ജിദ്ദ: ഐപിഎല്ലിന്റെ മെഗ താരലേലത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഏറ്റവും മികച്ച ഡീലിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മുഖ്യ കോച്ചും ന്യൂസിലാന്‍ഡിന്റെ മുന്‍ സ്റ്റാര്‍ സ്പിന്നറുമായ ഡാനിയേല്‍ വെറ്റോറി. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയടക്കം മികച്ച ചില താരങ്ങളെ ലേലത്തില്‍ സ്വന്തമാക്കാന്‍ എസ്ആര്‍എച്ചിനായിരുന്നു.
പക്ഷെ ഓറഞ്ച് ആര്‍മിയെ സംബന്ധിച്ച് ഏറ്റവും മികച്ച ഡീല്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷനെ ടീമിലെത്തിക്കാന്‍ കഴിഞ്ഞതാണെന്നാണ് വെറ്റോറി പറഞ്ഞിരിക്കുന്നത്. ലേലത്തിനു മുമ്പ് മുംബൈ ഇന്ത്യന്‍സ് കൈവിട്ട ഇഷാന്റെ അടിസ്ഥാന വില രണ്ടു കോടി രൂപയായിരുന്നു. എന്നാല്‍ 11.25 കോടിക്കാണ് ഇഷാനെ എസ്ആര്‍എച്ച് സ്വന്തമാക്കിയത്.

നട്ടുവിനെ കൈവിട്ടു
10 കോടി രൂപയ്ക്കു മുഹമ്മദ് ഷമിയെയും എട്ടു കോടി രൂപയ്ക്കു ഹര്‍ഷര്‍ പട്ടേലിനെയും ലേലത്തില്‍ വാങ്ങാനായെങ്കിലും യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റായ ടി നടരാജനെ കൈവിടേണ്ടി വന്നത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വലിയ നഷ്ടം തന്നെയാണെന്നു ഡാനിയേല്‍ വെറ്റോറി വെളിപ്പെടുത്തി.
നട്ടുവിന്റെ നഷ്ടം ഒന്നുകൊണ്ടും നികത്താന്‍ സാധിക്കില്ലെന്നാണ് വെറ്റോറി ചിരിയോടെ പറയുന്നത്. എല്ലാ ടീമുകള്‍ക്കും ഇതിലൂടെ കടന്നു പോവേണ്ടതായി വരും. ലേലത്തില്‍ തുടക്കത്തില്‍ തന്നെ ചില താരങ്ങളെ വാങ്ങണോ, അല്ലെങ്കില്‍ അവസാനം വരെ കാത്തിരിക്കണമോയെന്നു എല്ലാവരും ചിന്തിക്കുമെന്നും വെറ്റോറി പറഞ്ഞു.
ലേലത്തിന്റെ ആദ്യദിനത്തില്‍ മുഹമ്മദ് ഷമിയും ഹര്‍ഷല്‍ പട്ടേലും വന്നപ്പോള്‍ ഞങ്ങള്‍ ഒരു അവസരം തിരിച്ചറിയുകയും ഇരുവരെയും ടീമിലെത്തിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. രണ്ടു പേരും ഇത്രയും ഉയര്‍ന്നൊരു തുകയ്ക്കു ലേലത്തില്‍ വിറ്റുപോവുമെന്നു തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇഷാന്റെ ഡീല്‍
മെഗാ ലേലത്തില്‍ ഇഷാന്‍ കിഷനെ 12 കോടിയോളം രൂപ ചെലവഴിച്ച് ടീമിലെത്തിക്കാനായത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ സംബന്ധിച്ച് വലിയ ഡീല്‍ തന്നെയാണെന്നു ഡാനിയേല്‍ വെറ്റോറി വെളിപ്പെടുത്തി. ഇഷാന്‍ കിഷന്‍ ഞങ്ങളെ സംബന്ധിച്ച് വലിയ ഡീല്‍ തന്നെയാണ്.
അദ്ദേഹത്തെ ടീമിലേക്കു കൊണ്ടു വരാന്‍ ഞങ്ങള്‍ വളരെയധികം ആഗ്രഹിക്കുകയും ചെയ്തിരുന്നു. ലേലത്തില്‍ ഇഷാന് ഇതിനേക്കാള്‍ വലിയ തുക കിട്ടുമെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. അതുകൊണ്ടു തന്നെ 12 കോടി രൂപയില്‍ താഴെ മുടക്കി ഇഷാനെ വാങ്ങാനായതില്‍ ഞങ്ങള്‍ വളരെയധികം സന്തോഷത്തിലാണെന്നു വെറ്റോറി കൂട്ടിച്ചേര്‍ത്തു.
അതേസമയം, 2016ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ ഇഷാന്‍ കിഷന്‍ ഇതിനകം 105 മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ സമ്പാദ്യം 2644 റണ്‍സാണ്. 16 ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. 99 റണ്‍സാണ് ഇഷാന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍. 2020ലാണ് താരത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കണ്ടത്. 516 റണ്‍സ് ഇഷാന്‍ സീസണില്‍ അടിച്ചെടുത്തിരുന്നു.