ഐപിഎല്ലിന്റെ മെഗാ താരലേലം വരാനിരിക്കവെ ടീമുകളുടെ റീട്ടെന്‍ഷന്‍ പോളിസിയെക്കുറിച്ച് ബിസിസിഐ ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും അഞ്ചു താരങ്ങളെ പരമാവധി ഓരോ ടീമിനും നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് ദേശീയ മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണ്‍ വരെയുണ്ടായിരുന്ന ആര്‍ടിഎം കാര്‍ഡ് വഴി താരങ്ങളെ ലേലത്തില്‍ തിരികെ വാങ്ങാനുള്ള ഓപ്ഷന്‍ ഇത്തവയുണ്ടാവില്ലെന്നാണ് വിവരം. അതിനു പകരമാണ് ലേലത്തിനു മുമ്പ് തന്നെ പരമാവധി അഞ്ചു താരങ്ങളെ നിര്‍ത്താനുള്ള ഓപ്ഷന്‍ നല്‍കുക.
വമ്പന്‍ താരനിരയുള്ള വലിയ ടീമുകള്‍ക്കു ഇതു ഗുണം ചെയ്യുമ്പോള്‍ ചില ഫ്രാഞ്ചൈസികള്‍ക്കു ഇതു ക്ഷീണമാവുകയും ചെയ്യും. തങ്ങളുടെ കോര്‍ ഗ്രൂപ്പിനെ അടുത്ത സീസണിലും നിലനിര്‍ത്താന്‍ മുന്‍നിര ടീമുകളെ ഈ നീക്കം സഹായിക്കും. അഞ്ചു പേരെ അടുത്ത സീസണിലേക്കു നിലനിര്‍ത്താനുള്ള ഓപ്ഷന്‍ ലഭിക്കുകയാണെങ്കില്‍ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്താനിടയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

മൂന്നു പേര്‍ ഉറപ്പിച്ചു
സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ടീമിനു മികച്ച താരനിരയാണ് നിലവിലുള്ളത്. 2022ലെ ഐപിഎല്ലില്‍ ടീമിനെ റണ്ണറപ്പാക്കിയതും കഴിഞ്ഞ സീസണില്‍ ഫൈനലിനു തൊട്ടരികെ വരെയെത്തിച്ചതുമെല്ലാം ഇതു തന്നെയാണ്. പക്ഷെ അടുത്ത സീസണില്‍ റോയല്‍സിനു ഇതിനു കഴിയുമോയെന്നു കാത്തിരുന്നു കാണണം. കാരണം നിലവിലെ സ്‌ക്വാഡിലുള്ള ഭൂരിഭാഗം പേരെയും അവര്‍ക്കു കൈവിടേണ്ടതായി വരും. ഇവരില്‍ ചിലരെ മാത്രമേ മെഗാ ലേലത്തില്‍ തിരികെ വാങ്ങാന്‍ സാധിച്ചേക്കുകയുള്ളൂ.
റോയല്‍സ് ആദ്യം നിലനിര്‍ത്തുന്ന താരം നായകന്‍ സഞ്ജു തന്നെയായിരിക്കും. അതിനു ശേഷം അവരുടെ പ്രഥമ പരിഗണന ഇംഗ്ലണ്ട് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ ജോസ് ബട്‌ലറിനായിരിക്കും. കാരണം റോയല്‍സ് ബാറ്റിങ് നിരയുടെ നെടുംതൂണായി ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് അദ്ദേഹം.
ബട്‌ലര്‍ കഴിഞ്ഞാല്‍ റോയല്‍സ് നിലനിര്‍ത്തുന്ന മൂന്നാമന്‍ യുവ ഓപ്പണറും ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരവുമായ യശസ്വി ജയ്‌സ്വാളായിരിക്കും. വലിയ ഭാവിയുള്ള താരമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിരാട് കോലിക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ പോസ്റ്റര്‍ ബോയ് ആയും ജയ്‌സ്വാള്‍ മാറിയേക്കും. സഞ്ജു, ബട്‌ലര്‍, ജയ്‌സ്വാള്‍ എന്നിവര്‍ക്കു ശേഷം മാത്രമേ നിലനിര്‍ത്തേണ്ട ശേഷിച്ച രണ്ടു പേരെ കുറിച്ച് റോയല്‍സ് ആലോചിക്കാനിടുയുള്ളൂ.
അവസാന 2 പേര്‍ ആരൊക്കെ?
അവസാനത്തെ രണ്ടു പേരായി ആരെയൊക്കെ നിലനിര്‍ത്തണമെന്നതായിരിക്കും റോയല്‍സ് ടീം മാനേജ്‌മെന്റിനെ ഏറ്റവും കുഴപ്പിക്കുന്ന ചോദ്യം. വളരെ നന്നായി ആലോചിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂ.
സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍, ന്യൂസിലാന്‍ഡിന്റെ കിടു പേസര്‍ ട്രെന്റ് ബോള്‍ട്ട്, യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ്, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേല്‍, പേസര്‍ സന്ദീപ് ശര്‍മ തുടങ്ങിയ ഓപ്ഷനുകളാണ് പ്രധാനമായും റോയല്‍സ് പരിഗണിച്ചേക്കുക. ഇവരില്‍ നിന്നും രണ്ടു പേരെയാണ് റോയല്‍സ് തങ്ങള്‍ക്കൊപ്പം നിലനിര്‍ത്തിയേക്കുക.

2022ല്‍ റോയല്‍സിന്റെ ഭാഗമായതു മുതല്‍ സ്പിന്‍ ബൗളിങിന്റെ കുന്തമുനയായി മാറിയ താരമാണ് ചഹല്‍. മധ്യ ഓവറുകളില്‍ മാത്രമല്ല ഡെത്ത് ഓവറുകളിലും സഞ്ജു അദ്ദേഹത്തെ വളരെ മികച്ച രീതിയില്‍ ഉപയോഗിക്കുകയും ചെയ്യാറുണ്ട്. അതിനാല്‍ തന്നെ റോയല്‍സ് നിലനിര്‍ത്തുന്ന നാലാമത്തെ താരായി ചഹല്‍ മാറാനുള്ള സാധ്യതയും കൂടുതലാണ്.
അഞ്ചാമത്തെയും അവസാനത്തെയും താരമായി കിവിയുടെ സൂപ്പര്‍ പേസര്‍ ബോള്‍ട്ടിനെയാവും റോയല്‍സ് നിലനിര്‍ത്തിയേക്കുക. കാരണം ടീമിനു തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂകള്‍ നല്‍കാന്‍ അദ്ദേഹത്തിനുള്ള കഴിവ് എടുത്തു പറയേണ്ടതാണ്. പവര്‍പ്ലേയില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്തിട്ടുള്ള ബൗളര്‍മാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.
ബോള്‍ട്ടുണ്ടെങ്കില്‍ അടുത്ത സീസണില്‍ പേസ് ബൗളിങിന്റെ കാര്യത്തില്‍ റോല്‍സിന്റെ പകുതി തലവേദനയും കുറയുമെന്നുറപ്പാണ്. അങ്ങനെയെങ്കില്‍ പരാഗ്, ജുറേല്‍, സന്ദീപ് എന്നിവരെയെല്ലാം റോയല്‍സിനു ഒഴിവാക്കേണ്ടതായും വരും. എന്നാല്‍ മെഗാ ലേലത്തില്‍ വലിയ തുകയെറിഞ്ഞ് ഇവരില്‍ ചിലരെയെങ്കിലും തിരികെ വാങ്ങാന്‍ റോയല്‍സ് ശ്രമിച്ചേക്കും.