണ്ട ത്രില്ലറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 11 റണ്‍സിനു തോല്‍പ്പിച്ചാണ് പഞ്ചാബ് ഈ സീസണില്‍ അക്കൗണ്ട് തുറന്നത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തി. ശ്രേയസിന്റെ (97) ഇന്നിങ്‌സാണ് അവരെ ഇതിനു സഹായിച്ചത്. മറുപടിയില്‍ ജിടിയും ഇതേ നാണയത്തില്‍ തിരിച്ചടിച്ചെങ്കിലും അഞ്ചു വിക്കറ്റിനു 232 റണ്‍സുമായി പോരാട്ടമവസാനിപ്പിച്ചു.
രണ്ടാം റൗണ്ടില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ എട്ടു വിക്കറ്റിനു പഞ്ചാബ് തുരത്തി. ആദ്യം ബാറ്റ് ചെയ്ത എല്‍എസ്ജി ഏഴു വിക്കറ്റിനു 171 റണ്‍സ് നേടിയപ്പോള്‍ പഞ്ചാബ് വെറും 16.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയത്തിലേക്കു കുതിച്ചെത്തുകയും ചെയ്തു. എന്നാല്‍ അവസാന കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനു മുന്നില്‍ പഞ്ചാബിനു അടിതെറ്റി. 206 റണ്‍സിന്റെ ലക്ഷ്യത്തിലേക്കു ബാറ്റ് ചെയ്ത പഞ്ചാബിനു ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
അതേസമയം, റുതുരാജ് ഗെയ്ക്വാദിനു കീഴില്‍ ഈ സീസണില്‍ പരിതാപകരമായ പ്രകടനമാണ് സിഎസ്‌കെ നടത്തിക്കൊണ്ടിരിക്കുന്നത്. എല്‍ ക്ലാസിക്കോ പോരില്‍ മുംബൈ ഇന്ത്യന്‍സിനെ നാലു വിക്കറ്റിനു തോല്‍പ്പിച്ചുകൊണ്ടായിരുന്നു ചെന്നൈയുടെ തുടക്കം. മുംബൈ ടീം നല്‍കിയ 156 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ചു ബോളും നാലു വിക്കറ്റുകളും ശേഷിക്കെ ചെന്നൈ മറികടക്കുകയായിരുന്നു.
പക്ഷെ അതിനു ശേഷം അവര്‍ക്കു അടിതെറ്റുകയായിരുന്നു. തുടരെ മൂന്നു തോല്‍വികളാണ് ചെന്നൈക്കു നേരിട്ടത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ 50 റണ്‍സിനാണ് അവര്‍ കീഴടങ്ങിയത്. ഈ വേദിയില്‍ ആര്‍സിബിയോടു ഐപിഎല്ലില്‍ തോല്‍വി നേരിട്ടത് ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു. 197 റണ്‍സിന്റെ വലിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ തകര്‍ന്നടിഞ്ഞു. എട്ടു വിക്കറ്റിനു 146 റണ്‍സ് മാത്രമേ അവര്‍ക്കു നേടാനായുള്ളൂ.
അതിനു ശേഷം മൂന്നാം റൗണ്ടില്‍ രാജസ്ഥാന്‍ റോയല്‍സിനു മുന്നിലും ചെന്നൈക്കു അടിതെറ്റി. ആറു റണ്‍സിന്റെ നേരിയ മാര്‍ജിനിലാണ് അവര്‍ കളി കൈവിട്ടത്. റോയല്‍സിന്റെ തട്ടകത്തില്‍ നടന്ന കളിയില്‍ 183 റണ്‍സാണ് സിഎസ്‌കെയ്ക്കു വേണ്ടിയിരുന്നത്. ഇത്ത വണ അവര്‍ നന്നായി പൊരുതിയെങ്കിലും ആറു വിക്കറ്റിന് 176 റണ്‍സാണ് നേടാനായത്.
അവസാന മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേയും സിഎസ്‌കെ ടീം ക്ലിക്കായില്ല. 25 റണ്‍സിനു റുതുരാജും സംഘവും മല്‍സരം കൈവിടുകയായിരുന്നു. 184 റണ്‍സായിരുന്നു ഹാട്രിക്ക് തോല്‍വിയൊഴിവാക്കാന്‍ ചെന്നൈയ്ക്കു വേണ്ടിയിരുന്നത്. പക്ഷെ എടുക്കാനായത് അഞ്ചു വിക്കറ്റിനു 158 റണ്‍സ് മാത്രം.
ഇന്നത്തെ കളിയിലെ 11
പഞ്ചാബ് കിങ്‌സ്- പ്രിയാന്‍ഷ് ആര്യ, പ്രഭ്സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), മാര്‍ക്കസ് സ്റ്റോയിനിസ്, നെഹാല്‍ വധേര, ഗ്ലെന്‍ മാക്സ്വെല്‍, ശശാങ്ക് സിംഗ്, മാര്‍ക്കോ യാന്‍സന്‍, അര്‍ഷ്ദീപ് സിംഗ്, ലോക്കി ഫെര്‍ഗൂസണ്‍, യുസ്വേന്ദ്ര ചഹല്‍.
ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ഡെവണ്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, വിജയ് ശങ്കര്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, നൂര്‍ അഹമ്മദ്, മുകേഷ് ചൗധരി.