മൊഹാലി: ഇത്തവണ വലിയ മാറ്റങ്ങളോടെയെത്തുന്ന ടീമുകളിലൊന്നാണ് പഞ്ചാബ് കിങ്‌സ്. ഫൈനല്‍ കളിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കിരീടം നേടാന്‍ പഞ്ചാബിന് ഭാഗ്യമുണ്ടായിട്ടില്ല. ഇത്തവണത്തെ സീസണിന് മുമ്പ് വലിയ ഉടച്ചുവാര്‍ക്കല്‍ പഞ്ചാബ് ടീമില്‍ വരുത്തിയിട്ടുണ്ട്. ഒരാളെ മാത്രം നിലനിര്‍ത്തി മെഗാ ലേലത്തിനിറങ്ങിയ പഞ്ചാബ് മുഖ്യ പരിശീലകനായി റിക്കി പോണ്ടിങ്ങിനേയും നായകനായി ശ്രേയസ് അയ്യരേയും കൊണ്ടുവന്നു.
വീരേന്ദര്‍ സെവാഗും ആര്‍ അശ്വിനും യുവരാജ് സിങ്ങുമെല്ലാം മുട്ടുകുത്തിയ പഞ്ചാബിനെ കപ്പിലേക്കെത്തിക്കാന്‍ ശ്രേയസിനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. യുവത്വവും സീനിയോരിറ്റിയും ഉള്‍ക്കൊള്ളിച്ച് മികച്ച ടീമിനെ സൃഷ്ടിച്ചെടുക്കാന്‍ പഞ്ചാബിനായിട്ടുണ്ട്. ഇത്തവണ എല്ലാവരേയും ഞെട്ടിച്ച് കപ്പിലേക്കെത്താന്‍ ശേഷിയുള്ള നിരയാണ് പഞ്ചാബിന്റേതെന്ന് പറയാം. ഇപ്പോഴിതാ പഞ്ചാബ് താരങ്ങളോടൊപ്പമുള്ള ആദ്യ പരിശീലന സെക്ഷനുകള്‍ക്ക് ശേഷം ടീമിന്റെ ഭാവി താരം ആരാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് പോണ്ടിങ്.
ശ്രേയസ് അയ്യരേയും ടീമിലെ മറ്റ് പ്രമുഖരേയുമെല്ലാം തഴഞ്ഞ പോണ്ടിങ് സര്‍പ്രൈസ് താരത്തെയാണ് അടുത്ത പഞ്ചാബിന്റെ ഹീറോയായി തിരഞ്ഞെടുത്തത്. ഇത് ആരാണെന്ന് പരിശോധിക്കാം.
പ്രിയന്‍ഷ് ആര്യയാണ് ഭാവി ഹീറോ
പഞ്ചാബ് കിങ്‌സ് ഇത്തവണ വലിയ പ്രതീക്ഷയോടെ ടീമിലേക്ക് കൊണ്ടുവന്ന താരമാണ് പ്രിയന്‍ഷ് ആര്യ. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ തല്ലിത്തകര്‍ത്ത് കളിക്കുന്ന ബാറ്റ്‌സ്മാനാണ്. ഇതിനോടകം തന്റെ വെടിക്കെട്ട് ബാറ്റിങ് മികവ് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ ഒരോവറിലെ ആറ് പന്തുകളും സിക്‌സര്‍ പറത്തി എല്ലാവരേയും ഞെട്ടിച്ച താരമാണ് പ്രിയന്‍ഷ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മറ്റ് ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലും കൈയടി നേടാന്‍ പ്രിയന്‍ഷിന് സാധിച്ചിട്ടുണ്ട്.
'പ്രിയന്‍ഷ് ആര്യ വളരെ സവിശേഷതയുള്ള താരമായാണ് എനിക്ക് തോന്നുന്നത്. ഓപ്പണിങ്ങില്‍ വലിയ ഭാവിയുള്ളവനായി കരുതുന്നു. സൂര്യന്‍ഷ് ഷെഡ്‌ജെയാണ് മറ്റൊരു താരം. പരിശീലനത്തില്‍ മികച്ച പ്രകടനത്തോടെ ശ്രദ്ധ നേടിയെടുക്കാന്‍ അവനായിട്ടുണ്ട്. എനിക്ക് വളരെ രസകരമായി തോന്നിയ മറ്റൊരു താരം മുഷീര്‍ ഖാനാണ്. പ്രത്യേക മനോഭാവമുള്ള കളിക്കാരനാണവന്‍. ഇവരോടൊപ്പം പ്രവര്‍ത്തിക്കുന്നത് നന്നായി ആസ്വദിക്കുന്നുണ്ട്' പോണ്ടിങ് പറഞ്ഞു.

പ്രിയന്‍ഷ് ഓപ്പണറാവുമോ?
2.8 കോടി രൂപക്കാണ് പ്രിയന്‍ഷിനെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. ഓപ്പണറായ താരത്തെ ബാക്കപ്പായി പരിഗണിക്കാനാണ് സാധ്യത. പ്രഭ്‌സിംറാന്‍ സിങ്, ജോഷ് ഇന്‍ഗ്ലിസ് എന്നിവര്‍ക്കാവും പഞ്ചാബ് ഓപ്പണിങ്ങില്‍ കൂടുതല്‍ പിന്തുണ നല്‍കുക. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 325 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും ഉള്‍പ്പെടും. 176ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ പ്രിയന്‍ഷിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ യുവതാരത്തിന്റെ മികവിനെ എതിര്‍ ബൗളര്‍മാര്‍ ഭയക്കുക തന്നെ ചെയ്യണം.
മുഷീര്‍ ഖാന്‍ ടി20യില്‍ എത്രത്തോളം മികവ് കാട്ടുമെന്നത് കണ്ടറിയണം. പ്രമുഖര്‍ മാറ്റുരയ്ക്കുന്ന ഐപിഎല്ലില്‍ വലിയ പ്രകടനം നടത്താന്‍ അസാമാന്യ ബാറ്റിങ് മികവിനോടൊപ്പം മാനസികമായ ധൈര്യവും വളരെ പ്രധാനപ്പെട്ടതാണ്. പ്രിയന്‍ഷിനും മുഷീറിനുമെല്ലാം ഇത് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. എന്തായാലും ഇത്തവണയും പ്രതീക്ഷിക്കാത്ത ചില യുവതാരങ്ങള്‍ വെടിക്കെട്ട് പ്രകടനത്തോടെ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്. അതില്‍ ആരൊക്കെ ഉള്‍പ്പെടുമെന്നതാണ് കണ്ടറിയേണ്ടത്.
പഞ്ചാബിന് സജീവ കിരീട സാധ്യത
ഇത്തവണ വലിയ കിരീട സാധ്യതയോടെയാണ് പഞ്ചാബ് കിങ്‌സ് ഇറങ്ങുന്നത്. ശ്രേയസ് അയ്യര്‍ എന്ന നായകന്‍ തന്നെയാണ് ടീമിന്റെ വജ്രായുധം. കെകെആറിനെ കിരീടത്തിലേക്കെത്തിച്ച ശ്രേയസിന്റെ സമീപകാല ബാറ്റിങ് പ്രകടനങ്ങളെല്ലാം മികച്ചതാണ്. താരങ്ങള്‍ ഫോമിലേക്കെത്തിയാല്‍ ഇത്തവണ പഞ്ചാബിനെ പിടിച്ചുകെട്ടുക പ്രയാസമായിരിക്കും. വലിയ കിരീട സാധ്യത കല്‍പ്പിക്കുന്ന ടീമാണ് പഞ്ചാബ് കിങ്‌സെന്ന് നിസംശയം പറയാം.