ഹൈദരാബാദ്: ഐപിഎല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള സൂപ്പര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ദയനീയ ഫീല്‍ഡിങ് പ്രകടനത്തിനെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട എസ്ആര്‍എച്ച് സ്‌ഫോടനാത്മ ബാറ്റിങിലൂടെ കൂറ്റന്‍ സ്‌കോറിലേക്കു കുതിക്കുകയാണ്. 11 ഓവറുകള്‍ കഴിയുമ്പോഴേക്കും അവര്‍ രണ്ടു വിക്കറ്റിന് 148 റണ്‍സിലെത്തിക്കഴിഞ്ഞു.
സഞ്ജു സാംസണിന്റെ അഭാവത്തില്‍ യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ് റോയല്‍സ് ടീമിനെ നയിക്കുന്നത്. ഫിറ്റ്‌നസ് പ്രശ്നങ്ങളെ തുടര്‍ന്നാണ് അദ്ദേഹം ആദ്യ മൂന്നു കളിയില്‍ നായകസ്ഥാനത്തു നിന്നും മാറിനിന്നത്. പകരം ഇംപാക്ട് സബ് പ്ലെയറുടെ റോളാണ് സഞ്ജുവിനുള്ളത്.

ദുരന്തമായി ഫീല്‍ഡിങ്
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ രാജസ്ഥാന്‍ റോല്‍സിന്റെ ഫീല്‍ഡിങ് പ്രകടനം ശരാശരിക്കും താഴെയായിരുന്നു. ഔട്ട് ഫീല്‍ഡില്‍ നിരവധി പിഴവുകളാണ് അവരുടെ ഭാഗത്തു നിന്നും സംഭവിച്ചത്. ഡബിള്‍ ലഭിക്കേണ്ടിയിരുന്ന പല സന്ദര്‍ഭങ്ങളിലും ഫീല്‍ഡിങ് പിഴവുകള്‍ കാരണം ബൗണ്ടറികള്‍ റോയല്‍സ് താരങ്ങള്‍ വിട്ടുകൊടുക്കുകയും ചെയ്തു. ഫീല്‍ഡിങില്‍ ഒട്ടം ഒത്തിണക്കമില്ലാത്തതു പോലെയാണ് റോയല്‍സ് ടീം കളിയിലുടനീളം കാണപ്പെട്ടത്.
ഏറ്റവും കുറഞ്ഞത് 15-20 റണ്‍സെങ്കിലും 15 ഓവറുകള്‍ക്കിടെ ഫീല്‍ഡിങിലെ അബദ്ധങ്ങള്‍ കൊണ്ടു മാത്രം റോയല്‍സ് ടീം ഈ കളിയില്‍ വിട്ടുകൊടുത്തിട്ടുണ്ട്. ക്യാച്ചുകളിലൂടെ വിക്കറ്റെടുക്കാനുള്ള ചില അര്‍ധാവസരങ്ങളും ഇതിനിടെ റോയല്‍സ് ടീം പാഴാക്കിയിരുന്നു. നിസ്സഹായനായി തല കുനിച്ചു നില്‍ക്കുകയല്ലാതെ റോയല്‍സ് നായകന്‍ റിയാന്‍ പരാഗിനു മറ്റൊന്നും ചെയ്യാനില്ലായിരുന്നു.
ആരാധകരോഷം
സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള കളിയില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ദയനീയ ഫീല്‍ഡിങ് പ്രകടനം അവരുടെ ആരാധകരെ ക്ഷുഭിതരാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിസല്‍ അവര്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളുമായി രംഗത്തു വരികയും ചെയ്തു. റോയല്‍സിന്റെ ഫീല്‍ഡിങ് കോച്ച് ദിഷാന്ത് യാഗ്നിക്കിനെയും ആരാധകര്‍ വെറുതെ വിട്ടില്ല.
രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഫീല്‍ഡിങ് പ്രകടനത്തെ ദുരന്തമെന്നല്ലാതെ മറ്റൊന്നും വിളിക്കാന്‍ സാധിക്കില്ല. പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ഫീല്‍ഡിങ് ഇതിലും ഭേദമാണ്. എവിടെ റോയല്‍സിന്റെ ഫീല്‍ഡിങ് കോച്ച് ദിഷാന്ത് യാഗ്നിക്ക്? ഇത്രയും ദുരന്തമായ വേറെയൊരു കോച്ച് കാണില്ല. ഉടന്‍ തന്നെ അദ്ദേഹത്തെ പുറത്താക്കൂയെന്നും റോയല്‍സ് ആരാധകര്‍ ആവശ്യപ്പെടുന്നു.

ബൗളിങില്‍ ദുരന്തം, ഫീല്‍ഡിങിലും ദുരന്തം. ഈ രാജസ്ഥാന്‍ റോയല്‍സ് ടീം ഇത്തവണ വന്‍ ഫ്‌ളോപ്പായി മാറുമെന്നുറപ്പാണ്. റോയല്‍സിന്റെ ഈ സീസണിലെ ബൗളിങ് കോമ്പിനേഷന്‍ തികഞ്ഞ പരാജയം തന്നെയാണ്. ഇപ്പോഴിതാ ഫീല്‍ഡിങിലും തങ്ങള്‍ വട്ടപ്പൂജ്യമാണെന്നു റോയല്‍സ് ടീം തെളിയിച്ചിരിക്കുകയാണെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.
രാജസ്ഥാന്‍ റോയല്‍സ് ടീം ഫീല്‍ഡിങില്‍ എന്താണ് കാണിക്കുന്നത്? ഇത്ര ദയനീയമായൊരു ഫീല്‍ഡിങ് പ്രകടനം അടുത്ത കാലത്തൊന്നും റോയല്‍സ് ടീമിന്റെ ഭാഗത്തു നിന്നും കണ്ടിട്ടില്ല. ഈ മല്‍സരത്തില്‍ റോയല്‍സ് തോല്‍ക്കുകയാണെങ്കില്‍ ബൗളിങ് നിര മാത്രമല്ല, ഫീല്‍ഡര്‍മാരും തീര്‍ച്ചയായും കുറ്റക്കാരാണെന്നും റോയല്‍സ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.