IPL 2025: ഡല്‍ഹിയുടെ നായകന്‍ രാഹുലോ? സാധ്യതയില്ല! ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ
ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ നിരയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും ഇതുവരെ കപ്പിലേക്കെത്താന്‍ സാധിക്കാത്ത നിരയാണ് ഡല്‍ഹിയുടേത്. അവസാന സീസണില്‍ റിഷഭ് പന്തിന് കീഴില്‍ കളിച്ച ഡല്‍ഹി ഇത്തവണ വലിയ അഴിച്ചുപണികളോടെയാണ് എത്തുന്നത്. കെ എല്‍ രാഹുലിനെ ഡല്‍ഹി ടീമിലേക്ക് എത്തിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. പരിശീലകസ്ഥാനത്ത് നിന്ന് റിക്കി പോണ്ടിങ്ങിനെയടക്കം മാറ്റി വലിയ അഴിച്ചുപണിയാണ് ഡല്‍ഹി നടത്തിയിരിക്കുന്നത്.
റിഷഭ് പന്ത് ടീം വിട്ടതോടെ ആരാവും ഡല്‍ഹിയുടെ പുതിയ നായകനെന്നതാണ് എല്ലാവരുടേയും പ്രധാന ചോദ്യം. ഫഫ് ഡുപ്ലെസിസ്, ഹാരി ബ്രൂക്ക്, കെ എല്‍ രാഹുല്‍, അക്ഷര്‍ പട്ടേല്‍ എന്നിവരൊക്കെയാണ് നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിലെ പ്രധാനികള്‍. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര ഡല്‍ഹിയുടെ നായകനായി കെ എല്‍ രാഹുല്‍ എത്താന്‍ സാധ്യതയില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ്.
അക്ഷറാവും ഡല്‍ഹി നായകന്‍
ഡല്‍ഹി ക്യാപിറ്റല്‍സ് നായകസ്ഥാനത്തേക്ക് കെ എല്‍ രാഹുല്‍ എത്താന്‍ സാധ്യതയില്ലെന്നും ക്യാപ്റ്റനാവാന്‍ കൂടുതല്‍ സാധ്യത അക്ഷര്‍ പട്ടേലിനാണെന്നുമാണ് ആകാശ് ചോപ്ര പറയുന്നത്. ഡല്‍ഹി മെഗാ ലേലത്തിന് മുമ്പ് നിലനിര്‍ത്തിയ താരമാണ് അക്ഷര്‍ പട്ടേല്‍. സ്ഥിരതയോടെ ഓള്‍റൗണ്ട് പ്രകടനം നടത്താന്‍ അക്ഷര്‍ പട്ടേലിന് സാധിക്കും. അക്ഷറിന് ഡ്രസിങ് റൂമില്‍ ബഹുമാനം ലഭിക്കുന്നുണ്ട്.
സീനിയര്‍ താരമെന്ന നിലയിലും ഡല്‍ഹി മാനേജ്‌മെന്റിന്റെ വിശ്വസ്തനെന്ന നിലയിലും അക്ഷറിന് ടീമിനെ മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവുണ്ടെന്നാണ് ആകാശ് ചോപ്ര പറയുന്നത്. 'ആരാവും ഡല്‍ഹിയുടെ നായകന്‍?. കെകെആറിനെപ്പോലെയാണ് ഡല്‍ഹിയുടെ അവസ്ഥയും. എന്നാല്‍ കൂടുതല്‍ സാധ്യത അക്ഷര്‍ പട്ടേലിനാണ്. അവനെ നായകനായി ഞാന്‍ ഇതുവരെ പരിഗണിച്ചിരുന്നില്ല.
എന്നാല്‍ ഇത്തരമൊരു അവസരം മുന്നില്‍ നില്‍ക്കുമ്പോള്‍ അക്ഷറിനെ ക്യാപ്റ്റനാക്കണം. അവന്‍ അണ്ടര്‍ റേറ്റഡായിട്ടുള്ള താരമാണ്. വളരെ പക്വതയുള്ള കളിക്കാരനാണ്. മുന്നില്‍ നിന്ന് ടീമിനെ നയിക്കാനുള്ള കഴിവുള്ളവനും ഉത്തരവാദിത്തം ഏറ്റെടുക്കുന്നവനുമാണ്' ആകാശ് ചോപ്ര പറഞ്ഞു.

രാഹുലിനെ ക്യാപ്റ്റനാക്കുന്നത് മണ്ടത്തരം
കെ എല്‍ രാഹുലിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നത് മണ്ടന്‍ തീരുമാനമാണ്. സീനിയര്‍ താരമാണ് രാഹുലെങ്കിലും അദ്ദേഹത്തിന്റെ ടി20യിലെ സ്‌ട്രൈക്ക് റേറ്റ് മോശമാണ്. ഓപ്പണറായോ ടോപ് ഓഡറിലോ ഇറങ്ങുന്ന രാഹുല്‍ പവര്‍പ്ലേയില്‍ ടീം സ്‌കോറിനെ പിന്നോട്ടടിക്കുന്ന ബാറ്റ്‌സ്മാനാണ്. അവസാന സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പം രാഹുല്‍ പല തവണ മെല്ലപ്പോക്ക് ബാറ്റിങ് നടത്തി. ആദ്യ ഓവര്‍ മെയ്ഡനാക്കാന്‍ പോലും മടികാട്ടാത്ത താരമാണ് രാഹുലെന്ന് പറയാം.
അതുകൊണ്ടുതന്നെ രാഹുലിനെ നായകസ്ഥാനത്തേക്ക് കൊണ്ടുവരുന്നത് ഒരിക്കലും ടീമിന് ഗുണകരമായിരിക്കില്ല. രാഹുലിനെ പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ കസറാന്‍ വിടുകയാണ് വേണ്ടത്. അല്ലാത്ത പക്ഷം രാഹുലിന് കൂടുതല്‍ സമ്മര്‍ദ്ദം നേരിടേണ്ടി വരികയും ടീമിന്റെ പ്രകടനത്തെയാകെ അത് ബാധിക്കുകയും ചെയ്യുന്ന അവസ്ഥ വരും. ഇതൊഴിവാക്കാന്‍ രാഹുലിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തുന്നതാണ് നല്ലത്.
അക്ഷറിന് അവസരം നല്‍കാം
സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേലിന് അര്‍ഹിച്ച അംഗീകാരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് തന്നെ പറയാം. ഇന്ത്യന്‍ ടീമില്‍ രവീന്ദ്ര ജഡേജയുടെ നിഴലായി ഒതുങ്ങിപ്പോയ അക്ഷര്‍ നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള കളിക്കാരനാണ്. അതുകൊണ്ടുതന്നെ ഐപിഎല്ലിലെ നായകസ്ഥാനം അദ്ദേഹം അര്‍ഹിക്കുന്നുണ്ടെന്ന് തന്നെ പറയാം. ഇത്തവണ അക്ഷര്‍ പട്ടേലിന് ഡല്‍ഹി നായകസ്ഥാനം നല്‍കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. ഫഫ് ഡുപ്ലെസിസിനെ നായകസ്ഥാനത്തേക്കെത്തിക്കാന്‍ ഡല്‍ഹി തയ്യാറായേക്കില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ സാധ്യത അക്ഷറിനാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications