ഐപിഎല്ലിന്റെ വരാനിരിക്കുന്ന മെഗാലേലത്തിലെ ഏറ്റവും വലിയ കൂടിയ താരം ആരായിരിക്കുമെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ഈ മാസം 24, 25 തിയ്യതകളിലായിട്ടാണ് സൗദി അറേബ്യയിലെ ജിദ്ദയില്‍ താരലേലം നടക്കാനിരിക്കുന്നത്. ഇതിനകം 1574 കളിക്കാര്‍ ലേലത്തിനു വേണ്ട് പേര് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.
പത്തു ഫ്രാഞ്ചൈസികളായിരിക്കും ലേലത്തില്‍ താരങ്ങള്‍ക്കായി രംഗത്തിറങ്ങുക. പുതിയ സീസണിനു മുന്നോടിയായി അഞ്ചു ടീമുകള്‍ തങ്ങളുടെ മുന്‍ ക്യാപ്റ്റന്‍മാരെ കൈവിടുകയും ചെയ്തിരുന്നു. കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ നായകനായ ശ്രേയസ് അയ്യരും ഇക്കൂട്ടത്തിലുണ്ട്. റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, ഫാഫ് ഡുപ്ലെസി എന്നിവരാണ് ഒഴിവാക്കപ്പെട്ട മറ്റു ക്യാപ്റ്റന്‍മാര്‍.

വിലയേറിയ താരമാര്
സ്വന്തം യൂട്യൂബ് ചാനലില്‍ മെഗാ ലേലത്തെക്കുറിച്ച് വിലയിരുത്തവെയാണ് ഏറ്റവുമധികം വില ലഭിക്കുക ആര്‍ക്കായിരിക്കുമെന്നു ആകാശ് ചോപ്ര പ്രവചിച്ചത്. ശ്രേയസ് അയ്യരോ, കെഎല്‍ രാഹുലോയാവില്ല മറിച്ച് ഡല്‍ഹി ക്യാപ്പിറ്റല്‍സ് മുന്‍ നായകന്‍ റിഷഭ് പന്തിനായിരിക്കും ഏറ്റവും ഡിമാന്റെന്നാണ് ചോപ്രയുടെ പ്രവചനം.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമെന്ന ഓള്‍ടൈം റെക്കോര്‍ഡ് ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ പേരിലാണ്. കഴിഞ്ഞ ലേലത്തില്‍ 24.75 കോടിക്കു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് അദ്ദേഹത്തെ സ്വന്തമാക്കിയത്. വരാന്‍ പോവുന്ന മെഗാ ലേലത്തില്‍ ഈ റെക്കോര്‍ഡ് തകരുമെന്നാണ് ചോപ്രയുടെ നിരീക്ഷണം.
ഇത്തവണ മെഗാ ലേലത്തില്‍ ഏറ്റവും തുക ലഭിക്കുക റിഷഭ് പന്തിനായിരിക്കും. ഞാന്‍ ഇക്കാര്യം വീണ്ടും പറയുകയാണ്. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ കളിക്കാരന്‍ അവനായിരിക്കും. 25-26 കോടിക്കു മുകളില്‍ വരെ ലേലത്തില്‍ റിഷഭിനു ഉറപ്പായും ലഭിക്കുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
ലേലത്തില്‍ പ്രധാനമായും മൂന്നു ടീമുകളായിരിക്കും റിഷഭ് പന്തിനു വേണ്ടി ഇഞ്ചോടിഞ്ച് പോരടിക്കുക. ഇവയില്‍ രണ്ടു ടീമുകള്‍ പഞ്ചാബ് കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായിരിക്കും. പഞ്ചാബിന്റെ പഴ്‌സില്‍ 110 കോടി രൂപയും ആര്‍സിബിയുടെ കൈവശം 83 കോടി രൂപയും ശേഷിക്കുന്നുണ്ട്. ഒരുപാട് പണം പഴ്‌സില്‍ ബാക്കിയുള്ളതിനാല്‍ തന്നെ ഈ രണ്ടു ടീമുകളും റിഷഭിനായി അവസാനം വരെ പോരടിക്കുമെന്നും ചോപ്ര പ്രവചിക്കുന്നു.

ഡിസിയുടെ ഐക്കണ്‍ താരം
ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഐക്കണ്‍ താരമായാണ് റിഷഭ് പന്ത് വിലയിരുത്തപ്പെടുന്നത്. അദ്ദേഹത്തെ നായകസ്ഥാനത്തു നിലനിര്‍ത്തി പുതിയൊരു ടീമിനെ വാര്‍ത്തെടുക്കാനായിരിക്കും ഡിസിയുടെ നീക്കമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ എല്ലാവരെയും ഒരുപോലെ ഞെട്ടിച്ച് റിഷഭിനെ അവര്‍ കൈവിടുകയായിരുന്നു. ഇതോടെയാണ് ലേലത്തിന്റെ പൂളില്‍ താരം ഉള്‍പ്പെട്ടത്.
2016ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലൂടെ ഐപിഎല്‍ കരിയറിനു തുടക്കമിട്ട താരമാണ് റിഷഭ്. 111 മല്‍സരങ്ങളില്‍ താരം കളിക്കുകയും ചെയ്തിട്ടുണ്ട്. 35.31 ശരാശരിയില്‍ 148.93 സ്‌ട്രൈക്ക് റേറ്റില്‍ 3284 റണ്‍സാണ് റിഷഭിന്റെ സമ്പാദ്യം. 18 ഫിഫ്റ്റികളുള്‍പ്പെടെയാണിത്. പരിക്കു കാരം 2023ലെ ഐപിഎല്ലില്‍ നിന്നും പിന്‍മാറിയ അദ്ദേഹം ഈ വര്‍ഷം ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.
കഴിഞ്ഞ എഡിഷനില്‍ ടീമിന്റെ ടോപ്‌സ്‌കോററും കൂടിയായിരുന്നു റിഷഭ്. 13 മല്‍സരങ്ങളില്‍ നിന്നും 40.55 ശരാശരിയില്‍ മൂന്നു ഫിഫ്റ്റികളടക്കം 446 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. ഈ പ്രകടനം പിന്നാലെ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റോളും റിഷഭിനു സമ്മാനിച്ചിരുന്നു.