ഐപിഎല്ലിന്റെ കലാശപ്പോരാട്ടം ചൊവ്വാഴ്ച നടക്കാനിരിക്കെ ആരാവും ഇത്തവണ ചാംപ്യന്മാരാവുകയെന്നും പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ആര്‍ക്കു ലഭിക്കുമെന്നും പ്രവചിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ഡേവിഡ് വാര്‍ണര്‍. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ് ഇതിനകം ഫൈനലില്‍ സ്ഥാനമുറപ്പിച്ചിട്ടുള്ള ടീം. മുംബൈ ഇന്ത്യയും പഞ്ചാബ് കിങ്‌സും തമ്മിലുള്ള രണ്ടാം ക്വാളിഫയറെ വിജയികളാണ് ഫൈനലില്‍ അവര്‍ക്കൊപ്പം ചേരുക.
2016നു ശേഷം ആര്‍സിബിയുടെ ആദ്യത്തെ ഐപിഎല്‍ പ്രവേശനം കൂടിയാണ് ഈ സീസണിലേത്. നേരത്തേ കളിച്ചിട്ടുള്ള മൂന്നു ഫൈനലുകളിലും പരാജയം രുചിച്ചെങ്കിലും ഇത്തവണ ഭാഗ്യം തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന ശുഭപ്രതീക്ഷയിലാണ് രജത് പാട്ടിധാറും സംഘവും.

വാര്‍ണറുടെ പ്രവചനം
സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോടു സംവദിക്കവെയാണ് മുന്‍ ഐപിഎല്‍ വിന്നിങ് ക്യാപ്റ്റന്‍ കൂടിയായ ഡേവിഡ് വാര്‍ണര്‍ രണ്ടു വമ്പന്‍ പ്രവചനങ്ങള്‍ നടത്തിയിരിക്കുന്നത്. ആരാവും ഈ സീസണിലെ ഐപിഎല്‍ ചാംപ്യന്‍മാരാവുകയെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം.
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ് ഇത്തവണ കിരീടം നേടുകയെന്നാണ് താന്‍ കരുതുന്നതെന്നായിരുന്നു വാര്‍ണറുടെ മറുപടി. ആര്‍സിബി താരവും തന്റെ മുന്‍ ടീമംഗവും കൂടിയായ ജോഷ് ഹേസല്‍വുഡ് പ്ലെയര്‍ ഓഫ് ദി മാച്ചാവുമെന്നും അദ്ദേഹം പ്രവചിച്ചു.
കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ ഫൈനലിലും പ്ലെയര്‍ ഓഫ് ദി മാച്ചായത് ഒരു ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളറാണ്. എസ്ആര്‍എച്ചിനെ തകര്‍ത്തുവിട്ട് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ചാംപ്യന്‍മാരായപ്പോള്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് കളിയിലെ ഹീറോയാവുകയും ചെയ്തു.
2016ലെ ഐപിഎല്‍ ഫൈനലിനു ശേഷം ആര്‍സിബിയുടെ ആദ്യത്തെ കലാശപ്പോരാട്ടമാണ് ഇത്തവണത്തേത്. അന്നു വാര്‍ണര്‍ നയിച്ച എസ്ആര്‍എച്ചിനോടായിരുന്നു ആര്‍സിബിക്കു കാലിടറിയത്. വിരാട് കോലിയായിരുന്നു അന്നു ആര്‍സിബി ക്യാപ്റ്റന്‍.
ഹേസല്‍വുഡിന്റെ ഫോം
കഴിഞ്ഞ മെഗാലേലത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിലെത്തിയ ശേഷം തകര്‍പ്പന്‍ പ്രകടനമാണ് ജോഷ് ഹേസല്‍വുഡ് നടത്തിക്കൊണ്ടിരിക്കുന്നത്. ഭുവനേശ്വര്‍ കുമാറിനെ പിന്തള്ളി ആര്‍സിബിയുടെ പേസാക്രമണത്തിന്റെ കുന്തമുനയായി അദ്ദേഹം മാറിയിരിക്കുകയാണ്. സീസണില്‍ ഇതിനകം 11 മല്‍സങ്ങളിലാണ് ഹേസല്‍വുഡ് പന്തെറിഞ്ഞത്. 15.80 ശരാശരിയില്‍ 21 വിക്കറ്റുകള്‍ അദ്ദേഹം പോക്കറ്റിലാക്കുകയും ചെയ്തു.
തോളിലെ പരിക്കു കാരണം ചില മല്‍സരങ്ങള്‍ നഷ്ടമായെങ്കിലും പഞ്ചാബ് കിങ്‌സുമായുള്ള അവസാനത്തെ ക്വാളിഫയര്‍ വണ്‍ പോരാട്ടത്തില്‍ ഹേസല്‍വുഡ് ടീമില്‍ മടങ്ങിയെത്തിയിരുന്നു. മൂന്നു വിക്കറ്റുകളുമായി ആര്‍സിബിയുടെ വിജയത്തില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

കപ്പടിക്കുമോ ആര്‍സിബി ?
പുതിയ ക്യാപ്റ്റന്‍ രജത് പാട്ടിധാറിനു കീഴില്‍ ഗംഭീര പ്രകടനമാണ് ഈ സീസണിന്റെ തുടക്കം മുതല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു കാഴ്ചവയ്ക്കുന്നത്. മുന്‍ സീസണുകളില്‍ പലപ്പോഴും ബാറ്റിങിനെ മാത്രം ആശ്രയിച്ചായിരുന്നു ആര്‍സിബിയുടെ പ്രയാണം. ശക്തമായൊരു ബൗളിങ് ലൈനപ്പില്ലെന്നതു വലിയ മല്‍സരങ്ങളില്‍ അവര്‍ക്കു തിരിച്ചടിയാവുകയും ചെയ്തു.
എന്നാല്‍ ഇത്തവണ ശക്തമായ ബാറ്റിങ് നിരയ്‌ക്കൊപ്പം മൂര്‍ച്ചയേറിയ ബൗളിങ് ലൈനപ്പും ആര്‍സിബിക്കുണ്ട്. ഇതു വലിയ എതിരാളികള്‍ക്കെതിരേ അവര്‍ക്കു മുതല്‍ക്കൂട്ടാവുകയും ചെയ്യുന്നു. ദിവസങ്ങള്‍ക്കു മുമ്പ് ആദ്യ ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സിനെ നാണംകെടുത്താന്‍ ആര്‍സിബിയെ സഹായിച്ചതും ബൗളിങ് ആക്രമണമാണ്.
ശക്തമായ ബാറ്റിങ് ലൈനപ്പുള്ള പഞ്ചാബിനെ 15 ഓവറിനിടെ വെറും 101 റണ്‍സില്‍ ആര്‍സിബി എറിഞ്ഞിടുകയായുന്നു. 10 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ അനായാസം ആര്‍സിബി വിജയത്തിലെത്തുകയും ചെയ്തു.