ഐപിഎല്ലിന്റെ ഈ സീസണില്‍ പ്രതിഭാശാലികളായ നിരവധി ഇന്ത്യന്‍ യുവതാരങ്ങളാണ് ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നത്. 14കാരനായ വണ്ടര്‍കിഡ് മുതല്‍ ഇക്കൂട്ടത്തിലുണ്ട്. ഇവരില്‍ പലരെയും ഇന്ത്യന്‍ കുപ്പായത്തില്‍ വൈകാതെ പ്രതീക്ഷിക്കുകയും ചെയ്യാം. ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണറും വെടിക്കെട്ട് താരവുമായ വീരേന്ദര്‍ സെവാഗുമായി വളരെയധികം സാമ്യതയുള്ള ഒരാളെ ഇത്തവണ കണ്ടതായി തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന.
അതു രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാര ഓപ്പണറായ വൈഭവ് സൂര്യവംശിയല്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. മറിച്ച് തന്റെ മുന്‍ ടീം കൂടിയായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കൗമാര ഓപ്പണറായ ആയുഷ് മാത്രെയെയാണ് റെയ്‌ന വാനോളം പുകഴ്ത്തിയിരിക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി കഴിഞ്ഞ ദിവസം നടന്ന മല്‍സരശേഷമാണ് 17 കാരനെ അദ്ദേഹം പ്രശംസിച്ചത്.

മാത്രെ അടുത്ത വീരു
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ഓപ്പണറായി ഇറങ്ങിയ ശേഷം ആയുഷ് മാത്രെ നടത്തിയ പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ് സുരേഷ് റെയ്‌ന ജിയോഹോട്‌സ്റ്റാറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്ആര്‍എച്ചുമായുള്ള കളിയില്‍ ബാറ്റിങിനിടെ ആയുഷ് മാത്രെയുടെ കാലുകളും തലയുടെ പൊസിഷനുമൊന്നു നോക്കൂ. വീരു ഭായിക്കും (വീരേന്ദര്‍ സെവാഗ്) ഇതേ ശൈലിയാണ് ഉണ്ടായിരുന്നതെന്നു ഞാന്‍ ഓര്‍മിക്കുന്നു. ബാറ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ തല വളരെ നല്ല പൊസിഷനിലാണ് ഉണ്ടാവാറുള്ളതെന്നും റെയ്‌ന വ്യക്തമാക്കി.
മറ്റൊരു യുവതാരം ഷെയ്ഖ് റഷീദിനൊപ്പമാണ് ഈ മല്‍സരത്തില്‍ ആയുഷ് മാത്രെ ഓപ്പണറായി കളിച്ചത്. ഷെയ്ഖിനെ ആദ്യ ബോളില്‍ തന്നെ നഷ്ടമായെങ്കിലും വളരെ ഒഴുക്കോടെ അഗ്രസീവ് ബാറ്റിങുമായി മാത്രെ കൈയടി നേടി. 19 ബോളില്‍ ആറു ഫോറുകളടക്കം 30 റണ്‍സ് അടിച്ചെടുത്താണ് മാത്രെ മടങ്ങിയത്. 157.89 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.
പരിക്കു കാരണം സീസണിന്റെ മധ്യത്തോടെ പിന്‍മാറിയ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനു പകരാണ് മുംബൈയില്‍ നിന്നുള്ള ബാറ്റിങ് സെന്‍സേഷനായ മാത്രെയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലുള്‍പ്പെടുത്തിയത്. മുംബൈ ഇന്ത്യന്‍സുമായുള്ള തൊട്ടുമുമ്പത്തെ കളിയിലൂടെ താരം ഐപിഎല്ലില്‍ അരങ്ങേറുകയും ചെയ്തു.
വാംഖഡെയില്‍ നടന്ന കളിയില്‍ മൂന്നാം നമ്പറിലാണ് മാത്രെ ബാറ്റ് വീശിയത്. 15 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറുമടക്കം 32 റണ്‍സുമായി താരം വരവറിയിക്കുകയും ചെയ്തു. അതിനു ശേഷമാണ് എസ്ആര്‍എച്ചിനെതിരേയും വീണ്ടും മികച്ചൊരു ഇന്നിങ്‌സ് മാത്രെ കളിച്ചത്.

എല്ലാവരും പുകഴ്ത്തി
മുംബൈ ഇന്ത്യന്‍സുമായുള്ള തൊട്ടുമുമ്പത്തെ മല്‍സരശേഷം എല്ലാവരും ആയുഷ് മാത്രെയുടെ ബാറ്റിങ് പ്രകടനത്തെ പുകഴ്ത്തിയതിനെ പറ്റിയും സുരേഷ് റെയ്‌ന പറയുന്നു. മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കുമുള്ളവര്‍ മാത്രെയെ നേരിട്ട് പ്രശംസിച്ചിരുന്നു.
വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തിനു ശേഷം ആയുഷ് മാത്രെയെ സൂര്യകുമാര്‍ യാദവ് പ്രശംസിച്ചിരുന്നു. അതിനു ശേഷം രോഹിത് ശര്‍മ അവനോടു സംസാരിക്കുകയും ചെയ്തിരുന്നതായി റെയ്‌ന വ്യക്തമാക്കി.
ഐപിഎല്‍ കരിയര്‍ വളരെ നന്നായിട്ടു തന്നെയാണ് മാത്രെ തുടങ്ങിയിരിക്കുന്നത്. ആദ്യത്തെ രണ്ടു മല്‍സരങ്ങളില്‍ നിന്നും 31 ശരാശരിയില്‍ 182.35 സ്‌ട്രൈക്ക് റേറ്റില്‍ 62 റണ്‍സ് താരം നേടിക്കഴിഞ്ഞു. കഴിഞ്ഞ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ മുംബൈയ്ക്കായി തകര്‍പ്പന്‍ പ്രകടനമാണ് മാത്രെ നടക്കിയത്. ഏഴിന്നിങ്‌സുകളില്‍ നിന്നും 135 സ്‌ട്രൈക്ക് റേറ്റില്‍ 458 റണ്‍സ് കൗമാര താരം അടിച്ചെടുത്തു. രണ്ടു സെഞ്ച്വറികളും ഇതിലുള്‍പ്പെടും.